സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 20 September 2016

മുഹമ്മദ് നബി(സ) ഭാഗം 3




بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


           മുഹമ്മദ് നബി(സ)  


               


മുഹമ്മദ് നബി(സ) ഭാഗം 1

മുഹമ്മദ് നബി(സ) ഭാഗം 2


മുസ്‌ലിംകളിൽ  ചിലർ അബിസീനിയയിലേക്ക്  പാലായനം ചെയ്യുകയും അവരവിടെ നിർഭയരായി ജീവിക്കുകയും ചെയ്യുന്നു. ഖുറൈശികളിലെ ധീരരും പുലികുട്ടികളുമായിരുന്ന ഹംസ(റ)യും ഉമറും(റ) ഇസ്‌ലാമിലേക്ക് കടന്നുവന്നതോടെ മക്കയിൽ അവശേഷിച്ചിരുന്ന മുസ്ലിംകൾ ശക്തിപ്പെടുകയും അവരുടെ ഇസ്സത്ത് വർദ്ദിക്കുകയും ചെയ്തു. നബി(സ) പ്രബോധന ദൗത്യം മുറപോലെ നിർവഹിക്കുന്നു. പിതൃവ്യൻ അബൂത്വാലിബ്  നബി(സ)ക്കു വേണ്ട എല്ലാ  സംരക്ഷണവും നൽകുന്നു. ഹാശിമിന്റെയും  മുത്വലിബിന്റെയും സന്താനങ്ങൾ അദ്ദേഹത്തിന്  പിന്തുണ നൽകുന്നു. അങ്ങനെ അബൂത്വലിബിന്റ്റെ നിർദ്ദേശപ്രകാരം അവർ നബി(സ)യെയും വിശ്വാസികളെയും ഖുറൈശികളുടെ അക്രമങ്ങളിൽ നിന്ന് തടയുന്നതിനായി ശിഅ്ബ്  അബീത്വാലിബിൽ പ്രവേശിച്ചു. അതേത്തുടർന്ന് ഹാശിമിന്റെയും മുത്വലിബിന്റെയും  സന്താനങ്ങൾക്കെതിരെ ഊര് വിലക്ക് നടപ്പാക്കാൻ ഖുറൈശികൾ ഒന്നടങ്കം തീരുമാനിച്ചു. അതിന്റെ ഭാഗമായി വധിക്കാൻ മുഹമ്മദി(സ)നെ ഏല്പിച്ചുതരുന്നതുവരെ അവരുമായി ആരും സഹകരിക്കരുതെന്നും അവരുമായി സംസാരിക്കുവാനോ കൂടിയിരിക്കുവാനോ ഇടപാടുകൾ നടത്തുവാനോ വിവാഹബന്ധം സ്ഥാപിക്കുവാനോ പാടില്ലെന്നും അവർ പരസ്പരം ഉടമ്പടി ചെയ്തു. ഈ കാര്യങ്ങളെല്ലാം ഒരു ഏടിൽ എഴുതി കഅ്ബയുടെ ഉള്ളിൽ ബന്ധിച്ചു. (സീറത്തുൽ ഹലബിയ്യ : 1 / 337 ,അൽബിദായത്തുവന്നിഹായ : 3 / 98 -101 , ദലാഇലുൽ ബൈഹഖി : 2 / 311 - 314 , ഇബ്നുഹിശാം : 1 / 372 , അൽമാവാഹിബുല്ലദുന്നിയ്യ: 1 / 247 , ത്വബഖാതുഇബ്നുസഅ്ദ് : 1 / 208  )
      നബി(സ)ക്ക്  പ്രവാചകത്വം ലഭിച്ചതിന്റെ ഏഴാം വര്ഷം മുഹർറം ഒന്നിനായിരുന്നു ഖുറൈശികൾ ഇത്തരമൊരു തീരുമാനം എടുത്തത്. (ഫത്ഹുൽ ബാരി: 7 / 192 )
      നബി(സ)ക്ക്  അന്ന് 46 വയസ്സ് പ്രായമായിരുന്നു. (സീറത്തുൽ ഹലബിയ്യ: 7 /  192 )
      
      ശിഅ്ബ്  അബീത്വാലിബിൽ അബൂലഹബ് ഒഴികെയുള്ള ഹാശിമിന്റെയും മുത്വലിബിന്റെയും സന്താനങ്ങൾ മുഴുവനും ഉപരോധിക്കപ്പെട്ടു. അബൂലഹബ് ഖുറൈശികളുടെ പക്ഷം ചേരുകയായിരുന്നു. മറ്റുള്ള വിശ്വാസികളെല്ലാം അബിസീനിയയിലേക്ക്  പാലായനം ചെയ്തു. മൂന്ന് വർഷക്കാലം വിശ്വാസികൾ ഏറെ പ്രയാസപ്പെട്ട്  ആ മലഞ്ചൊരുവിൽ കഴിച്ചുകൂട്ടി. ഭക്ഷണവും വെള്ളവും അവർക്കു തടയപ്പെട്ടു. അങ്ങാടിയിലേക്കുള്ള വഴികൾ അവർക്കു വിച്ഛേദിക്കപ്പെട്ടു.വളരെ രഹസ്യമായി മാത്രമേ അവർക്ക്  ഭക്ഷണസാധനങ്ങൾ എത്തിയിരുന്നുള്ളു. ഒരു ദിവസം രാത്രി ഹകീമുബ്‌നുഹിസാം തന്റെ അമ്മായി കദീജാബീവി(റ ) ക്ക്  ഭക്ഷണവുമായി പോകുന്നത് അബൂജഹ്‌ലിന്റെ  ശ്രദ്ധയിൽ പെടുകയും അവനത് തടയുകയും ചെയ്തു. (ഇബ്നു ഹിശാം: 1 / 375 -476 )

     വിശപ്പിന്റെ കാഠിന്യത്താൽ മരത്തിന്റെ ഇലകളായിരുന്നു അവർ ഭക്ഷിച്ചിരുന്നത്. വിശപ്പിന്റെ ഗൗരവത്താൽ അവരുടെ മക്കൾ വാവിട്ട്  കരയുന്നത് ആ ഭാഗത്തുനിന്ന് കേൾക്കാമായിരുന്നു. അങ്ങനെ അക്രമകാരിയും ബന്ധം വിച്ഛേദിക്കുന്നതുമായ ഈ ഏടിനോട് ഖുറൈശികൾക്ക്  മൊത്തം വെറുപ്പാവുകയും ഈ ഏട്  അവർ തന്നെ പൊളിക്കുകയും ചെയ്തു. ഏട് പരിശോദിച്ചു നോക്കുമ്പോൾ 'ബിസ്മികല്ലാഹുമ്മ' എന്നതൊഴികെ മറ്റെല്ലാം ചിതൽ തിന്നതായി അവർക്ക്  കാണാൻ സാധിച്ചു. മന്സ്വൂറുബ്നു ഇക്‌രിമയായിരുന്നു  ഈ ഏട് എഴുതിയുണ്ടാക്കിയത്. അതുകാരണം അവന്റെ കൈ കുഴഞ്ഞുപോയി. നുബുവ്വത്തിന്റെ പത്താം വര്ഷത്തിലായിരുന്നു അവർ ഏട് പൊളിച്ചത്. (സീറത്തുൽ ഹലബിയ്യ : 1 / 337 , അൽമാവാഹിബുല്ലദുന്നിയ്യ : 1 / 261 , ഫത്ഹുൽ ബാരി: 7 / 192 )

       ഹാശിമിന്റെയും  മുത്വലിബിന്റ്റെയും സന്തങ്ങൾ ശിഅ്ബിലേക്ക്  പ്രവേശിച്ചത് ഖുറൈശികൾ പുറപ്പെടുവിച്ചതുകൊണ്ടാണോ  അതല്ല നബി(സ)യുടെ സംരക്ഷണം ലക്ഷ്യമാക്കി അവർ സ്വയം പുറപ്പെട്ടതായിരുന്നുവോ എന്നതിൽ വീക്ഷണാന്തരമുണ്ട്. ഒന്നാം വീക്ഷണ പ്രകാരം അബ്‌സീനിയയിലേക്കുള്ള  രണ്ടാം യാത്ര അവർ ശിഅ്ബിൽ പ്രവേശിച്ചതിന് ശേഷമായിരുന്നു. രണ്ടാം വീക്ഷണ പ്രകാരം രണ്ട്  പാലായനങ്ങളും  അവർ ശിഅ്ബിൽ പ്രവേശിക്കുന്നതിന്ന്  മുമ്പായിരുന്നു. രണ്ടാം വീക്ഷണമാണ് പ്രബലം. അബൂത്വാലിബ്   നേതാവായിരിക്കെ ഇവരെ അവർ പുറത്താക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. മാത്രമല്ല അവർ ശിഅ്ബിൽ പ്രവേശിച്ചത്  നുബുവ്വത്തിന്റെ ഏഴാം വർഷത്തിലും ഒന്നാം ഹിജ്‌റ അഞ്ചാം വര്ഷം റജബിളലുമായിരുന്നല്ലോ. മൂന്ന് മാസം മാത്രമാണ് അവർ അബ്‌സീനിയയിൽ താമസിച്ചത്. അങ്ങനെ അതേവർഷം റമളാനിൽ അവർ മക്കയിലേക്കുതന്നെ തിരിക്കുകയായിരുന്നു. 

     നബി(സ) ശിഅ്ബ്  അബീത്വാലിബിൽ നിന്ന്  പുറപ്പെട്ടതിനുശേഷം നജ്റാനിലെ ക്രിസ്ത്യാനികളിൽപെട്ട ഒരു സംഘം നബി(സ)യെ സമീപിച്ചു. ഇരുപതോളം വരുന്ന ഇവർ നബി(സ)യെക്കുറിച്ചുള്ള വിവരം അബ്‌സീനിയയിൽ  നിന്ന് കേട്ടിരുന്നു. ഖുർആൻ കേട്ടപ്പോൾ അവർ കരയുകയും അവരുടെ ഗ്രൻഥത്തിൽ  സന്തോഷവാർത്തയറിയിക്കപ്പെട്ട പ്രവാചകൻ തന്നെയാണ് ഇതെന്ന് ബോധ്യപ്പെട്ടപ്പോൾ അവർ നബി(സ)യെക്കൊണ്ട്  വിശ്വസിക്കുകയും ചെയ്തു. നബി(സ)യുടെ വിവരവുമായി വരാനായി അവരുടെ ജനനത അയച്ചവരായിരുന്നു ഇവർ. പെട്ടെന്ന് വിശ്വസിച്ചതിന്റെ പേരിൽ അബൂജഹ്ൽ അടക്കമുള്ള ഒരു സംഘം അവരെ ആക്ഷേപിച്ചപ്പോൾ അവർ പ്രതികരിച്ചതിങ്ങനെ: "നമ്മുടെ പ്രവർത്തനം നമുക്കും നിങ്ങളുടേത് നിങ്ങൾക്കുമാണ്. നിങ്ങൾക്ക്  രക്ഷയുണ്ടാവട്ടെ, വിവരമില്ലാത്തവർ നാം അന്വേഷിക്കുന്നില്ല". (ദലാഇലുന്നുബുവ്വ : 2 / 306 )

    നബി(സ)ക്ക്  പ്രവാചകത്വം ലഭിച്ചതിന്റെ പത്താം വർഷം  റമളാൻ  12 -ന്  നബി(സ)ക്ക്  താങ്ങും തണലുമായിരുന്ന അബൂത്വാലിബ്  ഇഹലോകവാസം വെടിഞ്ഞു. അതിന്റെ മൂന്നു ദിവസത്തിനുശേഷം നബി(സ)യുടെ പ്രിയതമയും തണലുമായിരുന്ന മഹതിയായ ഖദീജാബീവി(റ )യും വഫാത്തായി. ഹിജ്‌റയുടെ മൂന്നുവർഷം മുമ്പായിരുന്നു ഇത്. നബി(സ) അന്ന് 49  വയസ്സും 6  മാസവും  പ്രായമായിരുന്നു. ഇവരുടെ വിയോഗം നബി(സ)യെ അക്ഷരാർത്ഥത്തിൽ ദുഖത്തിലാഴ്ത്തി . അങ്ങനെ നബി(സ) ആ വർഷത്തെ 'ആമുൽ ഹുസ്ൻ' (ദുഖത്തിന്റെ വർഷം ) എന്ന് വിളിക്കുകയുണ്ടായി. കാരണം മഹതിയായ ഖദീജ() നബി(സ)യുടെ പ്രഥമഭാര്യയും ഇബ്‌റാഹീം(റ) ഒഴികെയുള്ള സന്താനങ്ങളുടെ മാതാവും ആദ്യം ഇസ്‌ലാം സ്വീകരിച്ചവരുമാണ്. നബി(സ)യെ കൊണ്ട്  വിശ്വസിച്ച മഹതി നബി(സ)ക്ക്  നിർഭയത്വം നൽകുകയും ശരീരം കൊണ്ടും സമ്പത്തുകൊണ്ടും നബി(സ)യെ സഹായിക്കുകയും ചെയ്തു. ഇസ്‌ലാമിന് സത്യത്തിന്റെ മന്ത്രിയായിരുന്നു അവർ. (ഇബ്നു ഹിശാം: 2 / 25 )

     അബൂത്വാലിബാവട്ടെ  ബാഹ്യമായി ഖുറൈശികളുടെ മതത്തിൽ നിലകൊള്ളുന്നതോടപ്പം ഇസ്‌ലാം പ്രചരിപ്പിക്കുന്നതിൽ നബി(സ)ക്ക്  ശക്തമായ താങ്ങും തണലുമായിരുന്നു. ആത്മാർത്ഥമായി നബി(സ)യെ അദ്ദേഹം പ്രിയം വെച്ചിരുന്നു. എല്ലാ വിധ ശത്രുക്കളിൽ നിന്നും നബി(സ)ക്ക്  സംരക്ഷണവും അദ്ദേഹം നൽകിയിരുന്നു. അദ്ദേഹത്തിൻറെ കവിതയിലെ ഒരു വാരി ഇങ്ങനെ വായിക്കാം: 



സാരം :
   അല്ലാഹുവാണ്  സത്യം : ഞാൻ മരിക്കുന്നതുവരെ താങ്കളിലേക്ക്  സംഘടിച്ച്  വന്നെത്താൻ അവർക്കാവില്ല. (ഫത്ഹുൽ  ബാരി : 7 / 194 ) 

   അബൂത്വാലിബിന്റെ വിയോഗ ശേഷം ഖുറൈശികളിൽ നിന്ന് പലതരത്തിലുള്ള ഉപദ്രവങ്ങളും നബി(സ)ക്ക്  സഹിക്കേണ്ടിവന്നു. ചില നബി(സ)യുടെ തലയിൽ മണ്ണ് വാരിയിട്ടു. തലയിൽ മണ്ണുമായി വീട്ടിലെത്തിയ നബി(സ)യുടെ തലയിൽ നിന്ന് പുത്രിമാരിലൊരാൾ മണ്ണ് കഴുകിക്കൊടുക്കുകയും ആ ചെയ്തിയുടെ പേരിൽ കരയുകയും ചെയ്തു. (അൽബിദായത്തുവന്നിഹായ : 3  155 )

    ചിലർ നബി(സ)യുടെ പാത്രത്തിൽ മാലിന്യങ്ങൾ നിക്ഷേപിച്ചു. (അൽബിദായവന്നിഹായ : 3 /156 ) 

     നബി(സ)   അ്ബയുടെ സമീപത്തുവെച്ച്  നിസ്കരിക്കുമ്പോൾ ഉഖ്ബത്തുബ്നു അബീ മുഐത്വ വന്ന്  നബി(സ)യുടെ വസ്ത്രം പിരടിയിൽ കുടുക്കിക്കെട്ടി. അബൂബക്ർ സിദ്ദീഖ് (റ) വന്ന്  അവന്റെ രണ്ട്  ചുമലിൽ പിടിച്ച്  അവനെ തള്ളിമാറ്റി ഇപ്രകാരം ചോദിച്ചു: " രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന്  സന്മാർഗ്ഗവുമായി വരികയും ചെയ്ത ഒരാളെ നിങ്ങൾ വധിക്കുകയാണോ?". (ബുഖാരി: 3678 )

     നബി(സ) നിസ്കരിച്ചുകൊണ്ടിരിക്കുമ്പോൾ നബി(സ)യുടെ പിരടിയിൽ ചവിട്ടാനായി അബൂജഹ്ൽ വന്നു. അപ്പോൾ നബി(സ)ക്കും അവനുമിടയിൽ മറസ്ഥാപിക്കപ്പെട്ടു. (അൽബിദായ : 3 / 156 )

    അബൂജഹ്‌ലും  അനുയായികളും കഅ്ബയുടെ പരിസരത്ത്  ഇരിക്കുമ്പോൾ നബി(സ) അവിടെവെച്ച്  നിസ്കരിക്കുകയായിരുന്നു. ഇന്നലെ അറുത്ത ഒരു ഒട്ടകത്തിന്റെ കുടൽമാല അതിന്റെ  പരിസരത്തുണ്ടായിരുന്നു. അബൂജഹ്ൽ ചോദിച്ചു: മുഹമ്മദ്(സ) സുജൂദ് ചെയ്യുമ്പോൾ ആ കുടൽ മാല കൊണ്ടുവന്നു  മുഹമ്മദ്(സ)ന്റെ കഴുത്തിൽ ചാർത്താൻ തയ്യാറുള്ളവൻ  ആരുണ്ട്? അതുകേട്ടപ്പോൾ ഉഖ്ബത്തുബ്നു അബീമുഐത്വ  വേഗത്തിൽ പോയി ആ കൃത്യം നിർവ്വഹിച്ചു. അതുകണ്ട്  അവർ പൊട്ടിച്ചിരിച്ചു. നബി(സ) സുജൂദിൽ തന്നെ കിടന്നു. നബി(സ)യുടെ ഓമനപുത്രി ഫാത്വിമ(റ ) വന്ന്  അതെടുത്ത്  മാറ്റിയതിനുശേഷമാണ്  നബി(സ) സുജൂദിൽ നിന്ന്  തല ഉയർത്തിയത്. നിസ്കാരത്തിൽ നിന്ന്  വിരമിച്ചപ്പോൾ നബി(സ) മൂന്ന് പ്രാവശ്യം അവർക്കെതിരിൽ ഇപ്രകാരം പ്രാർത്ഥിച്ചു. 


   നബി(സ)യുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു. മേൽപ്പറയപ്പെട്ട ഏഴുപേരും ബദർ യുദ്ധത്തിൽ വധിക്കപ്പെട്ടു. ഉമയ്യത്തുബ്നുഖലഫല്ലാത്ത ആറുപേരെയും ബദ്റിലെ ഒരു പൊട്ടക്കിണറിൽ തള്ളപ്പെട്ടു. ഉമയ്യത്ത് തടിയുള്ളവനായതിനാൽ വലിച്ചപ്പോൾ അവന്റെ ശരീരം ചിന്നിച്ചിതറി. (ബുഖാരി: 2934 , മുസ്‌ലിം : 109 )

      അബൂത്വാലിബിന്റെ വിയോഗശേഷം ഖുറൈശികൾ നബി(സ)യെ പലതരത്തിലും ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ നബി(സ) ത്വാഇഫിലെ സഖീഫ് ഗോത്രക്കാരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനും പ്രബോധനരംഗത്ത്  അവരുടെ സഹായം ആവശ്യപ്പെടാനുമായി അവിടേക്കു പോയി. അങ്ങനെ അവരുടെ നേതാക്കന്മാരായ അംറുബ്നു ഉമൈറിന്റെ അബ്ദുയാലീൽ , മസ്ഊദ് , ഹബീബ് എന്നിവരുമായി നബി(സ) സംഭാഷണം നടത്തി. എന്നാൽ അവർ നബി(സ)യെക്കൊണ്ട് വിശ്വസിച്ചില്ല. മറിച്ച്  നബി(സ)യെ അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്തു. അപ്പോൾ ഞാനിവിടെ വന്ന വിവരം നിങ്ങൾ ഖുറൈശികളെ  അറിയിക്കരുതെന്ന്  നബി(സ) അവരോടാവശ്യപ്പെട്ടു. എന്നാൽ അതിനും അവർ തയ്യാറായില്ല. മറിച്ച്  കുട്ടികളെകൊണ്ടും മറ്റുപോയത്തക്കാരെക്കൊണ്ടും നബി(സ)യെ ചീത്തവിളിപ്പിക്കുകയും കല്ലെറിയുകയുമാണ് അവർ ചെയ്തത്. അങ്ങനെ നബി(സ)യുടെ കാലിൽ നിന്ന്  രക്തം ഒലിക്കാൻ തുടങ്ങി. നബി(സ) ക്ഷീണിച്ച്  അവശരായി റബീഅയുടെ മക്കളായ ഉത്ബത്തിന്റെയും ശൈബത്തിന്റെയും ഒരു തോട്ടത്തിൽ ഇരുന്നു. നബി(സ) ഒരു വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന്  അല്ലാഹുവോട് സുദീർഘമായ പ്രാർത്ഥിച്ചു. (ഇബ്നു ഹിശാം: 2 /  28 -30 )

   സഖീഫ് ഗോത്രക്കാരിൽ നിന്ന് നബി(സ) നേരിട്ട മർദ്ദനങ്ങൾ തോട്ടത്തിന്റെ ഉടമകളായ ഉത്ബത്തും ശൈബത്തും കണ്ടിരുന്നു. അവർ ഇരുവരും നബി(സ)യുടെ ശത്രുക്കളാണെങ്കിലും നബി(സ)യോട് അവർക്ക്  കാരുണ്യം തോന്നുകയും ഒരു പാത്രത്തിൽ മുന്ത്രിയുമായി  അവരുടെ ക്രിസ്ത്യൻ അടിമയായ അദാസിനെ നബി(സ)യിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. ഈ ഹാദിയ്യയിൽ നിന്ന് നബി(സ) 'ബിസ്മില്ലാഹ്' ' എന്ന് ചൊല്ലി ഭക്ഷിച്ചു. ഈ വാചകം ഈ അടിമയെ വല്ലാതെ അത്ഭുതപ്പെടുത്തി. അദാസ് ചോദിച്ചു: അല്ലാഹുവാണ് സത്യം. ഇങ്ങനെ ഈ നാട്ടുകാർ പറയാറില്ലല്ലോ. നബി(സ) തിരിച്ചുചോദിച്ചു: അദാസ് ! നീ ഏതുനാട്ടുകാരനാണ് , നിന്റെ മതം  ഏതാണ്? . അദാസ്  പ്രതിവചിച്ചു: ഞാൻ ക്രിസ്ത്യാനിയാണ്. എന്റെ നാട് നീനുവയാണ് . നബി(സ) തിരിച്ചുചോദിച്ചു: യൂനസുബ്നുമതായുടെ നാട്ടുകാരൻ  അല്ലെ? അദാസ്  ചോദിച്ചു: യൂനസുബ്നുമതായെക്കുറിച്ച്   താങ്കൾക്ക്  എന്തറിയും?. നബി(സ) പ്രതിവചിച്ചു: അത് എന്റെ സഹോദരനാണ്. അദ്ദേഹം പ്രവാചകനായിരുന്നു. ഞാനും പ്രവാചകനാണ്. ഇതുകേട്ടപ്പോൾ അദാസ്  നബി(സ)യുടെ ശിരസും കൈകളും കാൽപാദങ്ങളും ചുംബിച്ചു . പിന്നീട് തന്റെ രണ്ട്  യജമാനന്മാരിലേക്ക് തിരിച്ചുചെന്ന്  അദാസ്  പറഞ്ഞു: "എന്റെ യജമാനന്മാരെ! ഭൂമിയിൽ ഇവരേക്കാൾ ഉത്തമമായ മറ്റൊന്നുമില്ല. നബിമാത്രം അറിയുന്ന ചിലകാര്യങ്ങൾ  എന്നോട് അവർ സംസാരിച്ചിരിക്കുന്നു". അപ്പോൾ  അവർ അദാസിനോട് പറഞ്ഞു: മുഹമ്മദ് നിന്നെ നിന്റെ മതത്തിൽ നിന്ന് തിരിച്ചു കളയരുത്. നിശ്ചയം നിന്റെ മതമാണ് അവന്റെ മതത്തേക്കാൾ ഉത്തമം. (ഇബ്നു ഹിശാം: 2 / 30 -31, ഇബ്നുകസീർ : 3 / 158 )

നബി(സ) ത്വാഇഫിൽ നിന്ന്  മടങ്ങുമ്പോൾ  ഖർനുസ്സആലിബ്  എന്ന സ്ഥലത്തെത്തിയപ്പോൾ ജിബ്‌രീൽ(അ ) നബി(സ)യെ വിളിച്ച്  ഇപ്രകാരം പറഞ്ഞു: "നിശ്ചയം താങ്കളുടെ സമുദായം താങ്കളോട് പറഞ്ഞതും താങ്കളോട് പ്രതികരിച്ചതും അല്ലാഹു കേട്ടിരിക്കുന്നു. നിശ്ചയം താങ്കൾ ഉദ്ദേശിക്കുന്ന ശിക്ഷ അവർക്കു നൽകാനായി അല്ലാഹു മലകുൽജിബാലിനെ  (പർവതങ്ങളുടെ ചുമതലയുടെ മാലാഖ) നിയോഗിച്ചിരിക്കുന്നു". തുടർന്ന് മലകുൽജിബാൽ നബി(സ)യെ വിളിച്ച്  സലാം  ചൊല്ലി ഇപ്രകാരം പറഞ്ഞു: "നബിയേ! താങ്കളുദ്ദേശിക്കുന്നത് ചെയ്യാൻ എനിക്ക് നിർദ്ദേശം വന്നിരിക്കുന്നു. മക്കയിലെ രണ്ട്  പർവ്വതങ്ങൾ അവർക്കുമേൽ മറിക്കാൻ  താങ്കളുദ്ദേശിക്കുന്നപക്ഷം ഞാനതു ചെയ്യാം". അപ്പോൾ നബി(സ) പ്രതികരിച്ചു : "വേണ്ട, അല്ലാഹുവെ മാത്രം ആരാധിക്കുന്നവരെ അവരുടെ മുതുകുകളിൽ നിന്ന് അല്ലാഹു പുറപ്പെടുവിക്കുമെന്ന്  ഞാൻ പ്രതീക്ഷിക്കുന്നു". (സ്വഹീഹുൽ ബുഖാരി: 3231 )

     നബി(സ) 'നഖ്‌ല' എന്ന പ്രദേശത്തെത്തിയപ്പോൾ രാത്രി നിസ്കാരത്തിൽ മുഴുകി. അപ്പോൾ അൾജീരിയയിലെ നസ്വീബൈൻ പട്ടണത്തിലുള്ള ഏഴ് ജിന്നുകൾ നബി(സ)യുടെ സമീപത്തുകൂടി  കടന്നുവന്ന്  ഖുർആൻ ശ്രവിക്കുകയും നബി(സ)യെ കൊണ്ട് വിശ്വസിക്കുകയും ചെയ്തു. പിന്നീട് അവർ അവരുടെ കൂട്ടുകാരിലേക്ക്  തിരിച്ചുചെന്ന്  അവർക്കു  മുന്നറിയിപ്പ് നൽകി. ഇക്കാര്യം ഖുർആൻ വിവരിക്കുന്നതിങ്ങനെ:



     സാരം :
         "ജിന്നുകളില്‍ ഒരു സംഘത്തെ നാം താങ്കളുടെ അടുത്തേക്ക് ഖുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്‌.) അങ്ങനെ അവര്‍ അതിന് സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത് കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി".

     അപ്പോൾ നബി(സ) മനുഷ്യരിലേക്കെന്നപോലെ ജിന്നുകളിലേക്കും നിയോഗിക്കപ്പെട്ട പ്രവാചകരാണ് . ജിന്നുകളുടെ നിവേദകസംഘം പലപ്രാവശ്യവും നബി(സ)യെ സമീപിച്ചിട്ടുണ്ട്. അവയിലൊന്നായിരുന്നു ഇത്. (ഫത്ഹുൽ ബാരി: 7 / 171 , അല്മവാഹിബ് : 1 / 269 -271 )

   ആറു തവണ ജിന്നുകളുടെ സംഘം നബി(സ)യെ സമീപിച്ചിട്ടുണ്ടെന്ന്  ഹദീസുകളിൽ നിന്ന് വ്യക്തമാണ്. (ഖഫാജി അലൽബൈളാവി: 8 /  255 )

 
    അദാസിന്റെ സാക്ഷ്യവും ജിന്നുകളുടെ ആഗമനവും ത്വാഇഫിൽ നിന്ന് നേരിട്ട വിഷമങ്ങൾക്ക്  ശമനം നൽകി. എന്നാൽ നബി(സ)യോടുള്ള ഖുറൈശികളുടെ വിദ്വേഷവും മറ്റും വർദ്ദിച്ചുവരുന്ന സാഹചര്യമായതിനാൽ ഖുറൈശികളിലെ ഒരു പ്രധാനിയുടെ അഭയം നബി(സ)ക്ക്  അത്യാവശ്യമായിരുന്നു. അങ്ങനെ മത്വ്ഇമുബ്‌നു അദിയ്യ്  നബി(സ)ക്ക്  അഭയം നൽകിയശേഷമായിരുന്നു നബി(സ) മക്കയിൽ പ്രവേശിച്ചത്. അദ്ദേഹത്തിൻറെ അടുത്ത ഒരു രാത്രി താമസിച്ച്  പിറ്റേന്ന് രാവിലെ മത്വ്ഇമത്വ്ഇമും  മക്കളും സായുധരായി നബി(സ)യോടപ്പം കഅ്ബയുടെ സമീപത്തേക്ക് വന്നു. നബി(സ) കഅ്ബാലയം ത്വവാഫ് ചെയ്തു. വാഹനപ്പുറത്തിരുന്ന്  മത്വ് ഇമ്  ഇപ്രകാരം വിളിച്ചു പറഞ്ഞു: "ഖുറൈശീ സമൂഹമേ! നിശ്ചയം മുഹമ്മദിന് ഞാൻ അഭയം നൽകിയിരിക്കുന്നു. അതിനാൽ നിങ്ങളിൽ ഒരാളും അദ്ദേഹത്തെ അക്രമിക്കരുത് ". (അൽബിദായത്തുവന്നിഹായ : 3 / 159 , ത്വബഖാതു  ഇബ്നി സഅ്ദ് : 1 / 212 ) 


     നബി(സ) തന്റെ ആശയത്തിൽ അടിയുറച്ചു നിന്നും ക്ഷമിച്ചും പ്രബോധനരംഗം സജീവമാക്കികൊണ്ടിരുന്നു. പല അറബി ഗോത്രങ്ങളെയും ഇസ്‌ലാമിലേക്ക് ക്ഷണിക്കാൻ  ഹജ്ജിന്റെ സീസണുകൾ നബി(സ) ഉപയോഗപ്പെടുത്തി. അവർക്കുമുമ്പിൽ നബി(സ) ഇസ്‌ലാം പ്രദര്ശിച്ചപ്പോൾ നല്ലനിലയിൽ നബി(സ)യോട് പ്രതികരിച്ചവരും വളരെ മോശമായ നിലയിൽ പ്രതികരിച്ചവരും ഉണ്ടായിരുന്നു. ചില ഗോത്രക്കാർ നബി(സ)യുടെ കാലശേഷം അധികാരം അവർക്ക്  നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ നബി(സ) പ്രതിവചിച്ചു: "നിശ്ചയം അധികാരം അല്ലാഹുവിനുള്ളതാണ്. അതിനെ അല്ലാഹു ഉദ്ദേശിക്കുന്നിടത്ത് അവൻ ആക്കും". പ്രസിദ്ധരും ശ്രേഷ്ഠവാന്മാരുമായ ഏത് അറബി ഗോത്രക്കാർ മക്കയിൽ വരുന്നുണ്ടെന്ന്  കേട്ടാലും അവരെ സമീപിച്ച്  തൗഹീദിന്റെ സന്ദേശം നബി(സ) അവർക്കു മുമ്പിൽ  അവതരിപ്പിക്കാൻ നബി(സ) തയ്യാറായിരുന്നു. (ഇബ്നു ഹിശാം: 2 / 31 -37 )

     നബി(സ)ക്ക്  പ്രവാചകത്വം ലഭിച്ച്  12  വർഷം  പിന്നിട്ടു. യുക്തി പ്രയോഗിച്ചും സാരോപദേശം നൽകിയും പ്രസ്തുത കാലയളവിൽ നബി(സ) പ്രബോധനം  സജീവമാക്കിയിരുന്നു. ഈ കാലയളവിലാണ്  83 ഖുർആനിക സൂക്തങ്ങൾ അവതരിച്ചത്. (തഫ്‌സീർ ഖാസിൻ : 1 / 15 )

     തൗഹീദിലേക്കും വിഗ്രഹങ്ങൾ ഒഴിവാക്കുന്നതിലേക്കും അന്ത്യദിനത്തിലും പ്രതിഫലനാളിലും വിശ്വസിക്കുവാനും പ്രസ്തുത അധ്യായങ്ങൾ ജനങ്ങളെ ക്ഷണിച്ചു. അതോടപ്പം നീതി പുലർത്താനും ഗുണം ചെയ്യാനും നിസ്കാരം നിലനിർത്തുവാനും ചാർച്ച ബന്ധം പുലർത്താനും ഖുർആൻ അവരെ ഉദ്‌ബോധിച്ചു. വ്യക്തവും ലളിതവുമായ പ്രമാണങ്ങൾ നബി(സ) അവരുടെ മുമ്പിൽ അവതരിപ്പിച്ചു.

     എന്നാൽ നബി(സ)യെയും ഖുർആനിനേയും കളവാക്കുകയും വിശ്വാസികളെ ശിക്ഷിക്കുകയുമാണ് മക്കയിലെ ഖുറൈശികൾ ചെയ്തത്. അതിനുവേണ്ടി അവരുടെ എല്ലാ കഴിവുകളും അവർ വിനിയോഗിക്കുകയും സമ്പത്ത് ചെലവഴിക്കുകയും ചെയ്തു. എന്നാൽ അവരുടെ എല്ലാവിധ കുതന്ത്രങ്ങളും നിഷ്‌ഫലമാവുകയാണ് ചെയ്തത്. അല്ലാഹു പറയുന്നു:

 
    സാരം:
       "അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും ശരി . അവനാണ് സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും ശരി".

     നബി(സ)ക്കെതിരെ ശത്രുക്കൾ സ്വീകരിച്ച സമീപനങ്ങൾ ചുവടെപ്പറയുന്ന  കാര്യങ്ങളിൽ സംഗ്രഹിക്കാം:

     1 - പരിഹാസത്തിലും അവഹേളനത്തിലും തുടങ്ങി അക്രമത്തിൽ കലാശിച്ചു.

     2 - കവി, മാരണക്കാരൻ, ജ്യോൽസ്യൻ, ഭ്രാന്തൻ, കള്ളത്തരം നിർമ്മിച്ച് പറയുന്നവൻ എന്നൊക്കെ നബി(സ)യെ അവർ വിശേഷിപ്പിച്ചു. എന്നാൽ മേൽപ്പറഞ്ഞ ഒരു വിശേഷണവും നബി(സ)ക്കില്ലെന്നും മറിച്ച്  നബി(സ) ഏറ്റവും വലിയ ബുദ്ദിമാനും സത്യസന്ധനും വിശ്വസ്തനുമാണെന്നും അവർക്ക്  നന്നായി അറിയാമായിരുന്നു. നബി(സ)യെ അവർ 'അൽഅമീൻ' എന്ന് വിളിച്ചതും ഹജറുൽ അസ്‌വദ് തൽസ്ഥാനത്ത് നിക്ഷേപിക്കുന്നതിൽ നബി(സ)യുടെ തീരുമാനം അംഗീകരിച്ചതും വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാൻ നബി(സ)യെ ഏൽപ്പിച്ചതും അതുകൊണ്ടാണല്ലോ.

     3- റസൂലാണെന്ന്  പറഞ്ഞു ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞു നബി(സ)യെ തരം താഴ്ത്തി. "ഭക്ഷണം കഴിക്കാത്തയും അങ്ങാടിയിലൂടെ നടക്കാത്തയും ഒരു പ്രവാചകനേയും താങ്കൾക്കുമുമ്പ് നാം നിയോഗിച്ചിട്ടില്ല" (ഫുർഖാൻ: 20 ) എന്ന പ്രസ്താവനയിലൂടെ അല്ലാഹു അവർക്ക്  മറുപടി നൽകി.

     4 - ഖുർആൻ മുഹമ്മദിന്റെ സൃഷ്ടിയാണെന്ന് പറഞ്ഞു ഖുർആനെ ആക്ഷേപിച്ചു. അപ്പോൾ ഖഖുർആനോട്  തത്തുല്യമായ ഒരു ഗ്രൻഥം  കൊണ്ടുവരാനും പിന്നീട് അതിലെ പത്ത് അധ്യായങ്ങളോട് കിടപിടിക്കുന്നത്  കൊണ്ടുവരാനും പിന്നെ അതിലെ ഏറ്റവും ചെറിയ അധ്യായത്തോട് സമാനമായത് കൊണ്ടുവരാനും ഖുർആൻ അവരെ വെല്ലുവിളിച്ചു. എന്നാൽ അവർക്കതിന്  സാധിച്ചില്ല. മനുഷ്യരും ജിന്നുകളും ഒന്നടങ്കൽ അതിന് ശ്രമിച്ചാലും അത് സാധ്യമല്ലെന്ന്  ഖുർആൻ തുറന്ന്  പ്രഖ്യാപിക്കുകയും ചെയ്തു. (ഇസ്‌റാഅ്: 20 )

    5 - ഖുർആനിനെ നേരിടാൻ അവർക്ക്  കഴിയാതെ വന്നപ്പോൾ ഖുർആൻ ശ്രവിക്കുന്നതിൽ നിന്ന് ജനങ്ങളെ തടയാനും ഖുർആൻ പാരായണം ചെയ്യുമ്പോൾ ഒച്ചപ്പാടുകളുണ്ടാക്കാനും അവർ ശ്രമിച്ചു. അല്ലാഹു പറയുന്നു: 

  
 
  സാരം:
       "സത്യനിഷേധികള്‍ പറഞ്ഞു: നിങ്ങള്‍ ഈ ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കരുത്‌. അത് പാരായണം ചെയ്യുമ്പോള്‍ നിങ്ങള്‍ ബഹളമുണ്ടാക്കുക. നിങ്ങള്‍ക്ക് അതിനെ അതിജയിക്കാന്‍ കഴിഞ്ഞേക്കാം".

        നബി(സ) ഉറക്കെ ഖുർആൻ പാരായണം ചെയ്യുമ്പോൾ അത് കേൾക്കാതിരിക്കാൻ അവർ പിരിഞ്ഞുപോവുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിരുന്നു. കേൾക്കാനുദ്ദേശിക്കുന്നവർ കട്ട്  കേൾക്കുകയാണ് ചെയ്തിരുന്നത്. (ഇബ്നു ഹിശാം: 1 / 332 )

        6 - പ്രബോധനത്തിൽ നിന്ന്  നബി(സ)യെ തടയുകയോ അല്ലെങ്കിൽ വധിക്കാൻ വിട്ടുതരികയോ ചെയ്യാൻ അബൂത്വാലിബിനോട്  അവർ ആവശ്യപ്പെട്ടു. അത് രണ്ടിനും വിസമ്മതിച്ച അബൂത്വാലിബ്  തന്റെ കുടുംബത്തോട് നബി(സ)യെ സംരക്ഷിക്കാൻ ആവശ്യപ്പെട്ടു. അതേത്തുടർന്ന് നബി(സ) കുടുംബത്തിനെതിരിൽ ശത്രുക്കൾ ഊര് വിലക്ക് ഏർപ്പെടുത്തി. മൂന്നുവർഷക്കാലം  നീണ്ടുനിന്ന ഈ വിലക്ക് യാതൊരു പ്രയോജനവും ചെയ്തില്ല.

      7 - ഐഹികസുഖാഢംഭരങ്ങൾ വാഗ്ദാനം ചെയ്ത് ഖുറൈശികൾ അവരുടെ പ്രതിനിധിയെ നബി(സ)യിലേക്കയച്ചുനോക്കി. പ്രബോധനം നിർത്തിവെച്ച്  അവയിൽ ഏതെങ്കിലുമൊന്ന് നബി(സ) സ്വീകരിക്കുമെന്ന പ്രതീക്ഷ അവർക്കുണ്ടായിരുന്നു. എന്നാൽ അവയിൽ ഒന്നും സ്വീകരിക്കാൻ നബി(സ)  തയ്യാറായില്ല.മാത്രമല്ല ഖുർആനിൽ ആകർഷിച്ച്  പ്രതിനിധി  മടങ്ങി.

      8 - നള്റുബ്നുൽ ഹാരിസ് ,ഉഖ്ബത്തുബ്നു അബീ മുഐത്വ്  എന്നീ രണ്ടു പേരെ മദീനയിലെ ജൂതന്മാർക്ക്  ചില ചോദ്യങ്ങൾ പഠിപ്പിക്കുവാൻ അവർ പറഞ്ഞയച്ചു. നബി(സ)യെ ഉത്തരം മുട്ടിക്കലായിരുന്നു അവരുടെ ലക്‌ഷ്യം. അസ്വ് ഹാബുൽ കഹ്ഫ് , ദുൽഖർനൈനി, റൂഹ് എന്നീ മൂന്നുകാര്യങ്ങളെ കുറിച്ച്  നബി(സ)യോട് ചോദിക്കാൻ അവർ ജൂതന്മാർക്ക്  നിർദ്ദേശം നൽകി. അതിന്  മുഹമ്മദ് മറുപടി പറഞ്ഞാൽ അദ്ദേഹം നബിയാണ്. അല്ലാത്തപക്ഷം കള്ളത്തരം നിർമ്മിച്ച്  പറയുന്നയാളാണ് എന്ന് അവർ ജൂതന്മാരോട് പറയുകയും ചെയ്തു. അപ്പോൾ അവരുടെ ചോദ്യത്തിന് തൃപ്തികരമായ മറുപടി നൽകുന്ന ഖുർആൻ നബി(സ)ക്ക്  അവതരിച്ചു. (ഇബ്നു ഹിശാം: 1 / 320 - 322 )

       9 - ശത്രുക്കൾ പറഞ്ഞു: മുഹമ്മദേ വരൂ , നീ ആരാധിക്കുന്ന ദൈവത്തിന്  ഞങ്ങൾ ആരാധിക്കാം. ഞങ്ങളുടെ ദൈവങ്ങൾക്ക് നീയും ആരാധിക്കൂ. അങ്ങനെ ആരാധനയുടെ കാര്യത്തിൽ നമുക്ക്  പങ്കാളികളാവാം. നിന്റെ ദൈവമാണ് ഞങ്ങളുടെ ദൈവങ്ങളെക്കാൾ ഉത്തമമെങ്കിൽ ആ ദൈവത്തിന്റെ വിഹിതം ഞങ്ങൾക്കും ലഭിക്കുമല്ലോ. ഞങ്ങളുടെ ദൈവങ്ങളാണ് നിന്റെ ദൈവത്തെക്കാൾ ഉത്തമമെങ്കിൽ അവയുടെ വിഹിതം നിനക്കും ലഭിക്കുമല്ലോ. അപ്പോൾ കാഫിറൂൻ സൂറത്ത് അല്ലാഹു അവതരിപ്പിച്ചു.

       10 - അവരെ ദേഷ്യം പിടിപ്പിക്കുന്നതും വിഗ്രഹങ്ങളെ ആക്ഷേപിക്കുന്നതുമായ വചങ്ങൾ ഖുർആനിൽ നിന്ന് എടുത്തുകളയാൻ അവർ നബി(സ)യോടാവശ്യപ്പെട്ടു. അപ്പോൾ ഇനിപ്പറയുന്ന വചനം അവതരിച്ചു.



 സാരം :
       " (നബിയേ,) പറയുക: എന്‍റെ സ്വന്തം വകയായി അത് ഭേദഗതി ചെയ്യുവാന്‍ എനിക്ക് പാടുള്ളതല്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്‌. തീര്‍ച്ചയായും എന്‍റെ രക്ഷിതാവിനെ ഞാന്‍ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ പേടിക്കുന്നു".

              11 - നബി(സ)യുടെ സദസ്സിൽ നിന്ന്  ഖബ്ബാബ് (റ), അമ്മാർ (റ),സുഹൈബ് (റ) തുടങ്ങിയ പാവങ്ങളെ അകറ്റിനിർത്താൻ ശത്രുക്കൾ നബി(സ)യോട് ആവശ്യപ്പെട്ടു. നബി(സ)യുടെ സദ്ദസ്സിലേക്ക്  വരാനും നബി(സ) പറയുന്നത് കേൾക്കാനും ശത്രുക്കൾ വെച്ച ഒരു ഉപാധിയായിരുന്നു ഇത്. അങ്ങനെ ചെയ്തിട്ടെങ്കിലും ഖുറൈശികളിലെ പ്രധാനികൾ ഇസ്‌ലാം സ്വീകരിച്ചുവെങ്കിലോ എന്ന് മനസ്സിലാക്കി നബി(സ) അവരെ മാറ്റിനിർത്തിനോക്കി. പക്ഷെ ഫലമുണ്ടായില്ല.

            12 - നബി(സ)യുമായി ബന്ധപ്പെടുന്നതിൽ നിന്ന്  വരുന്നവരെയെല്ലാം ശത്രുക്കൾ തടഞ്ഞിരുന്നു. ദൗസ്‌  ഗോത്രക്കാരുടെ നേതാവായ  ത്വുഫൈലുബ്നു അംറ് മക്കയിൽ വന്നപ്പോൾ ഖുറൈശികളിലെ പ്രധാനികൾ അദ്ദേഹവുമായി ബന്ധപ്പെട്ട്  നബി(സ)യുമായി  ബന്ധപ്പെടുന്നത് തടയാൻ ശ്രമം നടത്തി. അങ്ങനെ നബി(സ)യുടെ ഒരു സംസാരവും കേൾക്കാതിരിക്കാൻ വേണ്ടി അദ്ദേഹം രണ്ട്  ചെവികളിൽ പഞ്ഞി നിറച്ചു. എന്നാൽ നബി(സ)യുടെ സംസാരം അദ്ദേഹത്തെ കേൾപ്പിക്കാൻ അല്ലാഹു  തീരുമാനിക്കുകയായിരുന്നു. നബി(സ) കഅ്ബയുടെ പരിസരത്ത് നിസ്കരിക്കുമ്പോൾ നബി(സ)യിൽ നിന്ന് നല്ല ഭംഗിയുള്ള സംസാരം അദ്ദേഹം കേൾക്കാനിടയായി. ചെവികളിൽ വെച്ച പഞ്ഞി എടുത്തുമാറ്റാൻ അത് അദ്ദേഹത്തെ പ്രേരിപ്പിച്ചു. അദ്ദേഹത്തിൻറെ മനസ്സ് അദ്ദേഹത്തോട് ഇപ്രകാരം മന്ത്രിച്ചു: 'അല്ലാഹുവാണ് സത്യം. നിശ്ചയം ഞാൻ ബുദ്ദിമാനും കവിയുമാണ്. നല്ലതും ചീത്തയും വേർത്തിരിച്ച്  മനസ്സിലാക്കാൻ എനിക്ക് സാധിക്കും. അതിനാൽ ഇദ്ദേഹം പറയുന്നത് കേൾക്കാൻ എനിക്ക് എന്തുതടസ്സമാണുള്ളത് ?. അദ്ദേഹം പറയുന്നത് നല്ലതാണെങ്കിൽ ഞാനത് സ്വീകരിക്കും. മോശമാണെങ്കിൽ ഞാനത് ഉപേക്ഷിക്കുകയും ചെയ്യും'.

          നിസ്കാരം കഴിഞ്ഞു നബി(സ) വീട്ടിലേക്ക്  പോയപ്പോൾ ത്വുഫൈൽ നബി(സ)യെ പിന്തുടർന്നു . വീട്ടിൽ പ്രവേശിച്ചപ്പോൾ നബി(സ) അദ്ദേഹത്തെ ഇസ്‌ലാമിലിക്ക് ക്ഷണിക്കുകയും ഖുർആൻ ഓതിക്കേൾപ്പിക്കുകയും ചെയ്തു. അപ്പോൾ ത്വുഫൈൽ (റ) പറഞ്ഞു: 'അല്ലാഹുവാണ് സത്യം. ഇതിനേക്കാൾ ഭംഗിയുള്ള ഒരു വാക്കും ഞാൻ കേട്ടിട്ടില്ല. ഇതിനേക്കാൾ നീതിയുള്ള ഒരു കാര്യവും ഞാൻ ശ്രവിച്ചിട്ടുമില്ല'. അങ്ങനെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ച്  ഇസ്‌ലാമിന്റെ പ്രോബോധകനായി തന്റെ ജനങ്ങളിലേക്ക് തിരിച്ചുപോയി. ഹിജ്റക്ക് ശേഷം ഖൈബറിൽവെച്ച്  അദ്ദേഹം നബി(സ)യെ സമീപിച്ചപ്പോൾ ദൗസ്‌  ഗോത്രത്തിൽ നിന്ന് 70 , 80  കുടുംബങ്ങൾ ഇസ്‌ലാം സ്വീകരിച്ചവരായി അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. (ഇബ്നു ഹിശാം: 1 407 -409 )

            13 - ഹജ്ജിന്റെ സീസണിൽ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നവരെ തടയുന്നതിനായി വിവിധ വഴികളിൽ അവർ ഇരുന്നു. വരുന്നവരോട് അവർ പറയും: 'ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു മാരണക്കാരൻ മക്കയിലുണ്ട്. അവനെ നിങ്ങൾ സൂക്ഷിക്കുക'. എന്നാൽ നബി(സ)യെക്കുറിച്ച്  എല്ലാ നാട്ടുകാരും അറിയാനുള്ള അവസരം സൃഷ്ട്ടികലായി മാത്രം അവരുടെ ഈ കുപ്രചരണം മാറി. 

            14 - ശരീരപ്രകൃതിയിലും സൽസ്വഭാവത്തിലും എല്ലാവരിൽനിന്നും വേറിട്ടുനിൽക്കുന്നവരായിരുന്നു നബി(സ). നബി(സ)യുടെ ജന്മത്തിലും വളർച്ചയിലും നടപടി ക്രമങ്ങളിലും മര്യാദയിലുമെല്ലാം വ്യക്തമായ ദൃഷ്ടാന്തങ്ങൾ പ്രകടമായിരുന്നു. പ്രവാചകത്വലബ്ധിക്കുമുമ്പും ശേഷവും നബി(സ)യിൽ നിന്ന് പ്രകടമായ അസാധാരണ സംഭവങ്ങൾ നിരവധിയാണ്. വിശുദ്ധ ഖുർആൻ ഏറ്റവും വലിയ അമാനുഷികസിദ്ദിയായി നബി(സ)ക്ക്  അവതരിക്കുകയും ചെയ്തു. ഇതെല്ലാം അവർ കണ്ടിട്ടും ചന്ദ്രൻ പിളർന്നു കാണണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നു. അപ്പോൾ ഈ ദൃഷ്ടാന്തവും നബി(സ) അവർക്കു കാണിച്ചു കൊടുത്തു. അപ്പോൾ അവർ പ്രതികരിച്ചതിങ്ങനെയായിരുന്നു: 'ഇത് അബുകബ് ശയുടെ മകൻ കാണിച്ച മാരണം മാത്രമാണ്. 

          നബി(സ)ക്ക്  മുലകൊടുത്ത ഹലീമാബീവി(റ)യുടെ ഭർത്താവാണ്  അബുകബ് ശ. അപ്പോൾ മുലകുടി ബന്ധത്താലുള്ള നബി(സ)യുടെ പിതാവാണദ്ദേഹം. നബി(സ)യെ ആക്ഷേപിക്കുമ്പോൾ അദ്ദേഹത്തിലേക്ക്  ചേർത്തിയാണ് നബി(സ)യെ അവർ വിളിച്ചിരുന്നത്. 

         ഇതുകൊണ്ട്  അവർ അവസാനിപ്പിച്ചില്ല. മറിച്ച്  യാതൊരു ന്യായവുമില്ലാതെ മറ്റു പല ദ്രിഷ്ട്ടാന്തങ്ങളും കാണിച്ചുകൊടുക്കാൻ നബി(സ)യോട് അവർ ആവശ്യപ്പെട്ടു. ഇസ്‌റാഅ് സൂറത്ത് 90 -93 വചനങ്ങളിൽ അല്ലാഹു അക്കാര്യം പരാമർശിച്ചിട്ടുണ്ട്. തെളിവ് കാണിക്കലോ സംശയദൂരീകരണമോ ആയിരുന്നില്ല ഇതിന്റെ പിന്നിൽ അവർക്കുണ്ടായിരുന്നു ലക്‌ഷ്യം. കാരണം ഏതൊരാൾക്കും മതിയാകുന്ന തെളിവുകൾ നബി(സ) അവർക്കു കാണിച്ചുകൊടുത്തിട്ടുണ്ട്. മറിച്ച്  പക്ഷപാതവും  സത്യത്തോടുള്ള എതിർപ്പും മത്സരവും അസൂയയുമായിരുന്നു അതിനവരെ പ്രേരിപ്പിച്ചത്. അവർക്കു എത്രമാത്രം അസൂയയുണ്ടായിരുന്നുവെന്ന്  അബൂജഹ്‌ലിന്റെ  പ്രതികരണത്തിൽ നിന്ന്  വ്യതമാണ്.

       നബി(സ) രാത്രി വീട്ടിൽ വെച്ച്  നിസ്കരിക്കുമ്പോൾ നബി(സ)യിൽ നിന്ന് കേൾക്കാനായി അബൂസുഫ്‌യാനും അബൂജഹ്‌ലും അഖ്‌നസുബ്നുശരീഖും ഒരു രാത്രി  പുറപ്പെട്ടു.ഓരോരുത്തരും ഓരോ സ്ഥലം പിടിച്ചു. അവരിൽ ഒരാളും മറ്റുള്ളവർ പുറപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. അങ്ങനെ നബി(സ)യുടെ ഖുർആൻ പാരായണം ശ്രവിച്ച്  അവർ മൂവരും രാത്രി കഴിച്ചുകൂട്ടി. പ്രഭാതമായപ്പോൾ അവർ വിട്ടുപിരിഞ്ഞു. എന്നാൽ മൂവരും തിരിച്ചുവന്നത് ഒരേ  വഴിയിലൂടെയായിരുന്നു.അങ്ങനെ അവർ പരസ്പരം ആക്ഷേപിക്കുകയും ഇനി ഇത് ആവർത്തിക്കരുതെന്ന് പരസ്പരം നിർദ്ദേശിക്കുകയും ചെയ്തു. എങ്കിലും  രണ്ടാം രാത്രിയും മൂന്നാം രാത്രിയും ഇത് തുടർന്നു. അങ്ങനെ നാലാം ദിവസം അഖ്‌നസ്  അബൂജഹ്‌ലിനെ  സമീപിച്ച്  ഇപ്രകാരം ചോദിച്ചു:


    

 സാരം:
     അബുൽഹകം! മുഹമ്മദിൽ നിന്ന്  കേട്ടതിനെക്കുറിച്ച്  താങ്കളുടെ അഭിപ്രായം എന്താണ് ?. അബൂജഹ്ൽ പ്രതികരിച്ചു: 'ഞങ്ങളും അബ്ദുമനാഫിന്റെ മക്കളും യോഗ്യതയിൽ മത്സരിക്കുകയായിരുന്നു. അങ്ങനെ അവർ ഭക്ഷണം നൽകിയപ്പോൾ ഞങ്ങളും ഭക്ഷണം നൽകി. അവർ ചുമട് കയറ്റിയപ്പോൾ ഞങ്ങളും ചുമട് കയറ്റി. അവർ കൊടുത്തപ്പോൾ ഞങ്ങളും കൊടുത്തു . അങ്ങനെ ഞങ്ങൾ പരസ്പരം കിടപിടിക്കുന്ന അവസ്ഥയെത്തിയപ്പോൾ അവർ പറഞ്ഞു. ആകാശത്തുനിന്ന്  ദിവ്യസന്ദേശം ലഭിക്കുന്ന പ്രവാചകൻ ഞങ്ങളുടെ കൂട്ടത്തിലുണ്ട് എന്ന്. ഇതുപോലുള്ളത്  ഞങ്ങൾ എത്തിക്കുന്നത് എപ്പോഴാണ്. അതിനാൽ അല്ലാഹുവാണ് സത്യം. ഒരിക്കലും ഞങ്ങൾ മുഹമ്മദിനെ വിശ്വസിക്കുകയില്ല'. (ഇബ്നു ഹിശാം: 1 / 338 , സുബുലുൽ ഹുദാ വർറശാദ് : 2 / 352 )

      നബി(സ)ക്കു പ്രവാചകത്വം ലഭിച്ചതിന്റെ പതിനൊന്നാം വര്ഷം  സുപ്രധാനമായ ഒരു സംഭവമാണ്  ഇസ്റാഉം മിഅ്റാജ് . അതിനെക്കുറിച്ച് വിശദമായി എന്റെ ബ്ലോഗിൽ വിവരിച്ചതാണ്. ആവർത്തിക്കുന്നില്ല.

       നബി(സ)ക്ക്  പ്രവാസികത്വം ലഭിച്ചതിന്റെ പതിനൊന്നാം വർഷം  മദീനയിൽനിന്ന്  ഹജ്ജിനുവന്ന ഖസ്‌റജ്  ഗോത്രത്തിൽപെട്ട ആറുപേരെ നബി(സ) കാണാനിടയായി. നബി(സ)അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും  ഖുർആൻ ഓതികേൾപ്പിക്കുകയും ചെയ്തു. അപ്പോൾ അവരിൽ ചിലർ ചിലരോട്  പറഞ്ഞു: അല്ലാഹുവാണ് സത്യം. "ജൂതന്മാർ നിങ്ങളെ ഭയപ്പെടുത്തിയിരുന്ന നബിയാണിത്. അതിനാൽ അവർ നിങ്ങൾക്ക്  അദ്ദേഹത്തിലേക്ക്  മുൻകടക്കരുത് ". (അൽബിദായത്തുവന്നിഹായ : 3 / 172 )

     അങ്ങനെ അവർ പറയാൻ കാരണം മദീനയിലെ ജൂതന്മാരും ഔസ് , ഖസ്‌റജ്  ഗോത്രക്കാരും തമ്മിൽ വല്ല യുദ്ദവുമുണ്ടാകുമ്പോൾ ജൂതന്മാർ അവരോടു ഇപ്രകാരം പറയുമായിരുന്നു : "നിശ്ചയം ഒരു പ്രവാചകൻ ഇപ്പോൾ നിയോഗിക്കപ്പെടും. ഞങ്ങൾ അദ്ദേഹത്തോട് പിൻപറ്റുകയും ആദ് ,ഇറം സമുദായങ്ങൾ യുദ്ദം ചെയ്തതുപോലെ അദ്ദേഹത്തിനൊപ്പം നിന്ന്  നിങ്ങളോട്  യുദ്ദം ചെയ്യുകയും ചെയ്യും ".

       ജൂതന്മാർ വേദഗ്രന്ഥത്തിന്റെയും വിജ്ഞാനത്തിന്റെയും വക്താക്കളും അറബികൾ ശിർക്കിന്റെയും വിഗ്രഹങ്ങളുടെയും വക്താക്കൾ ആയിരുന്നുവല്ലോ. ജൂതന്മാരുടെ ഈ പ്രസ്താവന ആ സംഘത്തെ ഇസ്‌ലാമിലേക്ക് വഴിനടത്തി. നബി(സ) അവരുമായി സംസാരിച്ചേയുള്ളു , അവർ നബി(സ)യെക്കൊണ്ട് വിശ്വസിക്കുകയും മദീനയിൽ ചെന്ന് നാട്ടിലുള്ളവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. അടുത്തവർഷം  ഹജ്ജിനുവരുമ്പോൾ കാണാമെന്ന്  നബി(സ)യോട് വാഗ്ദാനം ചെയ്താണ്  അവർ മദീനയിലേക്ക് തിരിച്ചത്. ( ഇബ്നു ഹിശാം : 2 / 38 , ഇബ്നുൽ അസീർ : 2 / 67 , ഇബ്നു സഅ്ദ് : 1 / 219 )

    അൻസ്വാരികളിൽ നിന്ന് ആദ്യമായി ഇസ്‌ലാം സ്വീകരിച്ച ആറു  പേർ   ഇവരാണ്. അസ്അദുബ്‌നു സുറാറ(റ), ഔഫുബ്നുൽ ഹാരിസ് (റ),റാഫിഉബ്നു മാലിക് (റ), ഖുത്വുബതുബ്നുആമിർ(റ),ഉഖ്ബത്തുബ്നുആമിർ(റ), ജാബിറുബ്നു അബ്ദില്ല(റ). (അൽമവാഹിബുല്ലദുന്നിയ്യ : 1 / 277 )

       ഇതോടെ മദീനയിൽ ഇസ്‌ലാം വ്യാപിക്കാൻ തുടങ്ങി. നബി(സ)യെ കുറിച്ച്  പറയപ്പെടാത്ത ഒരു വീടും മദീനയിൽ ഉണ്ടായിരുന്നില്ല. നബി(സ)ക്ക്  പ്രവാചകത്വം ലഭിച്ചതിന്റെ പന്ത്രണ്ടാം വര്ഷം ഹജ്ജിന്റെ സീസണിൽ മദീനയിൽ നിന്നുള്ള 12  പേർ  നബി(സ)യെ സമീപിച്ചു. അവരിൽ 10  പേർ  ഖസ്‌റജ്  ഗോത്രത്തിൽ പെട്ടവരും 2  പേർ ഒസ് ഗോത്രത്തിൽ പെട്ടവരുമായിരുന്നു. ഖസ്‌റജ് ഗോത്രത്തിൽപെട്ട പത്ത് പേരിൽ അഞ്ച് പേർ കഴിഞ്ഞവർഷം വന്നവരായിരുന്നു. അവരില്പെട്ട ജാബിറുബ്നുഅബ്ദില്ലാ(റ) ഈ വര്ഷം വന്നിരുന്നില്ല. ബാക്കിയുള്ള അഞ്ചുപേർ ഇവരാണ്. മുആദുബ്നുൽ ആരിസ് (റ), ദക് വാനുബ്നുഅബ്ദി ഖൈസ് (റ), ഉബാദതുബ്നുസ്സ്വാമിത് (റ), യസീദുബ്‌നു സഅ് ലബ(റ), അബ്ബാസുബ്നു ഉബാദ(റ) ഔസ് ഗോത്രത്തിൽ നിന്നുള്ള രണ്ടു പേർ അബുൽഹൈസമുതൈഹാൻ(റ), ഉവൈമുബ്നു സാഇദ(റ) എന്നിവരായിരുന്നു. (അൽമവാഹിബുല്ലദുന്നിയ്യ : 1  /278-279)

അങ്ങനെ അല്ലാഹുവോട് യാതൊന്നിനെയും പങ്ക് ചേർക്കുകയില്ലെന്നും കളവു നടത്തുകയില്ലെന്നും വ്യഭിചാരിക്കുകയില്ലെന്നും സന്താനങ്ങളെ വധിക്കുകയില്ലെന്നും കള്ളത്തരം നിർമ്മിച്ച് പറയുകയില്ലെന്നും നബി(സ)യോട് അവർ അഖബയിൽ വെച്ച് ഉടമ്പടി ചെയ്തു. നബി(സ) അവരോടു പറഞ്ഞു: "ഈ കരാർ നിങ്ങൾ പൂർത്തിയായി വീട്ടുന്നപക്ഷം നിങ്ങൾക്ക് സ്വർഗ്ഗമുണ്ട്. അതിൽനിന്ന് വല്ലതും ലംഗിക്കുന്നപക്ഷം നിങ്ങളുടെ കാര്യം അല്ലാഹുവിന്റെ പക്കലാണ്. അവനുദ്ദേശിക്കുന്ന പക്ഷം അവൻ പൊറുത്തുതരും. അവനുദ്ദേശിക്കുന്നപക്ഷം അവൻ ശിക്ഷിക്കുകയും ചെയ്യും". അവർക്ക് ഖുർആൻ ഓതിക്കൊടുക്കുവാനും ഇസ്‌ലാം പഠിപ്പിക്കാനുമായി മുസ്വഅബുബ്നു ഉമൈറി(റ)നെ നബി(സ) അവർക്കൊപ്പം പറഞ്ഞയക്കുകയും ചെയ്തു. (ഇബ്നു ഹിശാം: 2/39-42)
                  മദീനയിലെത്തിയ മുസ്വഅബു(റ)   അസ്അദുബ്‌നുസുറാറ(റ) യുടെ അടുത്ത് താമസിച്ചു. തുടർന്ന് അദ്ദേഹം ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാൻ തുടങ്ങി. അദ്ദേഹം മുഖേന നിരവധി പേർ ഇസ്‌ലാം സ്വീകരിച്ചു. സഅ്ദുബ്നു മുആദ് (റ), ഉസൈദുബ്നു ഹുളൈർ (റ), എന്നിവർ അദ്ദേഹം മുഖേന ഇസ്‌ലാം സ്വീകരിച്ചവരാണ്. അബ്ദുൽ അശ് ഹൽ  ഗോത്രക്കാരുടെ നേതാക്കന്മാരായിരുന്നു ഇരുവരും. അവർ ഇസ്‌ലാം സ്വീകരിച്ചതോടെ ഒരേ ദിവസം ആ ഗോത്രക്കാർ ഒന്നടങ്കം ഇസ്‌ലാം സ്വീകരിച്ചു. എന്നാൽ ആ ഗോത്രത്തിൽപ്പെട്ട അംറുബ്നുസാബിത് (റ) അന്ന് ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല. ഉഹ്ദ് യുദ്ദം നടക്കുന്ന ദിവസമാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. ആ യുദ്ധത്തിൽ അദ്ദേഹം രക്തസാക്ഷിയാവുകയും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും ചെയ്തു. അല്ലാഹുവിനുവേണ്ടി ഒരു സുജൂദ് പോലും അദ്ദേഹം ചെയ്തിട്ടില്ല. (അൽമവാഹിബുല്ലദുന്നിയ്യ: 1/281)

               മുസ്വ്അബു(റ) ഇസ്‌ലാമിക പ്രബോധനം തുടർന്ന്. തന്നിമിത്തം മുസ്‌ലിം സ്ത്രീപുരുഷന്മാരില്ലാത്ത ഒരു വീടുപോലും മദീനയിലെ അൻസ്വാരികളുടെ വീടുകളിൽ ഉണ്ടായിരുന്നില്ല. ഇസ്‌ലാമിന്റെ കാര്യം മാത്രമായിരുന്നു അവരുടെ ചർച്ചാവിഷയം.  

             
                 എന്നാൽ അബൂഖൈസുബ്നുൽ അസ്‌ലതും അനുയായികളും അന്ന് ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല. അദ്ദേഹം അദ്ദേഹത്തിൻറെ ജനതയിൽ ആദരണീയനും സത്യം പറയുന്നവനും ജാഹിലിയ്യത്തിലെ പുരോഹിതനുമായിരുന്നു. മുനാഫിഖുകളുടെ നേതാവ് അബ്ദുല്ലാഹിബ്നു ഉബയ്യ് ഇസ്‌ലാം സ്വീകരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടഞ്ഞു. പിന്നീട് അബൂഖൈസ് തന്റെ അനുയായികളെയും ഇസ്‌ലാമിൽ നിന്ന് തടഞ്ഞു. നബി(സ) മദീനയിൽ വന്ന് ബദറും ഉഹ്ദും ഖന്തഖ് ഉം കഴിയും വരെ ഇതേ അവസ്ഥ തുടർന്നു. പിന്നീട് അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും ഉറച്ച വിശ്വാസിയായി മാറുകയും ചെയ്തു. (ഇബ്നുൽ അസീർ: 2/68, ഇബ്നുകസീർ : 3/180-181, സീറത്തുൽ ഹലബിയ്യ : 2/14, ഇബ്നു ഹിശാം : 2/46)



           നബി(സ)ക്ക്  പ്രവാചകത്വം ലഭിച്ചതിന്റെ പതിമൂന്നാം വർഷം ദുൽഹജ്ജ് മാസത്തിൽ രണ്ടാം ഉടമ്പടി നടന്നു. ഈ ഉടമ്പടിയിൽ 75  പേർ  പങ്കെടുത്തു. 73  പുരുഷന്മാരും  രണ്ട്  സ്ത്രീകളും. ഇവരിൽ 11  പുരുഷന്മാർ ഔസ് ഗോത്രത്തിൽ നിന്നുള്ളവരും  ൬൨ പുരുഷന്മാരും രണ്ട്  സ്ത്രീകളും ഖസ്‌റജ്  ഗോത്രത്തിൽ നിന്നുള്ളവരുമായിരുന്നു. ക
അ്ബിന്റെ പുത്രി ഉമ്മുഅമാറ (റ)യും ബനൂസലിമ ഗോത്രത്തിൽപെട്ട അംറിന്റെ പുത്രി അസ്മാഉ (റ) മായിരുന്നു രണ്ട്  സ്ത്രീകൾ. (ഇബ്നുകസീർ: 3 / 192 - 194 , ഇബ്നു ഹിശാം: 2 / 63 -75 )  



     

         
           അയ്യാമുത്തശ്‍രീഖിലെ  നടുവിലെ ദിവസം അഖബയിൽ വരാമെന്നു നബി(സ)യോട്  അവർ വാഗ്ദാനം ചെയ്തിരുന്നു. ആ രാത്രി മുശ്രിക്കുകളുടെ കൂടെ കഴിച്ചുകൂട്ടിയ അവർ രാത്രിയുടെ മൂന്നിലൊന്നു പിന്നിട്ടപ്പോൾ സായുധരായ അഖബയിലേക്ക്   പുറപ്പെട്ടു. അബ്ബാസി(റ)ന്റെ കൂടെ നബി(സ) അഖബയിലെത്തി. അന്ന്  അബ്ബാസ്(റ) (ബാഹ്യമായി) ശത്രുപക്ഷത്തായിരുന്നു. എന്നിരുന്നാലും നബി(സ)ക്ക്  നൽകാനും മദീനക്കാർക്ക്  ശക്തിപകരാനും വേണ്ടി അദ്ദേഹവും നബി(സ)യുടെ കൂടെ വന്നു. മദീനാക്കാരോട്  ആദ്യം സംസാരിച്ചത്. അബ്ബാസാ (റ)യിരുന്നു. അദ്ദേഹം പറഞ്ഞു: "നിശ്ചയം നിങ്ങൾ അറിയുന്നതുപോലെ ഞങ്ങളിൽ നിന്നുള്ള ആളാണ്. അദ്ദേഹം യോഗ്യതയിലും സംരക്ഷണത്തിലുമാണ്   കഴിയുന്നത്. നിങ്ങളിലേക്ക് വരണമെന്നാണ് അദ്ദേഹം പറയുന്നത് . അതിനാൽ നിങ്ങൾ അദ്ദേഹത്തോട് നിങ്ങൾ പറയുന്ന കാര്യം പൂർത്തിയാക്കുമെന്നും ശത്രുക്കളിൽ നിന്ന് അദ്ദേഹത്തെ തടയണമെന്നും നിങ്ങള്ക്ക് അഭിപ്രായമുണ്ടെങ്കിൽ അങ്ങനെ ചെയ്യാം. ശത്രുക്കൾക്ക്  ഏല്പിച്ചുകൊടുക്കണമെന്നാണ്  അഭിപ്രായമെങ്കിൽ ഈ നിമിഷം അദ്ദേഹത്തെ നിങ്ങൾ കൈവെടിയുക, നിശ്ചയം അദ്ദേഹം യോഗ്യതയിലും സംരക്ഷണത്തിലുമാണ്". അപ്പോൾ അൻസ്വാറുകൾ പറഞ്ഞു: 'താങ്കൾ പറഞ്ഞത് ഞങ്ങൾ കേട്ടു '. പിന്നീട് നബി(സ)യിലേക്ക് തിരിഞ്ഞു നബി(സ)യോട് സംസാരിക്കാനും താങ്കൾക്കിഷ്ടമുള്ളത് തെരഞ്ഞെടുക്കാനും അവരാവശ്യപ്പെട്ടു. അപ്പോൾ നബി(സ) സംസാരിക്കാനും ഖുർആൻ ഓതിക്കേൾപ്പിക്കുകയും ഇസ്‌ലാം സ്വീകരിക്കാൻ  പ്രോത്സാഹനം നൽകുകയും ചെയ്തു. പിന്നീട് നബി(സ) അവരോടു പറഞ്ഞു: "നിങ്ങളുടെ സ്ത്രീകൾക്ക് കുട്ടികൾക്കും നിങ്ങൾ നൽകുന്ന സംരക്ഷണം എനിക്കും നൽകുന്നതിന്റെ മേൽ നിങ്ങളോടു ഞാൻ ഉടമ്പടി ചെയ്യുന്നു". അപ്പോൾ അവർ ചോദിച്ചു: 'ഉടമ്പടി പൂർത്തിയാക്കിയാൽ അതിനുപകരമായി ഞങ്ങൾക്ക്  എന്തുലഭിക്കും?'. നബി(സ) പ്രതിവചിച്ചു : "സ്വർഗ്ഗം". അപ്പോൾ അവർ നബി(സ)യോട് കൈനീട്ടാനാവശ്യപ്പെടുകയും നബി(സ) കൈനീട്ടി അവരോടു അതിന്റെ മേൽ ഉടമ്പടി ചെയ്യുകയും ചെയ്തു. അവരുടെമേൽ ജാമ്യക്കാരായി അവരിൽ നിന്ന് 12  പ്രധാനികൾ നബി(സ)തെരഞ്ഞെടുക്കുകയും ചെയ്തു. ഖസ്‌റജ്  ഗോത്രത്തിൽ നിന്ന്  9  പേരും ഔസ്  ഗോത്രത്തിൽ നിന്ന് 3  പേരും. (ഇബ്നു ഹിശാം : 2 / 50 -55 , ഇബ്നു കസീർ : 3 / 185 -186 )

ഈ ഉടമ്പടി നടന്നത് അർദ്ധരാത്രി വളരെ രഹസ്യമായിട്ടായിരുന്നു. ശത്രുക്കൾ ആരുംതന്നെ അത് അറിഞ്ഞിരുന്നില്ല. അങ്ങനെ അൻസ്വാറുകൾ അവരുടെ വീടുകളിൽപോയി  കിടന്നുറങ്ങി. മുശ്രിക്കുകളായ അവരുടെ കൂട്ടുകാർ പോലും യാതൊന്നും അറിഞ്ഞിരുന്നില്ല. ഈ ഉടമ്പടി രഹസ്യമായി സൂക്ഷിക്കാൻ മുസ്ലിംകളും  ശ്രദ്ദിച്ചു.

        എന്നാൽ ചില ഗുണങ്ങൾ മുന്നിൽ കണ്ട്  അല്ലാഹു അത്  പരസ്യപ്പെടുത്തുകയായിരുന്നു.പ്രഭാതം പൊട്ടി വിടരുന്നതോടെ ഈ ഉടമ്പടിയുടെ വിവരം ഖുറൈശികളുടെ ചെവിയിലെത്തി.ഉടനെ അവരിലെ പ്രധാനികൾ മദീനക്കാരുടെ ടെന്റുകളിലെത്തി അവറിട് പറഞ്ഞു : 'ഞങ്ങൾക്കിടയിൽ മുഹമ്മദിനെ കൊണ്ടുപോകുവാനായി നിങ്ങൾ അദ്ദേഹത്തെ സമീപിച്ചതായി ഞങ്ങൾ അറിഞ്ഞുവല്ലോ, അത് ശരിയാണോ?'. അപ്പോൾ അവരിലുണ്ടായിരുന്ന ശത്രുക്കൾ  സത്യം ചെയ്ത് പറഞ്ഞു: 'ഇല്ല ,ഒന്നും ഉണ്ടായിട്ടില്ല'. അവരിലെ വിശ്വാസികൾ മൗനികളായി മുഖത്തോട്   നോക്കിയിരുന്നു. (ഇബ്നുകസീർ: 3 / 189 - 190 )

        മദീനക്കാർ യാത്രതിരിക്കുകയും അറിഞ്ഞ വിവരം ശരിയാണെന്ന്  ഖുറൈശികൾക്കു ഉറപ്പാവുകയും ചെയ്തപ്പോൾ അവരെ അന്വേഷിച്ചു ഖുറൈശികൾ പുറപ്പെട്ടു. എന്നാൽ സഅ്ദുബ്നു ഉബാദ (), മുൻദിറൂബ്നു അംറ് (റ ) എന്നീ രണ്ടുപേരെ മാത്രമാണ് അവർ കണ്ടത്. അവരിൽ മുൻദിർ(റ) അവരുടെ പിടുത്തത്തിൽ നിന്ന് രക്ഷപ്പെടുകയും സഅ്ദി (റ) നെ അവർ പിടികൂടി ശക്തമായി മർദ്ദിക്കുകയും ചെയ്തു. മുത്വഇമുബ്‌നുഅദിയ്യും ഹാരിസുബ്നു ഉമയ്യയും ചേർന്നാണ് അക്രമികളുടെ കരങ്ങളിൽ നിന്ന് അ്ദി (റ)നെ രക്ഷപ്പെടുത്തിയത് . മദീനയിൽ ചെല്ലുമ്പോൾ അവർ രണ്ടുപേർക്കും അഭയം നൽകിയിരുന്നത് അ്ദായിരുന്നു. (ദലാഇലുൽ ബൈഹഖി : 2 / 455 , ത്വബഖാതു ഇബ്നുഅ്ദ് : 1 /223 )

      ഇതിനുശേഷം വിശ്വാസികൾക്കെതിരിൽ ശത്രുക്കളുടെ ഉപദ്രവങ്ങൾ വർദ്ദിച്ചു.അപ്പോൾ മദീനയിലേക്ക് പാലായനം ചെയ്യാൻ വിശ്വാസികൾക്ക് നബി(സ) നിർദ്ദേശം നൽകി. അതേത്തുടർന്ന് മുസ്‌ലിംകൾ സ്വന്തം നാടും വീടും സമ്പത്തും കുടുംബങ്ങളും ഉപേക്ഷിച്ച്  ഒറ്റയായും കൂട്ടംകൂട്ടമായും മദീനയിലേക്ക് പാലായനം ചെയ്യാൻ തുടങ്ങി. നിരന്തരമായുള്ള പാലായനത്തിലൂടെ മുസ്ലിംകൾ എല്ലാവരും മദീനയിലെത്തിചേർന്നു. നബി(സ)യുടെ കൂടെ മക്കയിൽ അബൂബക്ർ(റ),അലി(റ ), എന്നിവരും കുറച്ച് ദുർബ്ബലരും (തടഞ്ഞുവെക്കപ്പെട്ടവർ, രോഗികൾ, അശക്തർ ) മാത്രമാണ് അവശേഷിച്ചിരുന്നത്. 
                                       

     ഹിജ്‌റയിൽ നബി(സ)യുടെ കൂടെ പോകാമെന്ന്  കരുതിയാണ് സിദ്ദീഖ്(റ ) മക്കയിൽ  നിന്നത്.നബി(സ) പോയതിനുശേഷം നബി(സ)യുടെ പക്കൽ സൂക്ഷിക്കാനേൽപ്പിച്ച വസ്തുക്കൾ അതിന്റെ അവകാശികൾക്ക്‌ തിരിച്ചുനൽകാനായിരുന്നു അലി(റ) മക്കയിൽ തങ്ങിയത്. (ഇബ്നുസഅ്ദ് : 1 226 , അൽമവാഹിബുല്ലദുന്നിയ്യ :  1/284, ഇബ്നുൽ അസീർ : 2/70-71,  ഇമാം ബൈഹഖിയുടെ ദലാഇലുന്നുബുവ്വ : 2 / 464 , സീറത്തുൽ അലബിയ്യ : 2 / 24 ) 
 
 ഇന്ഷാ അല്ലാ തുടരും ....


نَشْهَدُ أَنَّكَ يَا رَسُولَ الله قَدْ بَلَّغْتَ الرِّسَالَةَ وَأَدَّيْتَ الْأَمَانَةَ، وَنَصَحْتَ الْأُمَّةَ وَدَعَوْتَ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَعَبَدتَّ رَبَّكَ حَتَّى يَأْتِيَكَ الْيَقِينُ. فَصَلَّى اللهُ عَلَيْكَ كَثِيراً أَفْضَلَ وَأَكْمَلَ وَأَطْيَبَ مَا صَلَّى عَلَى أَحَدٍ مِّنَ الْخَلْقِ أَجْمَعِينَ اَللَّهُمَّ اجْزِ عَنَّا نَبِيَّنَا أَفْضَلَ مَا جَازَيْتَ أَحَداً مِنَ النَّبِيِّينَ وَالْمُرْسَلِينَ اَللَّهُمَّ آتِـهِ الْوَسِيلَةَ وَالْفَضِيلَـة وَابْعَثْـهُ مَقَاماً مَحْمُوداًنِ الَّذِي وَعَدتَّهُ وَارْزُقْنَا شَفَاعَتَهُ يَوْمَ الْقِيَامَةِ إِنَّكَ لاٰ تُخْلِفُ الْمِيعَادَ.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ എന്നെയും കുടുംബത്തെയും  എന്റെ ഉസ്താദുമാരെയും ഉൾപ്പെടുത്തുക.