സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 29 June 2016

അല്ലാഹുവിന്റെ അസ്തിത്വം





علم للذات الواجب الوجود المستحق لجميع صفات الكمال



പരിപൂർണ്ണതയുടെ എല്ലാ വിശേഷണങ്ങളും അർഹിക്കുന്ന, സ്വയം പര്യാപ്തതയുള്ള, ഒരു സത്തയുടെ പേരാണ് അല്ലാഹു. പേരല്ലെന്നും പേരിനു പകരം പരിചയപ്പെടുത്താവുന്ന നാമമാണെന്നും പറയുന്നവരുണ്ട്. ആരാധ്യൻ എന്നർത്ഥം കാണിക്കുന്ന "ഇലാഹ്" -ൽ  "അൽ" ചേർത്തപ്പോൾ "അൽ ഇലാഹ്" എന്നായി. ഉച്ചാരണ സൗകര്യാർത്ഥം ഇടക്ക് നിന്നു "ഇ"  നീക്കിയ ശേഷം "ൽ" 'ലാ' യിൽ ചേർത്തു. അപ്പോൾ 'അല്ലാഹു' എന്നായി. യഥാർത്ഥ ആരാധ്യൻ എന്നർത്ഥം. ലോകത്ത് ആരാധിക്കപ്പെടുന്ന പല വസ്തുക്കളുമുണ്ട്. ഭാഷാപരമായി അവയെല്ലാം ഇലാഹുകളാണ്. അവയിൽ പടച്ചവൻ മാത്രമാണ് യഥാർത്ഥ ആരാധ്യൻ. അഥവാ ആരാധനക്ക് അർഹൻ. മറ്റുള്ളവ ആരാധിക്കപ്പെടുന്നെങ്കിലും അതിനു അർഹമല്ല. തന്നിമിത്തം അല്ലാഹു "അൽ ഇലാഹ്" ആയി.

അല്ലാഹു എന്ന നാമം മറ്റാർക്കും നൽകപ്പെട്ടിട്ടില്ല. വിശുദ്ധ ഖുർആനിൽ 2360 പ്രാവശ്യം ഇത് പറഞ്ഞിട്ടുണ്ട്. ചിലരുടെ വീക്ഷണ പ്രകാരം ഇസ്മുൽ അഅ്ള്വം 'അല്ലാഹു' വാണ്. "അൽ അയ്യുൽ ഖയ്യൂം" ആണെന്ന് പറഞ്ഞവരുമുണ്ട്. എന്നാൽ അത് വിളിച്ചു പ്രാർത്ഥിക്കുന്ന അധിക പേർക്കും ഉത്തരം ലഭിക്കാത്തത് പ്രാർത്ഥനക്കുത്തരം ലഭിക്കാനുള്ള നിബന്ധനകൾ അവരിൽ മേളിക്കാത്തത് കൊണ്ടാണ്. ഹലാലായ ഭക്ഷണം കഴിക്കുകയെന്നത് പ്രാർത്ഥനക്കുത്തരം ലഭിക്കാനുള്ള അതി പ്രധാനമായ ഒരു ഉപാധിയാണ്.   


അല്ലാഹുവിനെ കുറിച്ചുള്ള ദൃഢവിശ്വാസമാണ് ഇസ്‌ലാമിക വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദു. ഒരു വസ്തുവിൽ വിശ്വസിക്കേണമെങ്കിൽ അതിന്റെ ഉണ്മയെകുറിച്ച് വ്യക്തമായൊരു ധാരണയിലെത്തൽ അനിവാര്യമാണ്. അദൃശ്യനായ അല്ലാഹുവിന്റെ കാര്യത്തിൽ ഇതെങ്ങനെ സുസാധ്യമാകും? ഇവിടെയാണ് ബുദ്ദിയും വിവേകവും പ്രസക്തമാകുന്നത്. മനുഷ്യബുദ്ദിയെ എല്ലാ വിഷയങ്ങളിലും സർവ്വാവലംബമായി പരിഗണിക്കാവുന്നതല്ലെങ്കിലും ഒരു വസ്തുവിന്റെ യാഥാർത്ഥ്യം കണ്ടെത്തുന്നതിൽ ബുദ്ദിയെ അവഗണിച്ചുകൂടാ.

ഒരു ഗ്രാമീണൻ ഇസ്‌ലാം സ്വീകരിക്കാൻ തയ്യാറായപ്പോൾ നീ നിന്റെ രക്ഷിതാവിനെ അറിഞ്ഞതെങ്ങനെയെന്ന്‌ അയാളോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പ്രതികരിച്ചതിങ്ങനെയാകുന്നു. ഒട്ടക കാഷ്ടം അത് കാഷ്ടിച്ച ഒട്ടകത്തിന്റെ മേലിലും കാൽപ്പാടുകൾ നടത്തത്തിന്റെ മേലിലും അറിയിക്കുമല്ലോ?  എങ്കിൽ താരനിബിഢമായ ആകാശവും മാമലകളും താഴ്വരകളും വഴികളും നിറഞ്ഞ ഭൂമിയും തിരമാലകളടിച്ചുയരുന്ന സമുദ്രവും സൂക്ഷ്മജ്ഞാനിയായ അല്ലാഹു ഉണ്ടെന്നതിനു രേഖയല്ലെ?

ഇന്ന് വിപണിയിലെത്തുന്ന വിവിധതരം ഉൽപന്നങ്ങൾ നമുക്കറിയാം. അവയുടെ ഗുണനിലവാരവും പ്രവർത്തനശേഷിയും മോഡലും വ്യത്യസ്തമാണ്. ഏതെങ്കിലും ഒരു ഉത്പന്നം വാങ്ങണമെന്നുണ്ടെങ്കിൽ ആദ്യമായി നാം നോക്കുന്നത് അതിന്റെ മോഡലാണ്. വസ്തുവിന്റെ ഗുണനിലവാരവും അതിന്റെ ഉൽപാദകരെയും ഇതു വഴി നാം മനസ്സിലാക്കുന്നു. ആ വസ്തുക്കൾ നിർമ്മിക്കാൻ അവയുടെ  ഉൽപാദകർ പ്രത്യേക സംവിധാനവും   സജ്ജീകരണങ്ങളും ഒരുക്കിയതുകൊണ്ടാണല്ലോ ചിലത് ചിലതിനേക്കാൾ ഗുണനിലവാരം പുലർത്തുന്നത്. ബുദ്ദിരാക്സസൻമാരായ സംവിധായകരുടെ ക്രമീകരണവും ആവിഷ്കാരവുമാണ് അവയെ ഗുണനിലവാരമുള്ളതാക്കിതീർത്തത്. അല്ലാതെ കുത്തഴിഞ്ഞ നിർമ്മാണ രീതിയിൽ യാദൃച്ഛികമായി സംഭവിച്ചതല്ല.

പ്രപഞ്ചത്തിലെ ഏതു വസ്തുക്കൾ പരിശോധിച്ചാലും ചില പ്രത്യേക ഘടനയും ക്രമീകരണവും അവ ഉൾകൊള്ളുന്നതായി കാണാം. മത്തൻ വള്ളിയിൽ കുമ്പളങ്ങയോ കുമ്പള വള്ളിയിൽ മത്താനോ കായ്ക്കുന്നില്ല. പനിനീർ ചെടിയിൽ വിരിയുന്നത് പനിനീർ പുഷ്പവും മല്ലിക ചെടിയിൽ വിടരുന്നത് മല്ലികയുമാണ്. സിംഹം ആട്ടിൻ കുഞ്ഞിനെയോ ആട് സിംഹ കുഞ്ഞിനെയോ പ്രസവിക്കാറില്ല. ഒരേ ചെടിയുടെ ഇല ആടും പട്ടുനൂൽ പുഴുവും ഭക്ഷിക്കുന്നു. പക്ഷെ ആട് പുറത്തിവിടുന്നത് കാഷ്ഠവും പുഴു പുറത്തുവിടുന്നത് പട്ട് നൂലുമാണ്. ഇങ്ങനെ ഏതു വസ്തുവിന്റെയും ഉത്പാദന പ്രക്രിയ പരിശോദിക്കുമ്പോൾ ഒരു പ്രത്യേക വിഭാഗത്തെ മാത്രമേ അത് ഉൽപാദിപ്പിക്കുന്നുള്ളുവെന്നു കാണാം. ഇതിന്റെ പിന്നിൽ ഒരു സംവിധായകനില്ലെന്നും ഇതെല്ലാം യാതൃശ്ചികമായി സംഭവിക്കുന്നതാണെന്നും പറയാൻ ഒരു മനസ്സാക്ഷിയും തയ്യാറാകുമെന്ന് തോന്നുന്നില്ല.

നാം അധിവസിക്കുന്ന ഭൂമിയുടെ ഉപരിതലത്തിൽ 71 ശതമാനം സമുദ്രവും 29 ശതമാനം കരയുമാണ്. ഈ നിലയിൽ ഭൂഗോളത്തെ സംവിധാനിച്ചതാര്?

23 മണിക്കൂറും 56 മിനിറ്റും 4 സെക്കന്റുമെടുത്ത് ഭൂമി സ്വയം അച്ചുതണ്ടിൽ ഒന്നു കറങ്ങുന്നു. ഈ കറക്കം കൊണ്ടാണ് രാപ്പകലുകൾ ഉണ്ടാകുന്നതെന്ന് ഗോളശാസ്ത്രം  പറയുന്നു. ഈ കറക്കത്തിന്റെ വേഗത ഇതിനേക്കാൾ അധികമാവുകയോ കുറയുകയോ ചെയ്താൽ ഭൂമിയുടെ ഉപരിതലത്തിൽ ജീവിത ദുസ്സഹമാകും. നീണ്ട രാവുകളിൽ കൊടും തണുപ്പും നീണ്ട പകലുകൾ മൂലം അത്യുഷ്ണവും ഭൂമിയിൽ അനുഭവപ്പെടും. ഭൂമിയുടെ കറക്കത്തിന് ഈ സമയക്രമം ആവിഷ്കരിച്ചതാര്?

സൗരായുഥത്തിന്റെ കേന്ദ്രമായ സൂര്യനിൽ നിന്ന് 149676000 കിലോമീറ്റർ അകലെയാണ് ശാസ്ത്ര നിഗമനപ്രകാരം ഭൂമിയുടെ സ്ഥാനം. ഇതിനേക്കാൾ ഭൂമി കുറച്ച് കൂടി സൂര്യനോട് അടുക്കുകയാണെങ്കിൽ ഭൂമിയുടെ കറക്കത്തിന്റെ വേഗത കൂടുകയും നിലവിലുള്ള കാലാവസ്ഥയിൽ കാര്യമായ മാറ്റം സംഭവിക്കുകയും അതി ശക്തമായ ഉഷ്ണം ഭൂമിയിൽ അനുഭവപ്പെടുകയും ഭൂമിയിലെ വൃക്ഷലതാദികൾ കരിയുകയും ജീവജാലങ്ങൾ ചത്തൊടുങ്ങുകയും സമുദ്ര ജലം തിളച്ചുമറിയുകയും ചെയ്യുമെന്ന് ശാസ്ത്രം പറയുന്നു. സൂര്യനിൽ നിന്ന് ഭൂമി കുറച്ച്കൂടി അകന്നാൽ ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയുകയും അതിശക്തമായ തണുപ്പ് ഭൂമിയിൽ അനുഭവപ്പെടുകയും ചെയ്യും. സമുദ്രജലം  ഐസ്സായി മാറുകയും ചെയ്യും. വളരെ കൃത്യമായി  ഇപ്പോൾ സ്ഥിതിചെയ്യുന്ന അനുപാതത്തിൽ സൂര്യനെ സ്ഥാപിച്ചതാര്?


"നക്ഷത്രങ്ങളുടെ സ്ഥാനങ്ങൾ കൊണ്ടു ഞാൻ സത്യം ചെയ്തു പറയേണ്ടതില്ലല്ലോ. തീർച്ചയായും നിങ്ങൾക്കറിയാമെങ്കിൽ അതൊരു വമ്പിച്ച സത്യം തന്നെയാണ്"  എന്ന ഖുർആനിക പ്രസ്താവന ഓരോ ഗോളത്തെയും നിശ്ചിത സ്ഥാനത്ത് സ്ഥാപിച്ചതിലുള്ള യുക്തിയും സൃഷ്ട്ടിവൈഭവവും അല്ലാഹുവിന്റെ അസ്തിത്വത്തിനു മതിയായ പ്രമാണമാണ് എന്നാണ് സൂചിപ്പിക്കുന്നത്.

അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതോടപ്പം 365.4 ദിവസമെടുത്ത് ഭൂമി നിശ്ചയ ഭ്രമണപഥത്തിലൂടെ സൂര്യനെ പ്രദിക്ഷണം ചെയ്യുന്നുണ്ട്. ഈ കറക്കം മൂലമാണ് കാലാവസ്ഥകളിൽ മാറ്റം സംഭവിക്കുന്നത്. ഏകദേശം 460 കോടി വർഷമാണ് ശാസ്ത്രം ഭൂമിയുടെ പ്രായം കണക്കാക്കിയിരിക്കുന്നത് ഇത്രെയും കാലം ഭൂമി കറങ്ങിയിട്ട് നിശ്ചിത അകലമോ റൂട്ടോ തെറ്റിയിട്ടില്ലെങ്കിൽ അതിസൂക്ഷ്മശാലിയായ ഒരാളുടെ നിയന്ത്രണം അതിനു പിന്നിൽ ആവശ്യമില്ല?

ഭൂമിക്കു പുറമെ സൗരയൂഥത്തിൽ തന്നെ സ്വയം അച്ചുതണ്ടുകളും പ്രത്യേക ഭ്രമണ പഥങ്ങളിലും വ്യത്യസ്ത വേഗതയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന എട്ടു ഗ്രഹങ്ങളും എഴുപതില്പരം ഉപഗ്രഹങ്ങളുമുണ്ട്. പ്രത്യേക സ്വഭാവത്തിലും രൂപത്തിലും അവയെ സംവിധാനിച്ചതാര്?

സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യൻ സ്ഥിതി ചെയ്യുന്നത് നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തിൽ നിന്ന് 32000 പ്രകാശവർഷം അകലെയാണെന്നു ശാസ്ത്രലോകം പറയുന്നു. ഒരു സെക്കൻഡിൽ ഏകദേശം 250 കിലോമീറ്റർ വേഗതയിൽ സൂര്യനും അടുത്തുള്ള നക്ഷത്രങ്ങളും ക്ഷീരപഥ കേന്ദ്രത്തെ ചുറ്റുന്നു. ഒരു ചുറ്റിൽ പൂർത്തിയാക്കാൻ ഏകദേശം 250 ദശലക്ഷം വർഷമെടുക്കും.

 പ്രപഞ്ചത്തിന്റെ അനന്ത വിസ്ത്രതിയിൽ ദീപസമൂഹങ്ങളെപോലെ കാണപ്പെടുന്ന നക്ഷത്രക്കൂട്ടങ്ങളത്രെ ഗാലക്സികൾ. പ്രപഞ്ചത്തിൽ പതിനായിരം കോടിയിലധികം ഗാലക്സികൾ ഉണ്ടാകുമെന്നാണ് ശാസ്ത്ര നിഗമനം. ഭൂമിയും സൂര്യനുമുൾപ്പെട്ട നക്ഷത്ര സമൂഹമായ ക്ഷീരപഥത്തിൽ തന്നെ പതിനായിരം കോടി നക്ഷത്രങ്ങളുണ്ടത്രേ.

ഒരു ലക്ഷം പ്രകാശ വർഷമത്രെ ക്ഷീരപഥത്തിന്റെ വ്യാസം. അടുത്തുള്ള 25 നക്ഷത്രസമൂഹങ്ങൾചേർന്നുള്ള ലോക്കൽ ഗ്രൂപ്പിന്റെ ഭാഗമാണു ക്ഷീരപഥം. ഈ ലോക്കൽ ഗ്രൂപ്പിൽ ഏറ്റവും വലിയ നക്ഷത്ര സമൂഹമായ ആൻഡ്രോമെഡ ക്ഷീര പഥത്തിൽ നിന്ന് 20 ലക്ഷം പ്രകാശ വർഷം അകലെയാണ് സ്ഥിതിചെയ്യുന്നതെന്ന് ശാസ്ത്രം പറയുന്നു. ക്ഷീരപഥത്തോട് ഏറ്റവുമടുത്ത നക്ഷത്ര സമൂഹവും അതാണെത്രെ. ഇത്രെയും പ്രവിശാലമായ ലോകത്തെ ഇവ്വിധം സംവിധാനിച്ചതാര്? സ്വയം ഭൂവാണെന്നു പറയാൻ മനസാക്ഷി അനുവദിക്കുന്നുണ്ടോ?

പ്രപഞ്ചോൽപത്തിയെപ്പറ്റി ശാസ്ത്രലോകത്ത് നിലവിലുള്ള സിദ്ദാന്തങ്ങളിൽ കൂടുതൽ അംഗീകാരം നേടിയത്. മഹാവിസ്‌ ഫോടന സിദ്ധാന്തമാണ്. ആദ്യം ഒന്നായിരുന്ന നക്ഷത്രങ്ങൾ ചിതറിത്തെറിച്ച് അകലങ്ങളിലേക്ക് നീങ്ങുന്നുവെന്ന നിഗമനത്തിലാണ് റഷ്യൻ ജ്യോതിശാസ്ത്രജ്ഞനായ ജോർജ് ഗാമോവ് മഹാവിസ്‌ഫോടനസിദ്ധാന്തത്തിനു  രൂപം നൽകിയത്. മഹാവിസ്‌ഫോടനത്തിനു മുമ്പ് ദ്രവ്യം ഊർജ്ജത്തിൽ നിന്നും ഉദ്ഭവിച്ചുവെന്നും ഈ മാറ്റം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സംഭവിച്ചുവെന്നും അദ്ദേഹം സമർത്ഥിച്ചു. അകലം കൂടുംതോറും നക്ഷത്രങ്ങളുടെ വേഗത വർദ്ദിച്ചു വരുന്നുവെന്നും നിരീക്ഷിക്കപ്പെട്ടു.  ഒരു കേന്ദ്രത്തിൽ ഉത്ഭവിച്ച ദ്രവ്യം വളരെ ഉയർന്ന ഊർജ്ജാവസ്തയായ  നക്ഷത്രത്തിന്റെ രൂപത്തിൽ ചിതറിത്തെറിച്ചു നീങ്ങി പ്രപഞ്ചത്തിന്റെ വികാസത്തിന്  കാരണമായിരിക്കുന്നു എന്നു കരുതുന്നു.

എന്നാൽ ദ്രവ്യസംശ്ലേഷണത്തിനാവശ്യമായിരുന്ന ഊർജ്ജം എവിടുന്നുണ്ടായി? വളരെ പെട്ടെന്ന് അതിലുണ്ടായിയെന്നു പറയപ്പെടുന്ന മാറ്റത്തിന്റെ പിന്നിൽ പ്രവർത്തിച്ച ശക്തിയേത്? എന്നീ പ്രസക്തമായ ചോദ്യങ്ങൾക്ക് ശാസ്ത്രലോകം മറുപടി പൂരിപ്പിക്കുന്നില്ല. എന്നാൽ അവയുടെ മറുപടി പ്രപഞ്ച സൃഷ്ടാവായ അല്ലാഹു എന്നു മാത്രമാണ്.

"മാർക്സിസം ഒരു പാഠപുസ്തകം" എന്ന കൃതിയിൽ പറയുന്നു: 'പ്രശസ്തരായ ശാസ്ത്രജ്ഞന്മാർ പോലും ഈ ചോദ്യം (പ്രപഞ്ചം എന്നുണ്ടായി) ഉന്നയിക്കുന്നു. അതു നമ്മെ കൊണ്ടെത്തിക്കുന്നത് എവിടെയാണെന്നോ? കൂടപ്പിറപ്പായ മറ്റൊരു ചോദ്യത്തിൽ! പ്രപഞ്ചം സൃഷ്ടിച്ചതാര്?  ഇതിനു ഈശ്വരൻ എന്നല്ലാതെ മറ്റൊരുത്തരവും നൽകാൻ സാധ്യമല്ല.'

അല്ലാഹു പറയുന്നു:


"ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ"

അന്തരീക്ഷവും ഭൂമിയും വരണ്ടുണങ്ങിയ ശേഷം മഴ വർഷിച്ച് പ്രകൃതിയെ ഉത്പാദനത്തിനായി തുറന്നുവെക്കുന്നതിനെ സൂചിപ്പിക്കുന്നതാണ് മേൽ വചനമെന്ന് പൂർവ്വീകരായ വ്യാഖ്‌യാതാക്കൾ പറയുന്നു.

എന്നാൽ "റത്ഖ്" എന്ന പദത്തിന് ഭാഷാപരമായി കൂടുതൽ അനുയോജ്യമായ അർത്ഥം ഒട്ടിച്ചേർന്നത് എന്നതാണ്. സമീപകാലത്തെ ഖുർആൻ വ്യാഖ്‌യാതാക്കളൊക്കെ ഈ അർത്ഥമാണ് നൽകിയിട്ടുള്ളത്. ഇതനുസരിച്ച് ഈ വചനം പ്രപഞ്ചോല്പത്തിയെ പറ്റിയുള്ള ആധുനിക വീക്ഷണത്തോടു യോജിക്കുന്നതാണ്. വിശുദ്ധ ഖുർആന്റെ അവതാരകാലത്ത് ലോകത്തിനു അജ്ഞാതമായിരുന്നു ഒരു ഭൗതിക യാത്ഥാർത്യത്തെപറ്റിയുള്ള ഈ പരാമർശം വിശുദ്ധ ഖുർആൻ സൃഷ്ടാവിന്റെ വചനങ്ങളാണെന്നതിനു മതിയായ രേഖയാണ്. "സത്യനിഷേധികൾ കണ്ടില്ലേ" എന്ന ഖുർആന്റെ ചോദ്യം പ്രത്യേകം ശ്രദ്ധേഹമാണ്.

പ്രപഞ്ചം അനാദിയല്ല. ഇല്ലായ്മയിൽ നിന്ന് ഉണ്ടായതാണ്. ഒട്ടനവധി പ്രമാണങ്ങൾ ഇതിനു കാണിക്കാൻ സാധിക്കും. പദാർത്ഥങ്ങൾ കൂട്ടിച്ചേർന്നുണ്ടാവുന്ന ഏതു വസ്തുവിനെ ഏതു വസ്തുവിനെ എടുത്ത് പരിശോധിച്ചാലും  അത് അനാദിയല്ലെന്നും പുതുതായി ഉണ്ടായതാണെന്നും നാശത്തിനു വിധേയമാണെന്നും കാണാൻ കഴിയും.  

പ്രപഞ്ചത്തിലെ വസ്തുക്കൾക്കെല്ലാം സത്ത, ഗുണം എന്നിങ്ങനെ രണ്ടു അവസ്ഥയുള്ളതായി കാണാം. വെള്ളം വായുവായും പദാർത്ഥം ഊർജ്ജമായും രൂപാന്തരപ്പെടുമ്പോൾ വെള്ളത്തിന്റെയും പദാർത്ഥത്തിന്റെയും രൂപവും ഗുണവും നഷ്ടപ്പെടുന്നു. വീണ്ടും വായു വെള്ളമായും ഊർജ്ജം പദാർത്ഥമായും മാറുമ്പോൾ പഴയ രൂപവും ഗുണവും തിരിച്ചു കിട്ടുന്നു. രണ്ടാമതുണ്ടായ ഈ രൂപവും ഗുണവും ഇല്ലായ്മയിൽ നിന്നുണ്ടായതാണെന്ന് വ്യക്തമാണല്ലോ. എങ്കിൽ രണ്ടാമതുണ്ടായ ഈ ഗുണത്തോട് അക്ഷരത്തിലും അർത്ഥത്തിലും തുല്യമായ ആദ്യത്തെ ഗുണവും അനാദിയല്ലെന്ന കാര്യം വ്യക്തമാണ്. ആദ്യമുണ്ടായിരുന്ന ഗുണം അനാദിയായിരുന്നെങ്കിൽ അത് നശിക്കുമായിരുന്നില്ലല്ലോ. ഗുണകളില്ലാത്ത സത്തയും സത്തയില്ലാത്ത ഗുണങ്ങളും ഉണ്ടാവുകയില്ലന്നത് അനുഭവസത്യമാണ്. പുതുതായുണ്ടായ രൂപവും ഗുണവും ചേർന്നുണ്ടായ സത്ത എങ്ങനെ അനാദിയാവും? 

സത്ത മൂന്നായി തിരിക്കാം

(1) വാജിബ് ഉണ്ടാവാൻ നിർബന്ധമായതും ഇല്ലാതിരിക്കാൻ ബുദ്ദിയിൽ രൂപപ്പെടാത്തതും.

(2) മുംതനിഅ് ഒരുനിലക്കും ഉണ്ടാവൽ ബുദ്ദിയിൽ രൂപപ്പെടാത്തത്.

(3) മുംകിന് ഉണ്ടാവുന്നതിനും ഇല്ലാതിരിക്കുന്നതിനും ബുദ്ദിപരമായ തടസ്സമില്ലാത്തത്. 

മൂന്നാമത്തെ ഇനമായ മുംകിനിൽ പെട്ടതാണ് പ്രപഞ്ചം. കാരണം പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും നാശത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത സർവ്വാംഗീകൃതമാണ്. നാശത്തിനും പരിണാമത്തിനും വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ അസ്തിത്വം ഒന്നാം ഇനമായ വാജിബ് ആവാൻ പറ്റില്ലെന്ന് വാജിബിന്റെ അർത്ഥത്തിൽ നിന്ന് തന്നെ വ്യക്തമാണ്. ഉണ്ടാവൽ അസംഭവ്യമായ ഒന്നായി ഉണ്ടായ പ്രപഞ്ചത്തെ കാണാൻ പറ്റുകയില്ലല്ലോ. അപ്പോൾ പ്രപഞ്ചം ഉണ്ടാക്കിയാൽ മാത്രം ഉണ്ടാകുന്ന ഒന്നാണെന്ന് ഇതിൽനിന്നു സുതരാം വ്യക്തമാണല്ലോ. അതിനാൽ അതിനെ ഉണ്ടാക്കിയ ഒരു സൃഷ്ട്ടാവ് കൂടിയേ തീരൂ. ആ സൃഷ്ട്ടാവ് പ്രപഞ്ചത്തിൽനിന്ന് എല്ലാ നിലയിലും വ്യത്യസ്തനും അസ്തിത്വം നിർബന്ധമായവനും അനാദിയും നാശത്തിനു വിധേയനല്ലാത്തവനും ആയെ മതിയാകൂ. അല്ലെങ്കിൽ പ്രപഞ്ചത്തിന്റെ ഒരു ഭാഗമായി അവനെയും കാണാമല്ലോ. അങ്ങനെ വരുമ്പോൾ അവനും ഒരു സൃഷ്ട്ടാവ് ആവശ്യമായി വരും. ആ സൃഷ്ട്ടാവ് അവൻ തന്നെയാവാൻ തരമില്ല. കാരണം സൃഷ്ടിയും സൃഷ്ട്ടാവും ഒരാൾ തന്നെയാവുകയെന്നത് അസംഭവ്യമാണ്. മറ്റൊരാളാണെന്നു വെച്ചാൽ അയ്യാളെ സൃഷ്ട്ടിച്ച മറ്റൊരാൾ രംഗത്ത് വരേണ്ടിവരും. അവൻ വാജിബും അനാദിയുമാണെങ്കിൽ പ്രശ്നം അവസാനിക്കുന്നതും യാത്ഥാർത്ഥ സൃഷ്ട്ടാവ് അവനാണെന്ന് സ്ഥിരപ്പെടുന്നതുമാണ്. സൃഷ്ട്ടാവ് വാജിബും അനാദിയുമാണെന്നതിനർത്ഥം ഇല്ലായ്മ എന്നൊരവസ്ഥ അവനുണ്ടായിട്ടില്ല എന്നാണല്ലോ. ഇക്കാരണത്താൽ തന്നെ അവനൊരു സൃഷ്ടാവിന്റെ ആവശ്യവുമില്ല. ഇല്ലാത്ത ഒന്നിനെയാണല്ലോ ഉണ്ടാക്കേണ്ടത്. അല്ലാഹുവിന്റെ ആസ്തിക്യം വിളിച്ചോതുന്ന നിരവധി പ്രമാണങ്ങൾ ഇനിയും വിവരിക്കാനുണ്ട്. 

അല്ലാഹുവിന്റെ വിശേഷണങ്ങൾ

ഇസ്‌ലാം പരിചയപ്പെടുത്തുന്ന അല്ലാഹു കേവലം ശക്തിയല്ല. പ്രത്യുത പരിപൂർണ്ണതയുടെ എല്ലാ വിശേഷണങ്ങളും ഒത്തിണങ്ങിയ, സ്വയം പര്യാപ്തനാണവൻ. അല്ലാഹു പറയുന്നു.  


"അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ". 

അല്ലാഹുവെ അല്ലാഹു തന്നെ പരിചയപ്പെടുത്തുന്നത് കാണുക.  


"(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും."

അല്ലാഹുവിന്റെ സവിശേഷ ഗുണങ്ങൾ അനവധിയാണ്. അവ എന്നി തിട്ടപ്പെടുത്തുവാൻ ഒരാൾക്കും സാധ്യമല്ല. എന്നാൽ അല്ലാഹുവിനുണ്ടായിരിക്കൽ നിർബന്ധമായ 20 സ്വിഫത്തുകളും ഉണ്ടാവാൻ പാടില്ലാത്ത 20 സ്വിഫത്തുകളും ജാഇസായ ഒരു സ്വിഫത്തും അറിഞ്ഞിരിക്കാൻ ഓരോ മുസ്ലിമിനും നിര്ബന്ധമാണ്.

ഉണ്ടാവൽ നിർബന്ധമായ സ്വിഫത്തുകൾ ഇവയാണ്.
(1) ഉണ്മ. അനന്തവിസ്ത്രതമായ ഈ അത്ഭുത പ്രപഞ്ചത്തെ ഇല്ലായ്മയിൽ നിന്ന് ഉണ്മയിലേക്ക് കൊണ്ടുവന്നവൻ ഇല്ലാത്തവനാണെന്ന് പറയാൻ ഒരു ബുദ്ദിക്കും സാധ്യമല്ല. അതിനാൽ ഉള്ളവൻ എന്ന വിശേഷണത്തിനുടമയാണ് അല്ലാഹു എന്നതിന് തെളിവുകൾ ആവശ്യമില്ല.

(2) ഇല്ലായ്മ മുൻകടക്കാതിരിക്കൽ.
ഇല്ലാത്തവൻ എന്ന അവസ്ഥ അല്ലാഹുവിനുണ്ടായിട്ടില്ലെന്നുസാരം.

(3) ഇല്ലായ്മ വന്നു ചേരാതിരിക്കൽ.

(هوالأول والأخر) "അവൻ ആഢ്യനാണു, അന്ത്യമില്ലാത്തവനാണ്" എന്ന വചനം കൊണ്ടു സൂചിപ്പിക്കുന്നത് ഈ രണ്ട് വിശേഷങ്ങളാണ്.

(4) സൃഷ്ടികളോട് എല്ലാവിധേനയും എതിരായവൾ. അഥവാ സത്തയിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും തുല്യനില്ലാത്തവനാകൾ. അല്ലാഹു പറയുന്നു.  


"അവനുതുല്യമായൊതൊന്നുമില്ല. അവൻ എല്ലാം കാണുന്നവനും കേൾക്കുന്നവനുമാകുന്നു". 

(5) സ്വയം പര്യാപ്തത. അഥവാ സ്ഥലത്തിലേക്കോ കർത്താവിലേക്കോ ആവശ്യമില്ലാത്തവനാകൾ. വിശേഷണങ്ങളുടെ നിലനിൽപ്പിന് ഒരു സത്ത ആവശ്യമുള്ളതുപോലെ അല്ലാഹുവിന്റെ നിലനിൽപ്പിന് ഒരു സത്ത ആവശ്യമില്ല. പ്രപഞ്ചത്തിനു ഒരു കർത്താവ് ആവശ്യമുള്ളതുപോലെ അല്ലാഹുവിനു ഒരു കർത്താവ് ആവശ്യമില്ല. ഒരു കർത്താവിനാൽ ഉണ്ടായത് അനാദിയാവില്ലല്ലോ. അല്ലാഹു പറയുന്നു. 


"മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു".

(6) ഏകനാവാൽ.  സത്ത(ദാത്ത്) യിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും ഏകൻ. ദത്തിലും സ്വിഫാത്തിലും ഏകൻ എന്നതിന് രണ്ട് വശങ്ങളുണ്ട്. ദാത്തിൽ ഏകൻ എന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ സത്ത ഒന്നിലധികം ഘടകങ്ങൾ ചേർന്നുണ്ടായതല്ലെന്നും അതോടെ തത്തുല്യമായ മറ്റൊരു സത്തയില്ലെന്നുമാണ്. സ്വിഫാത്തിൽ ഏകൻ എന്നതിനർത്ഥം അല്ലാഹുവിനു ഒരിനത്തിൽപ്പെട്ട (ഉദാ:- രണ്ട് കഴിവ്) രണ്ട് വിശേഷണങ്ങളില്ലെന്നും അല്ലാഹുവിന്റെ വിശേഷണങ്ങൾക്ക് തുല്യമായ വിശേഷണങ്ങളുള്ള വരില്ലെന്നുമാണ്. പ്രവർത്തികളിൽ ഏകനെന്നു പറഞ്ഞാൽ അല്ലാഹു പ്രവർത്തിക്കുന്നത് പോലെ പ്രവർത്തിക്കുന്ന മറ്റാരുമില്ലെന്നാണ്. പ്രവർത്തിക്കാനുള്ള അല്ലാഹുവിന്റെ കഴിവ് സ്വയമുള്ളതാണല്ലോ.

അല്ലാഹു പറയുന്നു: 

"പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്‌. അവന്‍ ഏകനും സര്‍വ്വാധിപതിയുമാകുന്നു". 

(7) കഴിവ്. ഉദ്ദേശ്യമനുസരിച്ച് മുംകിനായ ഒരു വസ്തുവിനെ ഉണ്ടാക്കാനും ഇല്ലാതാക്കാനും സൗകര്യപ്രദമാം വിധം അല്ലാഹുവിന്റെ ദാത്തിൽ നിൽക്കുന്ന ഒരനാദിയായ വിശേഷണമാണ് കഴിവ്. അല്ലാഹു പറയുന്നു:

"നിശ്ചയം അല്ലാഹു എല്ലാ വസ്തുക്കൾക്കും കഴിവുള്ളവനാകുന്നു". 

(8) ഉദ്ദേശ്യം. ചില വസ്തുക്കളെ ചില പ്രത്യേക ആകൃതിയിലും വലുപ്പത്തിലും ആക്കാൻ സൗകര്യപ്പെടും വിധം അല്ലാഹുവിന്റെ ദാത്തിൽ നിൽക്കുന്ന ഒരനാദിയായ വിശേഷണം. ഈ രണ്ട് വിശേഷണങ്ങൾ മുംകിനായ (ഉണ്ടാവാനും ഇല്ലാതിരിക്കാനും തുല്യ അവകാശമുള്ളത്) വസ്തുക്കളോട് മാത്രമേ ബന്ധിക്കൂ. കാരണം കഴിവിന്റെ സ്വഭാവം ഇല്ലാത്തതിനെ ഉണ്ടാക്കലും ഉള്ളതിനെ ഇല്ലാതാക്കലുമാണല്ലോ. ഇറാദത്തിന്റെ സ്വഭാവം ചില വസ്തുക്കൾക്ക് പ്രത്യേക സമയം, സ്ഥലം, ഭാഗം തുടങ്ങിയവ നിശ്ചയിക്കലുമാണ്. ഈ രണ്ട് സംഗതികളും "മുംകിന്" എന്ന വകുപ്പിലെ സാധിക്കൂ എന്ന കാര്യം വ്യക്തമാണ്.

(9) ഇല്മു. (വാജിബും ജാഇസും മുസ്തഹീലുമായ എല്ലാ വസ്തുക്കളുമായും ബന്ധപ്പെട്ട അറിവ്.) ഇവയിൽപ്പെട്ട യാതൊന്നും വ്യക്തമാവാൻ പര്യാപ്തമായ അല്ലാഹുവിന്റെ ദാത്തിൽ നിൽക്കുന്ന അനാദിയായ ഒരു വിശേഷണം. അല്ലാഹു പറയുന്നു: 


"തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്‍റെ) കണ്ഠനാഡി യെക്കാള്‍ അവനോട് അടുത്തവനും ആകുന്നു". 

(10) ഹയാത്ത്. (ജീവ്) അല്ലാഹുവിന്റെ ദാത്തിൽ നിൽക്കുന്ന അനാദിയായൊരു വിശേഷണം. മറ്റെല്ലാ വിശേഷണങ്ങളുടെയും ഉണ്മക്ക് ജീവ അനിവാര്യമാണല്ലോ. അല്ലാഹു പറയുന്നു.

اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ
അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍

(11)കേൾവി. കേൾക്കപ്പെടുന്ന വസ്തുക്കളുമായി ബന്ധിക്കുന്ന ഒരു വിശേഷണം.
(12) കാഴ്ച. കാണപ്പെടുന്ന വസ്തുക്കളുമായി ബന്ധിക്കുന്ന ഒരു വിശേഷണം.
(13) അക്ഷരമോ ശബ്ദമോ ഇല്ലാത്ത സംസാരം. അല്ലാഹുവിന്റെ കലാം അനാദിയാണ്. അതിനാൽ ആദിയായ അക്ഷരങ്ങളോ ശബ്ദങ്ങളോ ക്രമമോ അതിനില്ല. പ്രത്യുത അല്ലാഹുവിന്റെ ഉന്നതമായ ദാത്തിൽ നില്ക്കുന്ന ഒരാശയമാണത്. (മഅ്നാ). തൗറാത്ത്, ഇൻജീൽ, സബൂർ, ഫുർകാൻ, എന്നിങ്ങനെ വ്യത്യസ്ത പേരുകൾ അതിനു പറയും. ഒരു കാര്യം കല്പിക്കാനോ വിലക്കാനോ ഉദ്ധേശിക്കുന്നവൻ മനസ്സിൽ ഒരാശയം രൂപപ്പെടുത്തുകയും ശേഷം ആ ആശയത്തെ കാണിക്കുന്ന വാചകം പറയുകയോ എഴുതുകയോ സൂചിപ്പിക്കുകയോ ചെയ്യാറുണ്ടല്ലോ. അറിവെന്നു അതേപ്പറ്റി പറയാവതല്ല. കാരണം അറിയാത്തതും അറിയുന്നതിന്റെ മാറ്റവുമെല്ലാം മനുഷ്യൻ പറയാറുണ്ടല്ലോ. ഉദ്ദേശ്യമാണെന്നുപറയാനും വകുപ്പില്ല. കാരണം ഉദ്ദേശിക്കാത്ത കാര്യവും കല്പിക്കാറുണ്ട്. ഈ ആശയത്തിനാണ് 'കലാമിന് നഫ്സിയ്യുന്' എന്നു പറയുന്നത്. ഇതിനു അക്ഷരമോ ശബ്ദമോ ഇല്ല. പക്ഷെ അത് നമ്മുടെ നാവിലൂടെ പുറത്തുവരുമ്പോൾ അതിനു അക്ഷരവും ശബ്ദവും ഉണ്ടാവുന്നു. അക്ഷരവും ശബ്ദവുമുള്ള ഈ സംസാരം മനസ്സിലുള്ള ആശയത്തെ കാണിക്കും പോലെ അക്ഷരവും ശബ്ദവുമുള്ള വേദ ഗ്രൻഥങ്ങളിലെ വചനങ്ങൾ അല്ലാഹുവിന്റെ ദാത്തിൽ നിൽക്കുന്ന ആശയത്തെ കാണിക്കുന്നവയാണ്.  

(14) അല്ലാഹു കഴിവുള്ളവനാകൾ
(15) അല്ലാഹു ഉദ്ദേശിക്കുന്നവനാകൽ
(16) അല്ലാഹു അറിയുന്നവനാകൽ.
(17) അല്ലാഹു ജീവനുള്ളവനാകൽ
(18) അല്ലാഹു കേൾവിയുള്ളവനാകൽ
(19) അല്ലാഹു കാഴ്ചയുള്ളവനാകൽ.
(20) അല്ലാഹു സംസാരിക്കുന്നവനാകൽ

 14 മുതൽ 20 വരെയുള്ള ഏഴു  സ്വിഫത്തുകൾക്ക് "സ്വിഫാത്ത് മഅ്നവിയ്യ" എന്നും 7 മുതൽ 13 വരെയുള്ള സ്വിഫത്തുകൾക്ക് "സ്വിഫാത്ത് മആനി" എന്നുമാണ് സാങ്കേതിക തലത്തിൽ പറയാറുള്ളത്. അവതമ്മിലുള്ള വ്യത്യാസം ഇനിപ്പറയുന്നതാണ്: സിഫത്തുൽ മആനി അല്ലാഹുവിന്റെ ഉന്നതമായ ദാത്തിൽ നിൽക്കുന്ന, ഉണ്ടാവാൻ നിർബന്ധമായ, സ്വിഫത്തുകളാണ്. അതേസമയം മഅ്നവിയ്യായ   ഏഴു സ്വിഫത്തുകൾ സ്വിഫാത്തുൽ മആനി പോലെ സ്വയം ഉള്ളവയല്ലെങ്കിലും ഫലത്തിൽ ദാത്തിനെ വിശേഷിപ്പിക്കാവുന്ന സ്വിഫത്തുകളാണ്. ഉദാഹരണത്തിന് അല്ലാഹു വിജ്ഞാനം ഉള്ളവനാകൽ എന്നതിനർത്ഥം വിജ്ഞാനം എന്ന സ്വിഫത്ത് അല്ലാഹുവിന്റെ ദാത്തിൽ നിൽക്കുന്നതാണെന്നും ചിലർ പറയുന്ന പോലെ മരത്തിലോ മറ്റോ അല്ലെന്നുമാണ്. "സ്വിഫാത്തുൽ മആനി" അല്ലുവിനെ ദാത്തിൽ നിൽക്കുന്നവയല്ലെന്നു പറയുന്ന പുത്തൻ പ്രസ്ഥാനക്കാരെ ഖണ്ഡിക്കാനാണ്‌ അവയെ പ്രത്യേകം എടുത്തു പറയുന്നതെന്ന് സാരം.

മേൽ പറഞ്ഞ 20 സ്വിഫത്തുകളുടെ മാറ്റം അല്ലാഹുവിനുണ്ടാകാൻ പാടില്ലാത്തവയാകുന്നു.

(1)ഇല്ലായ്മ (2) ഇല്ലായ്മ മുൻകടക്കൽ (3) ഇല്ലായ്മ വന്നുചേരൽ (4) സൃഷ്ടികളോട് തുല്യനാവൽ (5) സ്വയം പര്യാപ്തനാവാതിരിക്കൽ (6) ദത്തിലും സ്വിഫാത്തിലും അഫ്ആലിലും ഏകനാവാതിരിക്കൽ (7) അശക്തത (8) ഉദ്ദേശ്യമില്ലാതിരിക്കൽ (9) അജ്ഞത (10) മരണം (11) ബധിരത (12) അന്ധത (13) ഊമയാവുക (14) അശക്തനായിരിക്കൽ (15) ഉദ്ദേശ്യമില്ലാത്തവനായിരിക്കൽ (16) വിവരമില്ലാത്തവനായിരിക്കൽ (17) മരിച്ചവനായിരിക്കൽ (18) ബധിരനായിരിക്കൽ (19) അന്ധനായിരിക്കൽ (20) ഊമയായിരിക്കൽ.

മേൽ പറഞ്ഞ 20 സ്വിഫത്തുകൾ അല്ലാഹുവിനുണ്ടായിരിക്കൽ നിർബന്ധമാണെന്നും അവയുടെ വിപരീതമായ 20 വിശേഷണങ്ങൾ അല്ലാഹുവിനുണ്ടാവാൻ പാടില്ലെന്നും ബുദ്ടിപരമായി തന്നെ സ്ഥിരപ്പെട്ടതാണ്. വിശുദ്ധ ഖുർആനും തിരു സുന്നത്തും അത് ശരിവെക്കുകയും ചെയ്യുന്നു.

മുംകിനായ ഏതൊരു കാര്യവും ചെയ്യാനും ചെയ്യാതിരിക്കാനും അല്ലാഹുവിനു സ്വാതന്ത്രമുണ്ട്. പ്രതിഫലം നൽകുക, ശിക്ഷിക്കുക, പ്രവാചകരെ അയക്കുക, തുടങ്ങിയവ അതിനുദാഹരമാണ്.

ഇതുവരെയുള്ള വിവരണത്തിൽ നിന്ന് അല്ലാഹു യാതൊരു ഗുണങ്ങളുമില്ലാത്ത അന്ധമായൊരു ശക്തിയല്ലെന്ന് വ്യക്തമായല്ലോ. അന്ധമായൊരു ശക്തിയായ ദൈവത്തെ അനുമാനിക്കുന്നവർക്ക് അവനെ ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. കാരണം അവർക്കു വ്യക്തിത്വവും മറ്റു ഗുണങ്ങളുമുള്ളതുകൊണ്ട് ദൈവത്തെക്കാൾ ഉന്നതർ അവരാണല്ലോ.