സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 16 July 2016

നബി(സ)യുടെ ജന്മദിനം




നബി(സ) ജനിച്ചത് തിങ്കളാഴ്ച ദിവസമാണെന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസിൽ നിന്നു വ്യക്തമാണ്.


അർത്ഥം: 
അബൂഖതാദതുൽഅൻസ്വാരി(റ) യിൽ നിന്നു നിവേദനം; തിങ്കളാഴ്ച ദിവസത്തെപ്പറ്റി നബി(സ)യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്നു പറഞ്ഞു: "തിങ്കളാഴ്ച ദിവസം ഞാൻ പ്രസവിക്കപ്പെട്ടു. അതിൽ എനിക്ക് എനിക്ക് ഖുർആൻ അവതരിക്കുകയും ചെയ്തു". (സ്വഹീഹ് മുസ്ലിം. 1978)

റബീഉൽഅവ്വൽ മാസം പന്ത്രണ്ടിനാണ് നബി(സ) ജനിച്ചതെന്നാണ് ബഹുഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. ഇബ്നുകസീർ എഴുതുന്നു: 

وقيل : لثنتي عشرة خلت منه نص عليه ابن إسحاق ، ورواه ابن أبي شيبة في مصنفه عن عفان عن سعيد بن مينا عن جابر ، وابن عباس أنهما قالا : ولد رسول الله صلى الله عليه وسلم عام الفيل يوم الاثنين الثاني عشر من شهر ربيع الأول ، وفيه بعث ، وفيه عرج به إلى السماء ، وفيه هاجر ، وفيه مات . وهذا هو المشهور عند الجمهور. (السيرة النبوية لا بن كثير: ١٩٩/١- البداية والنهاية: ٣٣٨/٢)


അർത്ഥം:
റബീഉൽഅവ്വൽ 12 നാണ് നബി(സ) ജനിച്ചതെന്ന് ഇബ്നുഇസ്‌ഹാഖ്‌(റ) വ്യക്തമാക്കിയിരിക്കുന്നു. അഫ്ഫാൻ(റ), സഈദുബ്നുമീനാഅ്(റ) വഴിയായി ജാബിർ(റ), ഇബ്നുഅബ്ബാസ്(റ) എന്നിവരെ ഉദ്ദരിച്ച് ഇബ്നുഅബീശൈബ(റ) മുസ്വന്നഫിൽ രേഖപ്പെടുത്തുന്നു. അവർ പറയുന്നു: റബീഉൽഅവ്വൽ 12 ന് തിങ്കളാഴ്ച ആനക്കലഹം നടന്ന വർഷം നബി(സ) ജനിച്ചു. തിങ്കളാഴ്ച നബി(സ) പ്രവാചകരായി നിയോഗിക്കപ്പെട്ടു. തിങ്കളാഴ്ച ദിവസം നബി(സ) മിഅ്റാജിനുപോയി. തിങ്കളാഴ്ച ദിവസം നബി(സ) ഹിജ്‌റപോയി. തിങ്കളാഴ്ച ദിവസം നബി(സ) വഫാത്തായി. ബഹുഭൂരിഭാഗം പണ്ഡിതന്മാരുടെയടുത്തും പ്രസിദ്ധമായ അഭിപ്രായം ഇതാണ്. (അസ്സീറത്തുന്നബവിയ്യ. 1/199- അൽബിദായത്തുവന്നിഹായ. 2/338)

വിശ്രുത ചരിത്ര പണ്ഡിതൻ ഇബ്നുഹിശാം(റ) എഴുതുന്നു: 


അർത്ഥം:
ഇബ്നുഇസ്ഹാഖ്‌(റ) പറയുന്നു: റബീഉൽഅവ്വൽ 12 ന് തിങ്കളാഴ്ച നബി(സ) ജനിച്ചു. (സിറാത്തുഇബ്നുഹിശാം. 1/158-സിറാത്തുഇബ്നുഇസ്‌ഹാഖ്‌. 159)

ഈ അഭിപ്രായത്തിന് പ്രബലത കൽപ്പിച്ച് ഇമാം ഖസ്ത്വല്ലാനി(റ) എഴുതുന്നു: 


അർത്ഥം:
റബീഉൽഅവ്വൽ 12 നാണ് നബി(സ) ജനിച്ചതെന്ന് അഭിപ്രായമുണ്ട്. ഇതനുസരിച്ചാണ് പൂർവ്വകാലത്തും വർത്തമാനകാലത്തും നബി(സ) ജനിച്ച സ്ഥലം മക്കക്കാർ റബീഉൽഅവ്വൽ 12 ന് സന്ദർശിച്ചുവരുന്നത്. (അല്മവാഹിബ്. സുർഖാനി സഹിതം. 1/132)

ആനക്കലഹം നടന്ന വർഷത്തിലാണ് നബി(സ)യുടെ ജനനം എന്നതാണ് പ്രബലാഭിപ്രായം. ഇത് ക്രി. 570 ലായിരുന്നു.

ഇമാം നവവി(റ) എഴുതുന്നു: 


അർത്ഥം:
ആനക്കലഹം നടന്ന വർഷത്തിലാണ് നബി(സ) ജനിച്ചത്. ആനക്കലഹം കഴിഞ്ഞു 30 വർഷത്തിനുശേഷമാണെന്നും 40 വർഷത്തിനുശേഷമാണെന്നും 10 വർഷത്തിനുശേഷമാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ഈ അഭിപ്രായം ഇബ്നുഅസാകിർ(റ) താരീഖുദിമിശ്‌ഖിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആനക്കലഹം നടന്ന വർഷത്തിലാണ് നബി(സ) ജനിച്ചതെന്ന വീക്ഷണമാണ് പ്രബലവും പ്രസിദ്ധവും. ഇമാം ബുഖാരി(റ)യുടെ ഉസ്താദ് ഇബ്റാഹീമുബ്നുൽമുൻദിറും(റ) ഖലീഫത്തുബ്നുഖയ്യാത്ത്വം(റ) മറ്റുപലരും ഇതിൽ ഇജ്മാഉണ്ടെന്ന് ഉദ്ധരിക്കുന്നുണ്ട്. റബീഉൽഅവ്വൽ തിങ്കളാഴ്ചയാണ് നബി(സ) ജനിച്ചതെന്ന കാര്യത്തിലും പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. (തഹ്ദീബുൽഅസ്മാഇ വല്ലുഗാത്ത്. 1/23)

അല്ലാമ മുനാവി(റ) എഴുതുന്നു: 

 الأصح أنه ولد بمكة بالشعب بعيد فجر الاثنين ثاني عشر ربيع الأول عام الفيل ولم يكن يوم جمعة ولا شهر حرام دفعا لتوهم أنه شرف بذلك الزمن الفاضل فجعل في المفضول لتظهر به على رتبته على الفاضل ونظيره دفنه بالمدينة دون مكة إذ لو دفن بها لقصد تبعا. (فيض القدير: ٧٦٨/٣)


അർത്ഥം:
ആനക്കലഹം നടന്ന വർഷം റബീഉൽഅവ്വൽ 12 ന് ഫജ്‌റിന്റെ അൽപം പിറകെ മക്കയിലെ ശിഅ്ബിൽ നബി(s0 ജനിച്ചുവെന്നാണ് പ്രബലാഭിപ്രായം. നബി(സയുടെ ജനനം  വെള്ളിയാഴ്ചയോ യുദ്ദം നിഷിദ്ധമായ മാസത്തിലോ ആയിരുന്നില്ല. ശ്രേഷ്ഠമായ സമയത്തിൽ ജനിച്ചാൽ ആ സമയം നിമിത്തമാണ് നബി(സ)ക്ക് ശ്രേഷ്ടതലഭിച്ചതെന്ന തോന്നൽ വരുന്നതിനെ തട്ടിക്കളയാനാണ് അങ്ങനെ സംഭവിച്ചത്.  അതിനാൽ റബീഉൽഅവ്വൽ തിങ്കളാഴ്ച നബി(സ) ജനിച്ചതുകാരണം ആ മാസത്തിനും ദിവസത്തിനും മറ്റുള്ളതിനേക്കാൾ ശ്രേഷ്ഠതയുണ്ടെന്ന് വ്യക്തമാകുമല്ലോ. നബി(സ)യെ മക്കയിൽ മറവുചെയ്യാതെ മദീനയിൽ മറവുചെയ്തതിനെ ഇതോട് തത്തുല്യമായ ഒന്നായി കാണാവുന്നതാണ്. മക്കയിലായിരുന്നു നബി(സ)യെ മറവുചെയ്തിരുന്നതെങ്കിൽ മക്കയോട് തുടർന്ന് മാത്രമാണല്ലോ നബി(സ) ലക്ഷ്യം വെക്കുക. (ഫൈളുൽഖദീർ. 3/573)

ഇതേ ആശയം ഇമാം ഖസ്ത്വല്ലാനി(റ) അൽമാവാഹിബുല്ലദുന്നിയ്യയിലും പ്രസ്താവിച്ചിട്ടുണ്ട്. (സുർഖാനി സഹിതം. 1/132)

ചുരുക്കത്തിൽ ആനക്കലഹം നടന്ന വർഷം റബീഉൽഅവ്വൽ 12 ന് തിങ്കളാഴ്ച സ്വുബിഹിയോടടുത്ത സമയത്താണ് നബി(s0 ജനിച്ചതെന്നാണ് പ്രബലവും പ്രസിദ്ധവുമായ വീക്ഷണം. പൂർവ്വകാലം തൊട്ട് വർത്തമാന കാലം വരെ മക്കാനിവാസികൾ നബി(s0 ജനിച്ച സ്ഥലം സന്ദർശിച്ചുവരുന്നത് റബീഉൽഅവ്വൽ 12 നാണെന്നത് ആ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നു. ശരിയായ അഭിപ്രായം ഇതാണെന്ന് ഇമാം ഖസ്ത്വല്ലാനി(റ)  അൽമാവാഹിബുല്ലദുന്നിയ്യയിലും പ്രസ്താവിച്ചിട്ടുണ്ട്.

പ്രഗത്ഭ ശാഫിഈ പണ്ഡിതൻ മുഹമ്മദുബ്നു ഉമർ ബഹ്റഖുൽ ഹള്റമി(റ) (ഹി. 869-930) പറയുന്നു: 


അർത്ഥം:
ചരിത്രപണ്ഡിതന്മാർ പറയുന്നു: റബീഉൽഅവ്വൽ മാസം തിങ്കളാഴ്ചയാണ് നബി(സ) ജനിച്ചതെന്നതിൽ അഭിപ്രായാന്തരമില്ല. റബീഉൽഅവ്വൽ പന്ത്രണ്ടിന്റെ രാവിലാണെന്ന്  ബഹുഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. പത്തിനാണെന്നും എട്ടിനാണെന്നും അഭിപ്രായമുണ്ട്. മക്കയിലെ ശിഅ്ബ് അബീത്വാലിബിലായിരുന്നു നബി(സ) ജനിച്ചത്. മൗലിദുശ്ശരീഫിന്റെ രാവിൽ ദിക്റിനും ദുആഇനും നബി(സ)യുടെ തിരുശിരസ് പിറന്നുവീണസ്ഥലം കൊണ്ട് ബറക്കത്തെടുക്കാനും വേണ്ടി മക്കാനിവാസികൾ സമ്മേളിക്കുന്ന സ്ഥലമാണത്. ഈ ഉദ്ദേശ്യത്തോടെ മൗലിദ് പരിപാടി നല്ലതാണെന്ന് പിൽക്കാല പണ്ഡിതരിൽ നിന്നു ഒരു കൂട്ടം പേർ ഫത്‌വ നൽകിയിട്ടുണ്ട്. (ഹദാഇഖുൽഅൻവാൻ. 105)

ജന്മദിന രാവ്

സമയത്തിന്‌ശ്രേഷ്ടതയുണ്ടാകുന്നത് അതിലുണ്ടായ ശ്രേഷ്ടമായ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണല്ലോ.  വെള്ളിയാഴ്ചക്ക് മറ്റു ദിവസങ്ങളേക്കാൾ ബഹുമാനമുണ്ടായത് ആദം നബി(അ) യുടെ ജന്മദിനമായതിനാലാണെന്ന് ഹദീസിൽ വന്നിട്ടുണ്ട്. അതേ പോലെ വിശുദ്ധ റമളാൻ മാസങ്ങളുടെ നേതാവായത് വിശുദ്ധ ഖുർആൻ അതിൽ അവതരിച്ചതിന്റെ പേരിലാണെന്ന് ഖുർആനിൽ നിന്നു തന്നെ വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ നബി(സ്) ജനിച്ച റബീഉൽഅവ്വൽ പന്ത്രണ്ടിന്റെ രാവിനാണ് ലൈലത്തുൽ ഖദ്റിനെക്കാൾ ശ്രേഷ്ടതയുള്ളതെന്ന് പണ്ഡിതന്മാർ വിവരിക്കുന്നുണ്ട്. ഇമാം ഖസ്ത്വല്ലാനി(റ) എഴുതുന്നു: 

ليلة مولده عليه السلام أفضل من ليلة القدر من وجوه ثلاثة، أحدها: أن ليلة المولد ليلة ظهوره صلى الله عليه وسلم، وليلة القدر معطاة له، وما شرف بظهور ذات المشرف من أجله أشرف مما شرف بسبب ما أعطيه، ولا نزاع في ذلك، فكانت ليلة المولد أفضل من ليلة القدر، الثاني: أن ليلة القدر شرفت بنزول الملائكة فيها، وليلة المولد شرفت بظهوره صلى الله عليه وسلم، ومن شرفت به ليلة المولد أفضل ممن شرفت بهم ليلة القدر على الأصح المرتضى، فتكون ليلة المولد أفضل، الثالث: أن ليلة القدر وقع فيها التفضيل على أمة محمد صلى الله عليه وسلم، وليلة المولد الشريف وقع التفضل فيها على سائر الموجودات، فهو الذي بعثه الله عز وجل رحمة للعالمين، فعمت به النعمة على جميع الخلائق، فكانت ليلة المولد أعم،فكانت أفضل (المواهب اللدنية: ١٣٦/١)


അർത്ഥം:
മൂന്ന് കാരണങ്ങളാൽ നബി(സ) പ്രസവിക്കപ്പെട്ട രാത്രി ലൈലത്തുൽഖദ്റിനെക്കാൾ ശ്രേഷ്ഠമാണ്.

(1) ഈ രാത്രിയിൽ പിറന്ന നബി(സ)ക്ക് നൽകപ്പെട്ട ഒന്നാണല്ലോ ലൈലത്തുൽ ഖദ്ർ. നബി(സ)ക്ക് നൽകപ്പെട്ട ഒന്നിന്റെ പേരിൽ ആദരവുണ്ടായ രാത്രിയേക്കാൾ ശ്രേഷ്ടതയുണ്ടാവേണ്ടത് ആദരവിനുനിദാനമായവരുടെ പുണ്യദേഹം വെളിവാകൽ നിമിത്തം ശ്രേഷ്ഠത കൈവരിച്ച രാത്രിക്കാണല്ലോ. ഈ വിഷയത്തിൽ തർക്കിക്കാൻ വക കാണുന്നില്ല. അതിനാൽ നബി(സ)യെ പ്രസവിക്കപ്പെട്ട രാത്രി ലൈലത്തുൽ ഖദ്റിനെക്കാൾ ശ്രേഷ്ട്ടമാണ്.

(2) മലക്കുകൾ ഇറങ്ങുന്നതിനാലാണ് ലൈലത്തുൽ ഖാദറിന് ശ്രേഷ്ഠതയുണ്ടായത്. ലൈലത്തുൽ മൗലിദിന് നബി(സ) ജനിച്ചതിനാലും. പ്രബലമായ വീക്ഷണപ്രകാരം മലക്കുകളേക്കാൾ ശ്രേഷ്ഠത നബി(സ)ക്കാണ്. അപ്പോൾ മലക്കുകളേക്കാൾ ശ്രേഷ്ടരായ നബി(സ)യെ  പ്രസവിക്കപ്പെട്ട രാത്രി മലക്കുകളുടെ ഇറക്കം മൂലം ശ്രേഷ്ടമാക്കപ്പെട്ട ലൈലത്തുൽഖദ്റിനെക്കാൾ ശ്രേഷ്ട്ടമായി.

(3) ലൈലത്തുൽ ഖദ്‌റിന്റെ ശ്രേഷ്ഠത ഈ ഉമ്മത്തിനുമാത്രമുള്ളതാണ്. നബി(സ)യെ പ്രസവിക്കപ്പെട്ട രാത്രിയിലെ ശ്രേഷ്ടത എല്ലാ സൃഷ്ട്ടികൾക്കുമുള്ളതാണ്. അതിനാൽ ഈ രാത്രി ലൈലത്തുൽഖദ്റിനെക്കാൾ ശ്രേഷ്ട്ടമായി. (അൽമവാഹിബുല്ലദുന്നിയ. 1/136)

അല്ലാമ ശർവാനി(റ) എഴുതുന്നു: 


അർത്ഥം:
രാത്രികളിൽവെച്ച് അതിശ്രേഷ്ട്ടമായത് നബി(സ)യെ പ്രസവിക്കപ്പെട്ട രാത്രിയാണ്. പിന്നെ ലൈലത്തുൽഖദറും  പിന്നെ വെള്ളിയാഴ്ചരാവും പിന്നെ ഇസ്‌റാഹിന്റെ രാവുമാണ്. ഇപ്പറഞ്ഞത് നമ്മിലേക്ക്‌ ചേർത്തിനോക്കിയാണ്. നബി(സ)യെ അപേക്ഷിച്ച് എട്ടാം ശ്രേഷ്ട്ടമായത് ഇസ്‌റാഹിന്റെ രാത്രിയാണ്. കാരണം രണ്ട് കണ്ണുകൾകൊണ്ട് അവിടുന്നു അല്ലാഹുവെ ദർശിച്ച രാത്രി അതാണല്ലോ. പൊതുവെ രാത്രി പകലിനേക്കാൾ ശ്രേഷ്ട്ടമാണ്. (ശർവാനി. 2/405)


ജന്മ ദിനാഘോഷം

അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബി(സ) യുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുവിനു നന്ദിപ്രകടിപ്പിച്ച് ആരാധന കർമ്മങ്ങൾ ചെയ്യലും നമ്മു സുന്നത്താണ്. വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: 


അർത്ഥം:
ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം ഞാൻ കണ്ടെത്തിയിരിക്കുന്നു. അനസ്(റ)വില നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണിത്. പ്രാവകത്വലബ്ധിക്കുശേഷം നബി(സ) തന്നെ തൊട്ട് ഹഖീഖ അറുക്കുകയുണ്ടായി. നബി(സ) ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് നബി(സ)യുടെ അഖീഖ കർമ്മം നിർവ്വഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ ലോകാനുഗ്രഹിയായ തന്നെ സൃഷ്ട്ടിച്ചതിന് അല്ലാഹുവിന്നു നന്ദികാണിക്കുന്നതിന്റെ ഭാഗമായും തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി(സ്) അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി(സ) തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകായാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആരാധനാകർമ്മങ്ങൾ നിർവ്വഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദിപ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ്. (അൽഹാവീ ലിൽ ഫതാവാ. 1/196)

ഇമാം സുയൂത്വി(റ)യുടെ സമര്ത്ഥനത്തിനു പിൽക്കാല പണ്ഡിതന്മാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇമാം  സുയൂത്വി(റ)യുടെ പരാമർശങ്ങൾ എടുത്തുവെച്ചു ശേഷം പ്രഗത്ഭ ശാഫിഈ പണ്ഡിതൻ ശൈഖ് അഹ്മദുബ്നുഖാസിം(റ) എഴുതുന്നു:

അർത്ഥം:
ചില നിബന്ധനകൾക്കുവിധേയമായി ജന്മദിനാഘോഷം സ്തുത്യർഹവും പ്രതിഫലാർഹവുമാണെന്ന് സ്ഥാപിക്കാൻ സുദീർഘമായ ഇമാം സുയൂത്വി(റ) സംസാരിച്ചിട്ടുണ്ട്. തദ്വിഷയകമായി എതിരഭിപ്രായം പ്രകടിപ്പിച്ചവരെ അദ്ദേഹം ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം പഠനാർഹമാണ്. അതെല്ലാം ഒരു ഗ്രൻഥമായി ക്രോഡീകരിച്ച് അതിന് 'ഹുസ്‌നുൽ മഖ്സ്വിദ് ഫീ അമലിൽ മൗലിദ്' എന്നു അദ്ദേഹം പേരിട്ടു. അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെ. (ഹാശിയത്തു ഇബ്നുഖാസിം. 7/425)

ഇതേ വിവരണം അല്ലാമ ശർവാനി(റ) യുടെ ഹാശിയയിലും 7/425 കാണാം;

വിശ്വവിഖ്യാത പണ്ഡിതൻ ഇബ്നുഹജറുൽ അസ്ഖലാനി(റ) പറയുന്നു:  

وقد ظهر لي تخريجها على أصل ثابت وهو ما ثبت في الصحيحين من أن النبي صلى الله عليه وسلم قدم المدينة فوجد اليهود يصومون يوم عاشوراء ، فسألهم فقالوا : هو يوم أغرق الله فيه فرعون ونجى موسى فنحن نصومه شكرا لله تعالى ، فيستفاد منه فعل الشكر لله على ما من به في يوم معين من إسداء نعمة أو دفع نقمة ، ويعاد ذلك في نظير ذلك اليوم من كل سنة ، والشكر لله يحصل بأنواع العبادة كالسجود والصيام والصدقة والتلاوة ، وأي نعمة أعظم من النعمة ببروز هذا النبي نبي الرحمة في ذلك اليوم ؟ وعلى هذا فينبغي أن يتحرى اليوم بعينه حتى يطابق قصة موسى في يوم عاشوراء ، ومن لم يلاحظ ذلك لا يبالي بعمل المولد في أي يوم من الشهر ، بل توسع قوم فنقلوه إلى يوم من السنة ، وفيه ما فيه . فهذا ما يتعلق بأصل عمله .وأما ما يعمل فيه فينبغي أن يقتصر فيه على ما يفهم الشكر لله تعالى من نحو ما تقدم ذكره من التلاوة والإطعام والصدقة وإنشاد شيء من المدائح النبوية والزهدية المحركة للقلوب إلى فعل الخير والعمل للآخرة ، وأما ما يتبع ذلك من السماع واللهو وغير ذلك فينبغي أن يقال : ما كان من ذلك مباحا بحيث يقتضي السرور بذلك اليوم لا بأس بإلحاقه به ، وما كان حراما أو مكروها فيمنع ، وكذا ما كان خلاف الأولى . انتهى .(الحاوي للفتاوي: ١/١٩٦)


അർത്ഥം:
മൗലിദിനൊരടിസ്ഥാനം ഞാൻ കണ്ടെത്തിയിട്ടുണ്ട്. ബുഖാരിയിലും മുസ്ലിമിലും ഉള്ള ഒരു ഹദീസാണിത്. നബി(സ) മദീനയിൽ ചെന്നപ്പോൾ ജൂതന്മാർ മഹർറം പത്തിന് നോമ്പനുഷ്ഠിക്കുന്നത് നബി(സ)യുടെ ശ്രദ്ധയിൽപ്പെട്ടു. അതേപ്പറ്റി അവരോടന്വേഷിച്ചപ്പോൾ അവർ പറഞ്ഞ മറുപടിയിതാണ്. അല്ലാഹു ഫിർഔനിനെ മുക്കിനശിപ്പിക്കുകയും മൂസാനബി(അ)യെ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണെന്ന്. അതിനാൽ ആ മഹത്തായ അനുഗ്രഹത്തിന് നന്ദിപ്രകടിപ്പിച്ച് ആ ദിവസം ഞങ്ങൾ നോമ്പനുഷ്ഠിക്കുന്നു.

ഒരു നിശ്ചിത ദിവസം അല്ലാഹുവിൽ നിന്നു ലഭിച്ച അനുഗ്രഹത്തിന് നന്ദിപ്രകടിപ്പിക്കാമെന്നും ഓരോ വർഷവും ആ ദിവസം മടങ്ങിവരുമ്പോൾ നന്ദിപ്രകടനം ആവർത്തിക്കാമെന്നും ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കാം. സുജൂദ്, നോമ്പ്, ദാനധർമ്മം, ഖുർആൻ പാരായണം തുടങ്ങി ആരാധനയുടെ വിവിധ ഇനങ്ങൾ കൊണ്ട് നന്ദിപ്രകടനം ഉണ്ടാവുന്നതാണ്. ആ ദിവസത്തിൽ (റബീഉൽഅവ്വൽ പന്ത്രണ്ട്) ലോകത്തിനനുഗ്രഹമായ പ്രവാചകർ(സ) ജനിച്ചുവെന്ന അനുഗ്രഹത്തെക്കാൾ വലിയ എന്ത് അനുഗ്രഹമാണുള്ളത്?. അതിനാൽ മുഹർറം പത്തിൽ മൂസാ നബി(അ)യുടെ സംഭവവുമായി യോജിക്കാൻ ആ ദിവസം തന്നെ (നബി(സ)യുടെ ജന്മദിനം) നന്ദിപ്രകടനം നടന്നേ മതിയാവൂ. ഈ പരിഗണന നൽകാത്തവർ റബീഉൽഅവ്വൽ മാസത്തിൽ ഏതെങ്കിലുമൊരു ദിവസം മൗലിദ് സംഘടിപ്പിക്കുന്നു. ചിലർ ഇതിനേക്കാൾ വിശാലത കാണിച്ച് വർഷത്തിൽ ഒരു ദിവസം മൗലിദ് സംഘടിപ്പിക്കുന്നു. അതത്ര ശരിയാണെന്ന് തോന്നുന്നില്ല. ഇതുവരെ പറഞ്ഞത് മൗലിദിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

നാം നേരത്തെപ്പറഞ്ഞ, ഖുർആൻ പാരായണം, അന്നദാനം, ദാനധർമ്മം, നന്മ ചെയ്യാൻ പ്രോത്സാഹനം നൽകുന്ന, നബി(സ)യുടെ പ്രശംസാഗീതങ്ങൾ, തുടങ്ങീ അല്ലാഹുവിനുള്ള നന്ദിപ്രകടനമായി വിലയിരുത്താൻ പറ്റുന്ന വിഷയങ്ങളാണ് നബിദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ട പരിപാടികൾ. ആ ദിവസത്തിൽ സന്തോഷമുണ്ടെന്ന് കാണിക്കുന്ന അനുവദനീയമായ ഗാനങ്ങളും ആലപിക്കാവുന്നതാണ്. ഹറാമോ കറാഹത്തോ ഖിലാഫുൽഔലയോ ആയത് ഒഴിവാക്കണം. (അൽഹാവീലിൽഫതാവ: 1/196)

സാക്ഷാൽ ഇബ്നുതൈമിയ്യ പറയുന്നു:

فتعظيم المولد واتخاذه موسما قد يفعله بعض الناس ويكون له فيه أجر عظيم لحسن قصده وتعظيمه لرسول الله صلى الله عليه وسلم .(اقتضاء الصراط المستقيم: ٢٩٦)

ചിലർ മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തെ ആദരിക്കുകയും അതിനെ ഒരാഘോഷമായി കൊണ്ടാടുകയും ചെയ്യാറുണ്ട്. അവരത് ചെയ്യുന്നത് നല്ല ഉദ്ദേശ്യത്തോടെ ആയതിനാലും നബി(സ)യെ ആദരിക്കുന്നതിന്റെ ഭാഗമായതിനാലും അതിന് വലിയ പ്രതിഫലം ലഭിക്കുന്നതാണ്.  (ഇഖ്‌തിളാഉസ്സ്വിറാത്വിൽ മുസ്തഖീം. പേ. 296)http://sunnisonkal.blogspot.com

ഇതുമായി ബന്ധപ്പെട്ട സമഗ്രവായനക്ക് 'മൗലിദ്', 'നബിദിനാഘോഷം' എന്ന എന്റെ ബ്ലോഗ് കാണുക. 

ഞിങ്ങളുടെ ദുആയിൽ ഈയുള്ളവനെയും ഉൾപ്പെടുത്തുക....