സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 17 October 2014

തജ്‌വീദുൽ ഖുർ‌ആ‍ൻ മൂന്നാം ഭാഗം


(മദ്ദ് - المــــد )


ഫത്‌ഹിന് ശേഷം ‘അലിഫും’ ദ്വമ്മിന് ശേഷം സുകൂനാ‍യ വാവും കസ്‌റിന് ശേഷം സുകൂനായ യാ‌ഉം വരുമ്പോള്‍ ഈ അക്ഷരങ്ങള്‍ കൊണ്ട് ആ ഹര്‍ക്കത്തുക്കളുടെ ശബ്ദത്തെ ദീര്‍ഘിപ്പിക്കുന്നതിനാണ് മദ്ദ് എന്ന് പറയുന്നത്. ഇത് ‘അസ്വ്‌ലിയ്യ് ‘(أَصْلِيّْ) , ‘ഫര്‍‌ഇയ്യ് ‘(فَرْعِيّْ) ഇങ്ങനെ രണ്ടു വിധമുണ്ട്. മദ്ദുള്ള അക്ഷരത്തെ ഉച്ചാരണത്തില്‍ കൊണ്ടുവരാന്‍ ആവശ്യമായ ദീര്‍ഘത്തിനാണ് ‘അസ്വ്‌ലിയ്യ്’ എന്ന് പറയുക. ഒരു അലിഫിന്റെ ഖദ്‌റാണ് ഇതിന്റെ ദീര്‍ഘം (രണ്ട് ഹര്‍ക്കത്തിന്റെ ഖദ്‌ര്‍) . ഉദാ : ب എന്നതിന് അസ്വ്‌ലിയ്യായ മദ്ദ് കൊടുത്താല്‍ بٰا എന്നായി. അപ്പോള്‍ بَبْ എന്നുച്ചരിക്കുന്ന സമയം തന്നെയാണ് بٰا എന്നുച്ചരിക്കാനും എടുക്കേണ്ടത്.

‘തര്‍തീല്‍‘ ترتيل (സമാധാനം) , ‘തദ്‌വീര്‍’ تدوير (മിതം) , ‘ഹദര്‍’ حدر (വേഗത), ഈ മൂന്ന് വിധത്തിലും ഖുര്‍‌ആന്‍ പാരായണം ചെയ്യാം. പക്ഷേ നിയമം മറികടക്കരുത്. അപ്പോള്‍ തര്‍‌തീലായി ഓതുമ്പോള്‍ എല്ലാ അക്ഷരവും സമാധാനത്തില്‍ ഉച്ചരിക്കപ്പെടുന്നതിനാല്‍ മദ്ദും അതിനനുസരിച്ച് കൂടുന്നതും തദ്‌വീര്‍ , ഹദര്‍ എന്നിവയില്‍ അതനുസരിച്ച് കുറയുന്നതുമാണ്.

അസ്‌ലിയായ ‘മദ്ദ്’ പദത്തിന്റെ നടുവിലായാലും ഒടുവിലായാലും വഖ്‌ഫിലായാലും ചേർത്തോതുമ്പോഴാ‍യാലും മേൽ പറഞ്ഞ ഖദ്‌റിനേക്കാൽ ഏറ്റലും ചുരുക്കലും ഹറാമാണ്. മലയള ഭാഷയിൽ താടി, മൂക്ക്, ദീനം തുടങ്ങിയ പദങ്ങൾ എടുത്ത് നോക്കുക. കൂടുതൽ നീട്ടുന്നത് വളരെ അഭംഗിയായിരിക്കില്ലേ ? നീട്ടാതിരിക്കയാണെങ്കിൽ താടി എന്നത് തടി എന്നും മൂ‍ക്ക് എന്നത് മുക്ക് എന്നും ദീനം എന്നത് ദിനം എന്നുമായി അർത്ഥം മാറുന്നു. ഉദാ:


എന്നതിലെ وسلموا تسليما എന്ന പദം നോക്കുക. ഇതില്‍ സല്ലിമൂ എന്നതിലെ മീമിനും ‘തസ്‌ലീമാ’ എന്നതിലെ ലാമിനും അതിലെത്തന്നെ അവസാനത്തെ മീമിനും ഒരേ ദൈര്‍ഘ്യം മാത്രമേ പാടുള്ളൂ. അതു പോലെ


തുടങ്ങിയ സ്ഥലങ്ങളില്‍ വഖ്‌ഫ് ചെയ്യുമ്പോള്‍ ചിലര്‍ കൂടുതല്‍ നീട്ടാറുണ്ട്. അത് നിഷിദ്ധമാണ്.


المد الفرعي ഫര്‍‌ഇയ്യായ മദ്ദ്


വല്ല കാരണത്താലും അസ്വ്‌ലിയ്യിനേക്കാള്‍ നീട്ടേണ്ടിവരുന്ന മദ്ദിനാണ് ‘ഫര്‍‌ഇയ്യ്’ എന്ന് പറയപ്പെടുന്നത്. ഈ കാരണങ്ങള്‍ "معنوي" ، "لفظي" എന്നിങ്ങനെ രണ്ടു വിധമുണ്ട്.

മഹത്വം ദ്യോതിപ്പിക്കുക, ബലമായി നിഷേധിക്കുക, നിന്ദ്യതയെ സൂചിപ്പിക്കുക മുതലായവയാണ് മ‌അ്നവിയ്യായ കാരണങ്ങള്‍. വല്ലാത്ത വേദന , കണ്ടിട്ടേയില്ല, മഹാ മോശം എന്നൊക്കെ പറയുമ്പോള്‍ കാര്യത്തിന്റെ ഗൌരവാവസ്ഥ സൂചിപ്പിക്കാന്‍ വേണ്ടി കൂടുതല്‍ നീട്ടാറുണ്ടല്ലോ.

ഇതുപോലെ لاٰ رَيْبَ , لاٰشِيَةَ , لاٰ إلٰهَ إِلاَّ الله തുടങ്ങിയ സ്ഥലങ്ങളില്‍ ചില ഖാരി‌ഉകള്‍ കൂടുതല്‍ നീട്ടിയിട്ടുണ്ട്.

الله എന്നതിലെ ലാമുല്‍ ജലാലത്തിനെ രണ്ടക്ഷരത്തിന്റെ ഖദ്‌ര്‍ നീട്ടുന്നത് മദ്ദ് تعظيم ആദരവിന്റെ ഇനത്തില്‍ പെട്ടതാണ്.

നിസ്കാരത്തിലെ പോക്കുവരവിന്റെ തക്‍ബീറുകള്‍ ഇങ്ങനെ ആവശ്യത്തിന് നീട്ടാവുന്നതാണ്.

അപ്പോള്‍ ലാമുല്‍ ജലാലത്തിന് ഖുര്‍‌ആന്‍ അല്ലാത്തതില്‍ ഏഴ് അലിഫ് വരെ മദ്ദ് ചെയ്യല്‍ അനുവദനീയമാണ്. അതിലും കൂടുതല്‍ നീട്ടല്‍ ഹറാമുമാണ്. ഖുര്‍‌ആനില്‍ ലാമുല്‍ ജലാലത്തിനെ രണ്ട് അലിഫിന്റെ ഖദ്‌റ് നീട്ടാവുന്നതാണ്.

ലഫ്‌ളിയ്യായ കാരണങ്ങള്‍ മുഖേനയുള്ള ഫര്‍‌ഇയ്യായ മദ്ദ്
മദ്ദക്ഷരത്തിന് ശേഷം ഹം‌സയോ സുകൂനോ ഉണ്ടാകുന്ന പക്ഷം അസ്‌ലിയ്യിനേക്കാള്‍ കൂടുതല്‍ നീട്ടണം. ഹം‌സയുടേയും സുകൂനിന്റെയും ഉഛാരണം സുഖകരമാക്കാനാണിത്. ഫര്‍‌ഇയ്യായ മദ്ദ് അഞ്ച് ഇനങ്ങളാണ്.
ُمُتَّصِلْ ، مُنْفَصِلْ ، لاَزِمْ ، عَارِضْ ، لِينْ
എന്നിവയാണത്. ഓരോന്നും വിശദീകരിക്കാം.

1. المد المتصل

മദ്ദക്ഷരത്തിന് ശേഷം അതേ പദത്തില്‍ തന്നെ ഹം‌സ് (همز) വന്നാലുണ്ടാകുന്ന മദ്ദിനാണ് മദ്ദ് മുത്തസ്വില്‍ എന്ന് പറയുന്നത്. അസ്വ്‌ലിയ്യായ മദ്ദിനേക്കാള്‍ ഇതിനെ നീട്ടണമെന്നതില്‍ ഖുര്‍‌റാഉകള്‍ എല്ലാവരും യോജിച്ചത് കൊണ്ട് ഇതിന് മദ്ദ് വാജിബ് എന്നും പേരുണ്ട്. ഇത് ശറ‌ഇയ്യായ വാജിബില്‍ പെട്ടതാണ്. നമ്മുടെ ഖിറാ‌അ‌ത്തനുസരിച്ച് മൂന്നോ മൂന്നരയോ അലിഫിന്റെ ഖദ്‌ര്‍ മദ്ദ് ചെയ്യാവുന്നതാണ്
ഉദാ:


മുത്തസിലായ രണ്ട് മദ്ദ് അടുത്തു വന്നാല്‍ അവയെ സമമാക്കല്‍ നിര്‍ബന്ധമാണ്. തൊട്ടുമുകളിലുള്ള ഉദാഹരണത്തിലെ എന്നതിലുള്ള من السماء ماء രണ്ട് മദ്ദുകള്‍ പോലെ.
 
ഫർ‌ഇയായ മദ്ദിന്റെ 5 ഇനങ്ങളിൽ രണ്ടാമത്തേത്
المد المنفصل
ഒരു പദത്തിന്റെ അവസാനത്തില്‍ മദ്ദക്ഷരവും അടുത്ത പദത്തിന്റെ ആദ്യത്തില്‍ ഹം‌സയും വന്നാല്‍ അതിന് മദ്ദ് മുന്‍‌ഫസില്‍ എന്ന് പറയുന്നു. ഇവിടെയും മൂന്നോ മൂന്നരയോ അലിഫിന്റെ ഖദ്‌ര്‍ മദ്ദ് ചെയ്യാവുന്നതാണ്. പക്ഷേ ഈ മദ്ദ് വാജിബല്ല. എന്നാല്‍ രണ്ട് മുന്‍‌ഫസിലായ മദ്ദ് അടുത്ത് വന്നാല്‍ അതില്‍ ഒന്നിന് മദ്ദ് ചെയ്യുകയും മറ്റേതിന് ചെയ്യാതിരിക്കുകയും ചെയ്യാന്‍ പാടില്ല. ഖദ്‌റില്‍ വ്യത്യാസപ്പെടുത്താനും പാടില്ല.
ഉദാ:


ഹാ‌ഉ ദമീറിന് (هاء الضمير)ശേഷം ഹം‌സ വന്നാലും ഇതു പോലെ മുന്‍‌ഫസിലായ മദ്ദിന്റെ വിധിയാണ്.
ഉദാ:


المد اللازم മദ്ദ് ലാസിം


മദ്ദക്ഷരത്തിനോ, ലീനക്ഷരത്തിനോ (واو ، ياء) ശേഷം അതേ കലിമത്തില്‍ ‘വഖ്‌ഫിലും വസ്വ്‌ലിലും’ സ്ഥിരമായോ ഇദ്‌ഗാമിനുവേണ്ടി ലാസിമായതോ ആയ സുകൂനുണ്ടായാല്‍ ആ മദ്ദിന് لازم എന്നു പറയുന്നു. എല്ലാ ഖാരി‌ഉകളും മൂന്ന് അലിഫിന്റെ ഖദ്‌ര്‍ മദ്ദ് ചെയ്തതുകൊണ്ടാണ് ഇതിന് مد لازم എന്നു പേരു ലഭിച്ചത്. ഇതിനെ മൂന്ന് ഹര്‍ഫിന്റെ ഖദ്‌റാണ് നീട്ടേണ്ടത്. ഇത് ശറ‌ഇയായ വാജിബാണ്
ഉദാ:

ലാസിമായ രണ്ടോ അതില്‍ അധികമോ മദ്ദ് അടുത്ത് വന്നാല്‍ നീട്ടുന്നതില്‍ സമമാക്കല്‍ വാജിബാണ്.
ഉദാ:

المد العارض -മദ്ദ് ആരിള്
മദ്ദക്ഷരത്തിന്റെ ശേഷം വഖ്‌ഫ് ചെയ്യുമ്പോള്‍ സുകൂന്‍ പുതുതാകുന്നതിനാലുണ്ടാകുന്ന മദ്ദിന് عارض എന്നു പറയുന്നു. ഇതിന് ലാസിമില്‍ പറഞ്ഞ് മൂന്ന് അലിഫിന്റെ ഖദ്‌ര്‍ നീട്ടല്‍ നല്ലതാണ്. നിര്‍ബന്ധമില്ല.
ഉദാ:








المد اللين -മദ്ദ് ലീൻ


ലീനിന്റെ അക്ഷരങ്ങളായ واو ، ياء എന്നിവയില്‍ ഒന്നിന് ശേഷം വഖ്‌ഫില്‍ സുകൂന്‍ പുതുതാകുന്നതിനാല്‍ ഉണ്ടാകുന്ന മദ്ദിനാണ് മദ്ദുല്ലിന്‍ എന്നു പറയുന്നത്. ഇവിടെ രണ്ട് ഹര്‍ക്കത്തിന്റെ ഖദ്‌ര്‍ നീട്ടലാണ് നല്ലത്. ഉദാ :





 



 
 


الوقف والابتداء
തുടക്കവും വിരാമവും
വഖ്‌ഫിനെക്കുറിച്ചുള്ള അറിവ് വളരെ പ്രധാനപ്പെട്ടതാണ്. ഖുര്‍‌ആനിന്റെ അര്‍ത്ഥം അറിയുന്നവര്‍ക്കല്ലാതെ വഖ്‌ഫും ഇബ്‌തിദാ‌ഉം ശരിക്ക് അറിയുക സാധ്യമല്ല. കാരണം അര്‍ത്ഥത്തെ ആസ്പദമാക്കിയാണ് രണ്ടും സ്ഥിതി ചെയ്യുന്നത്.

വഖ്‌ഫ് ചെയ്യല്‍ അനുവദനീയമാകുന്ന എല്ലാ സ്ഥലത്ത് നിന്നും തുടങ്ങല്‍ അനുവദനീയമല്ല. അര്‍ത്ഥം പൂര്‍ണ്ണമാകുന്ന സ്ഥലത്ത് നിന്ന് മാത്രമേ തുടങ്ങാവൂ.
وَقَالَ ابنُ عُمَرَ رَضِيَ اللهُ عَنْهُمَا : وَتُنْزَلُ السُّورَةُ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَنَتَعَلَّمُ حَرٰامَهَا وَحَلاَلَهَا وَأَمْرَهَا وَزَجْرَهَا وَمَا يَنْبَغِي أَنْ يُوقَفَ عِنْدَهُ مِنْهَا

‘നബി صلى الله عليه وسلم യ്ക്കു ഓരോ സൂറത്തും ഇറങ്ങുമ്പോഴും അതില്‍ ഹറാമും ഹലാലും കല്‍‌പനയും നിരോധവും എവിടെ വഖ്‌ഫ് ചെയ്യണമെന്നും ഞങ്ങള്‍ പഠിച്ചിരുന്നു’.

വഖ്‌ഫുകള്‍ പഠിക്കാത്തവര്‍ ഖുര്‍‌ആന്‍ പഠിച്ചിട്ടില്ല എന്ന് ഇമാം അബൂ ഹാതിം رحمه الله പറയുന്നു.
 
 
 

ഓത്തിന് നാല് അവസ്ഥയുണ്ട് :
وصل ، وقف ، سكت ، قطعഎന്നിവയാണത്.

പദാനുപദം ചേര്‍ത്ത് ഓതുന്നതിന് وَصْلْ എന്നു പറയുന്നു.
ഓത്തില്‍ തുടരും എന്ന ഉദ്ദേശ്യത്തോടു കൂടി ശ്വാസം അയക്കാന്‍ വേണ്ടി നിറുത്തുന്നതിന് وَقْفْ എന്നും.
ശ്വാസം അയക്കാതെ അല്‍‌പം അടങ്ങുന്നതിന് سَكْتْ എന്ന് പറയുന്നു. ( ഖുര്‍‌റാ‌അ് സക്‍ത്ത് ചെയ്ത സ്ഥലത്തല്ലാതെ സക്‍ത്ത് പാടില്ലെന്നാണ് പ്രബലാഭിപ്രായം. അവ പിന്നീട് വിവരിക്കുന്നതാണ്. )

ഓത്തില്‍ നിന്ന് വിരമിക്കുന്നതിന് قَطْعْ എന്നും പറയുന്നു.

ഇങ്ങനെ قَطْعْ ചെയ്താല്‍ പിന്നീട് തുടങ്ങുമ്പോള്‍ അ‌ഊദും ബിസ്‌മിയും ഓതല്‍ സുന്നത്താണ്.
അ‌ഊദിന് ഹദീസില്‍ വന്ന വാക്ക്:

أَعُوذُ بِاللهِ مِنَ الشَّيْطانِ الرَّجِيمْ എന്നാണ്.

ആയത്തിന്റെ അവസാനത്തില്‍ മാത്രമേ ഖത്വ്‌അ് ചെയ്യാവൂ. ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടല്ലാതെ ഖുര്‍‌ആനില്‍ ഒരിടത്തും വഖ്‌ഫ് ചെയ്യലോ ചെയ്യാതിരിക്കലോ നിര്‍ബന്ധമില്ല.
 

വഖ്‌ഫിന്റെ ഇനങ്ങള്‍
പ്രധാനമായും രണ്ട് വിധ വഖ്‌ഫുകളുണ്ട് :

ഒന്ന് : الوقف الاضطراري

ശ്വാസം മുട്ടുകയോ പിന്നീട് വായിക്കാനുള്ളത് അറിയാതെ വരികയോ മറ്റോ ചെയ്യുമ്പോള്‍ നിര്‍‌ബന്ധിതനായി ചെയ്യുന്ന വഖ്‌ഫിന് ‘വഖ്‌ഫ് ഇള്ത്വിറാരി ' (اضطراري) എന്നു പറയുന്നു. ഇങ്ങനെ വഖ്‌ഫ് ചെയ്താല്‍ അര്‍ത്ഥം പൂര്‍ണമാവാത്ത സ്ഥലത്താണെങ്കില്‍ പൂര്‍ണമാകുന്ന പദത്തില്‍ നിന്ന് മടക്കി ഓതല്‍ നിര്‍ബന്ധമാണ്.

രണ്ട് : الوقف الاختياري
പ്രത്യേക കാരണം കൂടാതെ അര്‍ത്ഥം പൂര്‍ത്തിയാകുന്ന വാചകത്തിന് ശേഷം ചെയ്യുന്ന വഖ്‌ഫിനാണ് ഇഖ്‌തിയാരി (اختياري) എന്നു പറയുന്നത്.

ഈ വഖ്‌ഫ് നാലു വിധമുണ്ട്.

الوقف التام

ശേഷമുള്ളതുമായി പദത്തിലും അര്‍ത്ഥത്തിലും ബന്ധമില്ലാത്ത പദത്തിന്റെ മേല്‍ വഖ്‌ഫ് ചെയ്യുന്നതിനാണ് താമ്മായ വഖ്‌ഫ് (സമ്പൂര്‍ണ്ണമായ വിരാമം) എന്ന് പറയുക. ഉദാ : ഫാതിഹയിലെ

مَـالِكِ يَوْمِ الدِّينِ

എന്നതിലെ ‘ദീന്‍’ എന്ന പദത്തില്‍ വഖ്‌ഫ് ചെയ്യുന്നതു പോലെ. 
 


الوقف الكافي ‌(പൂര്‍ണ്ണമായ വിരാമം).

ആശയത്തില്‍ ശേഷമുള്ള പദവുമായി ബന്ധമുള്ള പദത്തില്‍ വഖ്‌ഫ് ചെയ്യുന്നതാണ് (പൂര്‍ണ്ണമായ വിരാമം). ഉദാ: താഴെയുള്ള ആയത്തിലെ خَلِيفَةً ഖലീഫ’ പദത്തില്‍ വഖ്‌ഫ് ചെയ്യുന്നത് പോലെ.


ഇത്തരം സ്ഥലങ്ങളില്‍ വഖഫ് ചെയ്യല്‍ അനുവദനീയമാണെങ്കിലും പുറകെയുള്ളതില്‍ നിന്ന് തുടങ്ങുന്നതാണ് നല്ലത്. അതിനെ സൂചിപ്പിക്കാന്‍ മുകളില്‍ صلى എന്ന് അടയാളപ്പെടുത്തിയതായി കാണാം. الوصل أولى (ചേര്‍ത്തി ഓതലാണ് നല്ലത്) എന്നതിന്റെ ചുരുക്കപ്പേരാണിത്.

الوقف الحسن (അനുവദനീയ വിരാമം )
വാക്യം പൂര്‍ണമായതോടെത്തന്നെ പുറകെയുള്ളതിന് മുമ്പുള്ളതുമായി لفظي ആയ ബന്ധം ഉള്ളിടത്ത് ചെയ്യുന്ന വഖ്‌ഫിനാണ് ‘അനുവദനീയ വിരാമം’ എന്നു പറയുന്നത്.
ഉദാ: ഫാതിഹയിലെ

എന്നതിലെ ‘മുസ്തഖീം’ എന്നിടത്ത് വഖഫ് ചെയ്യുന്നത് പോലെ.
 

الوقف القبيح ( അശുഭ വിരാമം )
അര്‍ത്ഥം പൂര്‍ണ്ണമാവാത്ത ഒരു പദത്തിന്റെ മേല്‍ വഫ്‌ഫ് ചെയ്യുന്നതിന് ‘അശുഭ വിരാമം’ എന്നു പറയുന്നു. ഉദാ: സൂറത്തുന്നിസാ‌ഇലെ
എന്നതില്‍ الصلوة എന്ന പദത്തില്‍ വഖ്‌ഫ് ചെയ്യുന്നത്പോലെ.

ഇത്തരം പദങ്ങളുടെ മേല്‍ വഖ്ഫ് ചെയ്താല്‍ ഉദ്ദിഷ്ഠമല്ലാത്ത ഒരര്‍ത്ഥം ഊഹിക്കപ്പെടുമെന്നതിനാല്‍ മനപ്പുര്‍വ്വം അത്തരം സ്ഥലങ്ങളില്‍ വഖഫ് ചെയ്യല്‍ ഹറാമാണ്. അഥവാ ചെയ്താല്‍ മുമ്പില്‍ നിന്ന് മടക്കിയോതല്‍ വാജിബുമാണ്. ഖുര്‍‌ആനില്‍ ചില സ്ഥലങ്ങളില്‍ ഇങ്ങനെ മന:പ്പൂര്‍വ്വം വഖ്‌ഫ് ചെയ്താല്‍ മുര്‍ത്തദ്ദാവാന്‍ വരെ സാധ്യതയുണ്ട്. അല്ലാഹു കാത്തുരക്ഷിക്കട്ടെ.
ചില ഉദാഹരണങ്ങള്‍ കാണുക. സൂറത്തു ഗാഫിറിലെ താഴെയുള്ള ആയത്തിലെ
‘യഹ്‌ദീ’ എന്ന പദത്തിന്റെ മേല്‍ വഖ്‌ഫ് ചെയ്യുന്നതുപോലെ. അര്‍ത്ഥം വളരെ മോശമായി മാറും. ‘അല്ലാഹു ഹിദായത്താക്കുന്നവനല്ല’ എന്നാകും അര്‍ത്ഥം. അതു പോലെ
എന്നതിലെ ‘ലാ ഇലാഹ്’ എന്നതിന്റെ മേല്‍ വഖ്ഫ് ചെയ്യുന്നതും ഇതുപോലെയാണ്.


علامات الوقف വഖ്‌ഫിന്റെ അടയാളങ്ങള്‍
(ചിത്രത്തിൽ ക്ലിക് ചെയ്ത് സൂം ചെയ്ത് വായിക്കാം)
 

الهــــاء - ‘ഹാ‌അ്’ എന്ന അക്ഷരം

ഹാ‍‌അ് (الهاء) മൂന്ന് വിധമുണ്ട്. ഒന്ന് هاء الضمير (അത്, അവന്‍, എന്നൊക്കെ അര്‍ത്ഥം കുറിക്കുന്ന അക്ഷരമാണിത്.) ഇതിന്റെ മുമ്പും പിമ്പും ഹര്‍ക്കത്താണെങ്കില്‍ ചേര്‍ത്തോതുമ്പോള്‍ അതിന് അസ്വ്‌ലിയ്യായ മദ്ദുണ്ടാകും.
ഉദാഹരണം.
ഇങ്ങനെ നീട്ടേണ്ടുന്ന സ്ഥലങ്ങളില്‍ തജ്‌വീദിന്റെ നിയമങ്ങളനുസരിച്ച് എഴുതപ്പെട്ട മുസ്‌ഹഫുകളില്‍ ദ്വമ്മ്‌ കൊണ്ട് നീട്ടേണ്ടുന്ന സ്ഥലത്ത് ഒരു ചെറിയ വാവും കസ്‌റ് കൊണ്ട് നീട്ടേണ്ടുന്ന ഹാ‌ഉകള്‍ക്ക് ശേഷം ഒരു ചെറിയ യാ‌ഉം അടയാളമായി കൊടുത്തിട്ടുണ്ടാകും. മുകളിലുള്ള ഉദാഹരണങ്ങളില്‍ അവ രണ്ടും കാണാം.

ഇനി ശേഷമുള്ള അക്ഷരം ഹം‌സയാണെങ്കില്‍ മദ്ദ് മുന്‍‌ഫസിലായിത്തീരുന്നതാണ്. അപ്പോള്‍ മൂന്ന് മുതല്‍ മൂന്നര വരെ അക്ഷരത്തിന്റെ ഖദ്‌റ് നീട്ടാവുന്നതാണ്.
ഉദാ: ഇനി ഈ ഹാ‌ഇന്റെ മുമ്പോ ശേഷമോ സുകൂനാണെങ്കില്‍ നീട്ടാന്‍ പാടുള്ളതല്ല. അത്തരം സ്ഥലങ്ങളില്‍ ഈ ചെറിയ വാവോ യാ‍‌ഓ ഉണ്ടായിരിക്കുന്നതുമല്ല
ഉദാ:

ഈ പറയപ്പെട്ട എല്ലാതരം ഹാ‌ഉകളിലും വഖ്ഫ് ചെയ്യുകയാണെങ്കില്‍ മദ്ദ് ചെയ്യാതെ സുകൂന്‍ കൊണ്ട് വഖ്ഫ് ചെയ്യുകയാണ് വേണ്ടത്.

الرسم العثماني - റസ്‌മുല്‍ ഉസ്‌മാനി

മൂന്നാം ഖലീഫ സയ്യിദുനാ ഉസ്‌മാനുബ്നു അഫ്ഫാന്‍ رضي الله عنه ന്റെ കല്‍‌പന പ്രകാരം സ്വഹാബത്തിന്റെ ഏകകണ്ഠമായ തീരുമാനമനുസരിച്ച് എഴുതപ്പെട്ട മുസ്‌ഹഫിന്റെ പ്രത്യേക എഴുത്ത് രൂപത്തിന് ‘റസ്‌മുല്‍ ഉസ്‌മാനി’ എന്നു പറയുന്നു.

നാം മുമ്പ് വിശദീകരിച്ചതു പോലെ ഖുര്‍‌ആന്‍ പാരായണത്തിന്റെ മൂന്ന് നിര്‍ബന്ധ ഘടകങ്ങളിലൊന്നാണല്ലോ ‘ഓത്ത് റസ്‌മുല്‍ ഉസ്‌മാനിയോട് യോജിച്ചിരിക്കുക’ എന്നത്. ഇത് അറിഞ്ഞില്ലെങ്കില്‍ ഖുര്‍‌ആന്‍ പാരായണത്തില്‍ പല തെറ്റുകളും സം‌ഭവിക്കാം

ഖുര്‍‌ആനിന്റെ കോര്‍വ പോലെത്തന്നെ അതിന്റെ എഴുത്തിനും അമാനുഷികതയും അസാധാരണത്വവും ഉണ്ട്. കൂടാതെ ഒന്നിലധികം ഖിറാ‌അത്തുകള്‍ ഈ എഴുത്തില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഉദാഹരണമായി

ഫാതിഹയിലെ مٰالِكِ എന്നത് എന്നെഴുതിയത് പോലെ.
 
അറബി ഭാഷ നിയമാനുസൃതമായി എഴുതേണ്ടുന്ന രൂപത്തില്‍ നിന്നും വിട്ട് ചില പ്രത്യേക രൂപത്തില്‍ എഴുന്നതാണ് ഈ വ്യത്യാസം. പ്രധാനമായും ആറു വിഷയങ്ങളിലാണ് ഈ പ്രത്യേകതകളുള്ളത്. അവ

ഒന്ന് : നിയമാനുസൃതമായി എഴുതേണ്ടുന്ന ഒരക്ഷരത്തെ കളയുക.
ഉദാഹരണം:

( ചിത്രത്തിൽ ക്ലിക് ചെയ്താൽ വലുതായി കാണാം)
 

രണ്ട് : നിയമാനുസൃതമായി ആവശ്യമില്ലാത്ത ഒരക്ഷരത്തെ അധികമാക്കുക
ഉദാഹരണം:


(ടേബിളിൽ ക്ലിക് ചെയ്താൽ വലുതായി കാണാം)
 

മൂന്ന്: നിയമാനുസൃതമായി എഴുതേണ്ടുന്ന അക്ഷ്രത്തിനു പകരം മറ്റൊരക്ഷരത്തെ എഴുതുക-
ഉദാഹരണം


നാല്: നിയമാനുസൃതമായി ചേര്‍ത്തെഴുതേണ്ടതിനെ പിരിച്ചെഴുതുക.

ഉദാഹരണം :-
അഞ്ച്: നിയമാനുസൃതമായി പിരിച്ചെഴുതേണ്ടതിനെ ചേര്‍ത്തെഴുതുക.

ഉദാഹരണം :-



ആറ്:
നിയമാനുസൃതമായി ഹം‌സ് (همز) എഴുതേണ്ടുന്ന രൂപത്തിലല്ലാതെ ഹം‌സയെ എഴുതുക.

ഉദാഹരണം :-



അറബി ഭാഷ എഴുതാന്‍ അറബികള്‍ വിവിധ എഴുത്തു രൂപങ്ങള്‍ സ്വീകരിക്കാറുണ്ട്. അവയില്‍ പ്രസിദ്ധമാണ് ‘കൂഫി’ , ‘നസ്‌ഖ് ‘ , ‘ദിവാനി’ , റഖ്‌ഈ’ , ‘ഫാരിസി’ , ‘സുലൂഥ്’ തുടങ്ങിയ രൂപങ്ങളൊക്കെ. ഖുര്‍‌ആന്‍ എഴുതാന്‍ ഈ ഏതു ലിപികളും സ്വീകരിക്കാവുന്നതാണ്. പക്ഷെ നാം നേരത്തെ പറഞ്ഞ ആറു നിബന്ധനകള്‍ പാലിച്ചിരിക്കണമെന്നു മാത്രം. അപ്പോള്‍ ‘റസ്‌മുല്‍ ഉസ്‌മാനി’ എന്നത് ഒരു ലിപിയല്ലെന്നും അത് സ്വഹാബത്ത് ഖുര്‍‌ആന്‍ എഴുതാന്‍ സ്വീകരിച്ച പ്രത്യേക നിയമങ്ങളാണെന്നും മനസ്സിലായി.

ഉദാഹരണമായി مالك يوم الدين എന്ന് ഖുര്‍‌ആനില്‍ സ്വഹാബത്ത് എഴുതിയത്

എന്ന് മീമിന്റെ ശേഷം അലിഫില്ലാതെയാണ് .അത് കൂഫിയിലായാലും നസ്‌ഖിലായാലും മറ്റു ലിപികളിലായാലും അങ്ങിനെത്തന്നെ എഴുതണം.

مالك يوم الدين എന്നത് വിവിധ ലിപികളിലെഴുതിയത് കാണുക.

അറബിയുടെ മറ്റൊരു ലിപിയാണ് നാട്ടിലെ പൊന്നാനിയില്‍ നിന്നും തിരൂരങ്ങാടിയില്‍ നിന്നുമൊക്കെ പ്രിന്റ് ചെയ്യുന്ന അറബി പുസ്തകങ്ങളുടെ ലിപി. പക്ഷെ അവര്‍ മുസ്‌ഹഫ് ഈ ലിപിയില്‍ എഴുതിയപ്പോള്‍ മുകളില്‍ പറഞ്ഞ നിയമം പാലിച്ചില്ലെന്നതാണ് തെറ്റ്. അല്ലാതെ ആ ലിപിയെ നാം ആക്ഷേപിക്കുന്നില്ല.

ഈ നിയമങ്ങള്‍ പാലിക്കാത്ത മുസ്വ്‌ഹഫുകളില്‍ ഖുര്‍‌ആന്‍ പാരായണം ചെയ്യുന്നത് ഒഴിവാക്കുക.  



ഖുർ‌ആൻ ക്രോഡീകരണം



തിരു നബി صلى الله عليه وسلم യുടെ കാലത്ത് തനെ സ്വഹാബികൾ പലരും ഖുർ‌ആൻ എഴുതി വെച്ചിരുന്നു.ഓരോ സൂക്തവും ഏത് സൂക്തത്തിനു ശേഷം ചേർക്കണമെന്ന് നബി صلى الله عليه وسلم നിർദ്ദേശിച്ചിരുന്നു. സൂറത്തുകളുടെ ക്രമീകരണവും അത് പോലെതന്നെയായിരുന്നു.

പക്ഷെ ഇന്നതേത് പോലുള്ള ക്രമികരണം സ്വഹാബത്തിന്റെ ഹൃദയത്തിൽ മാത്രമായിരുന്നു.

ഒന്നാം ഖലീഫ മഹാനായ സിദ്ദീഖ് رضي الله عنه ന്റെ ഭരണ കാലത്ത് (ഹിജ്‌റ 12 ൽ) മുസൈലിമത്തിൽ കദ്ദാബുമായുണ്ടായ യുദ്ധത്തിൽ ഖുർ‌ആൻ മന:പാഠമാക്കിയ നൂറുകണക്കിന് സ്വഹാബികൾ ശഹീദാ‍യപ്പോൾ ഖുർ‌ആൻ നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്കയാൽ അത് ഒറ്റ ഏടായി എഴുതി സൂക്ഷിക്കുവാൻ ഉമർ رضي الله عنه സിദ്ദീഖ് رضي الله عنه നോട് ആവശ്യപ്പെട്ടു. അതൊരു നല്ല കാര്യമാണെന്നു ബോധ്യപ്പെട്ട സിദ്ദീഖ് رضي الله عنه ഈ മഹൽ കർമ്മത്തിന് സൈദുബ്നു സാബിത് رضي الله عنه നെ ചുമതലപ്പെടുത്തി. (ഇവർ നബി صلى الله عليه وسلم യുടെ കാലത്ത് തന്നെ ഖുർ‌ആൻ എഴുതിവെക്കുന്ന ചുമതലയുള്ള സഹാബിയായിരുന്നു.)

അങ്ങിനെ നബി صلى الله عليه وسلم യുടെ കാലത്ത് എല്ലിലും മരക്കഷ്‌ണത്തിലും ഈത്തപ്പനമടലിലും തോലിലും കല്ലിലുമെല്ലാം എഴുതിവെച്ചിരുന്ന ഖുർ‌ആൻ വചനങ്ങളെ ഖുർ‌ആനിന്റെ ക്രമപ്രകാരം കടലാസിലേക്ക് പകർത്തി എഴുതി. സിദ്ദീഖ് رضي الله عنه ന്റെ മരണം വരെ ഈ മുസ്‌ഹഫ് അവരുടെ കൈവശവും പിന്നീട് ഉമർ رضي الله عنه ന്റെ കൈവശവും ശേഷം അവരുടെ മകൾ ഉമ്മുൽ മുഅ്മിനീൻ ഹഫ്സ്വ رضي الله عنها യുടെ പക്കലുമായിരുന്നു.

ഈ ക്രോഡീകരണം മൂലം വിശുദ്ധ ഖുർ‌ആൻ വള്ളിപുള്ളി വിത്യാസമില്ലാതെ നില നിൽക്കാൻ ഒരു ഔദ്യോഗിക അവലംബമെന്ന നിലയിൽ സൂക്ഷിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പരായാണത്തിന് ഉപയോഗിച്ചിരുന്നില്ല.


പിന്നീട് ഉസ്‌മാൻ رضي الله عنه വിന്റെ ഭരണ കാലത്ത് ഇസ്‌ലാമിക പ്രചരണാർത്ഥം പോയ അണികളുടെ ഇടയിൽ ഖുർ‌ആനിലെ ചില വാക്കുകളുടെ പരായണത്തെ സംബന്ധിച്ച് അഭിപ്രായ വിത്യാസമുണ്ടായപ്പോൾ സിദ്ദീഖ് رضي الله عنه ന്റെ കാലത്ത് എഴുതിവെച്ചതും ഇപ്പോൾ ഹഫ്സ്വ رضي الله عنها യുടെ കൈവശമുള്ളതുമായ മുസ്‌ഹഫിൽ നിന്ന് കൂടുതൽ കോപ്പികൾ പകർത്തിയെഴുതാൻ സൈദുബ്നു സാബിത്തുൽ അൻ‌സാരി رضي الله عنه യുടെ നേതൃത്വത്തിൽ പ്രത്യേകം കമ്മിറ്റിയെ ഉസ്‌മാൻ رضي الله عنه ചുമതലപ്പെടുത്തി. ഇവർ എട്ട് മുസ്‌ഹഫുകൾ പകർത്തി എഴുതിയിട്ടുണ്ട്. പകർപ്പുകൾ തയ്യാറായ ശേഷം അവ മൂന്ന് പ്രാവശ്യം ആവർത്തിച്ച് പരിശോധിക്കുകയും ചെയ്തു.

പന്ത്രണ്ടായിരത്തോളം സഹാബത്തിന്റെ സാന്നിദ്ധ്യത്തിൽ ഖുർ‌ആനിനെ സമ്പൂർണ്ണ രൂപം ഇതായി പ്രഖ്യപിക്കുകയും ,ഇതനുസരിച്ച് മാത്രമേ ഇനി ഖുർ‌ആൻ പാരായണം ചെയ്യാവൂ എന്ന് വിളംബരം ചെയ്യുകയും ചെയ്തു. ശേഷം മറ്റുള്ളവർ എഴുതി വെച്ച മറ്റെല്ലാ മുസ്‌ഹഫുകളും നശിപ്പിക്കുകയും ചെയ്തു.

ഈ മുസ്‌ഹഫിനെകുറിച്ചാണ് ‘മുസ്‌ഹഫുകളുടെ ഇമാം’ എന്ന് പറയുന്നത്. പിന്നീട് മുസ്‌ലിം ലോകം പാരായണത്തിന് അവലംബമാക്കിയത് ഈ മുസ്‌ഹഫുകളെയും അതിൽ നിന്ന് പകർത്തിയെഴുതിയവയേയുമാണ്. അത് കൊണ്ടാണ് പിന്നീട് മുസ്‌ഹഫുകൾക്ക് ‘റസ്മു ഉസ്‌മാനി’ എന്ന പേര് വരാനുണ്ടായ കാരണം.


പുള്ളികളും ഹർക്കത്തുകളും
ഉസ്മാൻ رضي الله عنه എഴുതിച്ച മുസ്‌ഹഫുകളിൽ ‘ഫത്‌ഹ്’ ,‘കസ്‌റ്’ , ‘ദ്വമ്മ്’ , ‘മദ്ദ്’, ‘ശദ്ദ്’, തുടങ്ങിയ ഹർക്കത്തുകളോ സൂറത്തുകളുടെ പേരുകളോ ,സൂ‍ക്തങ്ങൾ അവസാനിക്കുന ചിഹ്നങ്ങളോ ഉണ്ടായിരുന്നില്ല.

ബറാ‌അത്ത് ഒഴിച്ചുള്ള എല്ലാ സൂറത്തുകളുടെയും ആദ്യത്തിൽ ബിസ്മി ഉണ്ടായിരുന്നു. ഓരോ സൂറത്തിലെയും ഒരായത്താണ് ‘ബിസ്മി’ എന്ന് ഇമാം ശാഫി‌ഇ رحمه الله യും മറ്റു പറഞ്ഞതിനുള്ള കാരണവും ഇതാണ്.

ഉസ്മാനി മുസ്‌ഹഫിന്റെ മൂല്യക്ഷരങ്ങൾക്കും ഘടനക്കും യാതൊരു മാറ്റവും വരുത്താതെ പാരായണ സൌകര്യത്തിന് വേണ്ടി ഖുർ‌ആനിൽ ഹറക്കത്ത്, പുള്ളി, ശദ്ദ്, മദ്ദ്, തുടങ്ങിയ നൽകുന്നത് സുന്നത്താണെന്നും നിർബന്ധമാണെന്നും പറഞ്ഞ ഇമാമുകളുണ്ട്.

അലിയുബ്നും അബീതാലിബിന്റെ ശിഷ്യനായ അബുൽ അസ്‌വദ് അൽ ദു‌അ്ലി (أبو الأسود الدؤلي رحمه الله) (മരണം ഹിജ്‌റ 69ൽ ) എന്നിവരാണ് ആദ്യമായി ഹറക്കത്തിന്റെ സൂചിപ്പിക്കുന്ന പുള്ളികൾ മുസ്‌ഹഫിൽ നൽകിയത്

ഹിജ്‌റ എഴുപത് വരെ അഥവാ 40 കൊല്ലം ഹർക്കത്തുകളോ പുള്ളികളോ ഇല്ലാത്ത ഉസ്‌മാനി മുസ്ഹഫിലായിരുന്നു ജനങ്ങൾ ഖുർ‌ആൻ പാരായണം ചെയ്തത. ഈ കാലത്ത് ഇസ്‌ലാം തഴച്ചു വളരുകയും അറബികളും അനറബികളും കലർന്നുള്ള ജിവിതമായിത്തീർന്നതോടുകൂടി ഖുർ‌ആന്റെ ഉച്ചാരണത്തിൽ പിശക് വരാൻ തുടങ്ങിയതാണ് അബുൽ അസ്‌വദ് ദു‌അ്ലിയെ ഈ മഹൽ കർമ്മത്തിന് പ്രേരിപ്പിച്ചത്. മുആവിയ رضي الله عنه ന്റെ ഭരണകാലത്ത് ബസ്വറയിലെ അമീറായിരുന്ന സിയാദുബ്നു അബീ സുഫ്‌യാന്റെ നിർദ്ദേശമനുസരിച്ചുമാണത്. പ്രധാന ഹർക്കത്തുകളായ ഫത്‌ഹിനു പകരം മുകളിൽ ഒരു പുള്ളിയും ദ്വമ്മിനു പകരം അക്ഷരങ്ങളുടെ ശേഷം ഒരു പുള്ളിയും കസ്‌റിനു ശേഷം അക്ഷരങ്ങളുടെ താഴെ ഒരു പുള്ളിയുമായിരുന്നു അദ്ദേഹം നൽകിയ പരിഷ്കരണം. സുകൂനിന് അടയാളങ്ങളൊന്നും ഇല്ലായിരുന്നു.

പിന്നീട് അബുൽ അസ്‌വദിന്റെ ശിഷ്യനായ ഇമാം ഖലീലുബ്നു അഹ്‌മദ് (മരണം 170 ഹിജ്‌റ) رحمه الله യാണ് ഇന്ന് മുസ്‌ഹഫുകളിൽ കാണുന്ന രൂപത്തിൽ ഹർക്കത്തുകളും ശദ്ദും മദ്ദുമെല്ലാം നൽകി ഖുർ‌ആൻ കൂടുതൽ മനോഹരമാക്കിയത്.
 

അറബി അക്ഷരങ്ങൾക്ക് പുള്ളികൾ നൽകിയത്
അറബിയിൽ 14 അക്ഷരങ്ങൾ പുള്ളിയില്ലാത്തതും 15 എണ്ണം പുള്ളികൾ ഉള്ളതുമാണ്. അബ്ദുൽ മലിക്ബ്നു മർവാന്റെ കാലത്ത് ഹജ്ജാജ്ബ്നു യൂസുഫിന്റെ (മരണം ഹിജ്‌റ 95) നിർദ്ദേശ പ്രകാരം നസ്‌റുബ്നു ആസ്വിമുല്ലൈസിയും യഹ്‌യബ്നു യ‌അ്മുറുൽ ഉദ്‌വാനിയും رحمهم الله കൂടിയാണ് അക്ഷരങ്ങൾക്ക് പുള്ളികൾ നൽകിയത് (രണ്ട് പേരും അബുൽ അസ്‌വദിന്റെ ശിഷ്യന്മാരുമാണ് )
ഖിറാ‌അത്തുമായി ബന്ധപ്പെട്ട ചില മസ്‌അലകൾ
തൌബ സൂറത്തിന്റെ തുടക്കത്തിൽ ബിസ്മി എഴുതാത്തതിന്റെ കാരണം :
തൌബ സൂറത്ത് അതിനു മുമ്പുള്ള സൂറത്തായ الأنفال ന്റെ ബാക്കി ഭാഗമാണെന്ന അഭിപ്രായത്താലും, തിരുനബി صلى الله عليه وسلم ഇവിടെ ബിസ്മി എഴുതാൻ നിർദ്ദേശിച്ചിട്ടില്ല എന്നതിനാലും سورة التوبة യുദ്ധത്തെ കുറിച്ചും കരാൽ പൊളിച്ച മുശ്‌രിക്കുകൾക്കും മുനാഫിഖുകൾക്കും ശക്തമായ താക്കീതുകളുള്ള ആയത്തുകളാകുകയും അതേ സമയം ബിസ്മി റഹ്‌മത്തിന്റെ ആയത്താകുകയും രണ്ടും പരസ്പരം യോജിക്കാത്തതിനാലുമാണ് ഈ സൂറത്തിന്റെ തുടക്കത്തിൽ ബിസ്മി എഴുതാത്തതെന്നാണ് ഇമാമുകളുടെ അഭിപ്രായം

ഇമാം ഇബു ഹജറുൽ ഹൈതമി رحمه الله ന്റെ അഭിപ്രായമനുസരിച്ച് ഈ സൂറത്തിന്റെ തുടക്കത്തിൽ ബിസ്മി ഓതൽ ഹറാവും ഇടയിൽ കറാഹത്തുമാണ്. എന്നാൽ ശഫി‌ഈ മദ്‌ഹബിലെ മറ്റൊരു പ്രധാന ഇമാമായ ഇമാം മുഹമ്മദ് റം‌ലി رحمه الله യുടെ അഭിപ്രായമനുസരിച്ച് തുടക്കത്തിൽ കറാ‍ഹത്തും ഇടയിൽ സുന്നത്തുമാണ്.

എന്നാൽ മറന്ന് കൊണ്ട് ബിസ്മി ഓതിപ്പോയാൽ കുറ്റമില്ല.

തുപ്പ് നീരു തൊട്ട് ഖുർ‌ആൻ മറിക്കൽ ഹറാമാണ്. അത് എഴുത്തില്ലാത്ത ഭാഗം തൊട്ടാണ് ഇങ്ങിനെ മറിക്കുന്നതെങ്കിലും ഹറാം തന്നെ.
 

ഖുർ‌ആൻ പാരായണ മര്യാദകൾ
ബ്രഷ് ചെയ്ത് വായ വൃത്തിയാക്കി വുളൂ‌അ് ചെയ്ത് ആദരവോടും സമാധാനത്തോടും ഖിബ്‌ലക്ക് അഭിമുഖമായും മറ്റൊന്നിനോടും ചാരിയിരിക്കാതെയുമാണ് ഖുർ‌ആൻ ഓതേണ്ടത്.

നജസായ വായയോടെ ഓതൽ കറാഹത്താണ്

അല്ലാഹുവിന്റെ പ്രിതി കാംക്ഷിക്കലും , അർത്ഥമറിഞ്ഞാലും ഇല്ലെങ്കിലും സാവധാനം ഓതലും പള്ളിയിൽ വെച്ചാവലും കൂടുതൽ ശ്രേഷ്ഠമാണ്.

ഓതുമ്പോൾ കരയണം. കരയുന്നില്ലെങ്കിൽ കരയുന്നത് പോലെ അഭിനയിക്കുകയെങ്കിലും ചെയ്യുക. നരക ശിക്ഷകളും താക്കീതുകളും സംബന്ധിയായ സൂക്തങ്ങൾ പാരായണം ചെയ്യുമ്പോൾ കാവൽ ചോദിക്കുകയും സ്വർഗത്തേയും അനുഗ്രഹത്തേയും കുറിച്ച് പാരായണം ചെയ്യുമ്പോൾ അവയ്ക്കായി ദുആ ചെയ്യുകയും വേണം.

സജദയുടേ ആയത്ത് ഓതിയാൽ സുജൂദ് ചെയ്യണം. ഖുർ‌ആൻ ഓതാൻ ഉദ്ദേശിച്ചാൽ അ‌ഊദും ബിസ്മിയും ചൊല്ലണം.

(ഓതുമ്പോൾ)അഹംഭാവമുണ്ടാകുന്നവർ പതുക്കെയും, അല്ലാത്തവർ നിസ്കരിക്കുന്നവരും ഉറങ്ങുന്നവനും ശല്യമാവാത്ത നിലയിൽ ഉറക്കെയുമാണ് ഓതേണ്ടത്. ഖുർ‌ആനിൽ നോക്കി ഓതലാണ് കൂടുതൽ പുണ്യം. അത് യാസീൻ പോലുള്ള ഭംഗിയായി മന:പാഠമുള്ള സൂറത്താണെങ്കിലും ശരി.

നല്ല ശൈലിയിലും ശബ്ദത്തിലും പാരായണം ചെയ്യണം. പാരായണ നിയമത്തിനും പരിധിക്കും വിധേയമായിരിക്കണം. നിസ്കാരത്തിൽ ഓതുന്നത് കൂടുതൽ ശ്രേഷ്ഠമാണ്. ഇശാ-മഗ്‌രിബിനിടയിലും അർദ്ധരാത്രിക്ക് ശേഷവും സുബ്‌ഹിക്ക് ശേഷവും ശ്രേഷ്ഠമായ സമയങ്ങളാണ്. ചുരുങ്ങിയത് ഒരു വർ‌ഷത്തിൽ രണ്ട് ഖത്‌മ്‌ ചെയ്യണം (അല്ലാഹു തൌഫിഖ് നൽകട്ടെ ആമീൻ)


ഖുർ‌ആനെ അനാദരിക്കൽ

ഖുർ‌ആനെ അനാദരിക്കൽ കടുത്ത ശിക്ഷകൾക്കിടയാക്കുന്ന കുറ്റകൃത്യമാണ്. ഖുർ‌ആനെ അവഹേളിക്കലും നിസാരപ്പെടുത്തലും ഇസ്‌ലാമിൽ നിന്നും പുറത്ത് പോകാനിടവരുത്തും.

ഖുർ‌ആനെ നജസ് കൊണ്ടെഴുതൽ , നജസായ വസ്തുവിൽ എഴുതൽ , നജസ് കൊണ്ട് ഖുർ‌ആൻ തൊടൽ, ഖുർ‌ആനെഴുതിയ വസ്തുക്കൾ ചവിട്ടൽ, ഖുർ‌ആനിൽ കാശ് പോലുള്ളവ സൂക്ഷിക്കൽ, അമുസ്‌ലിമിനു മുസ്‌ഹഫ് നൽകൽ, മുസ്‌ഹഫിനു നേരെ കാൽ നീട്ടൽ തുടങ്ങിയവയെല്ലാം നിഷിദ്ധങ്ങളാണ്.

അനാവശ്യമായി ഖുർ‌ആൻ കരിച്ച് കളയൽ ഹറാമാണ്. നിസാരപ്പെടുത്താനാണെങ്കിൽ അത് കുഫ്‌റിലേക്ക് നയിക്കും. ഖുർ‌ആനെഴുതിയ കടലാസുകളും മറ്റും കരിച്ച് കളയൽ കറാഹത്താണ്. നജസിൽ വീഴുന്നതിൽ നിന്നും സൂക്ഷിക്കാൻ മറ്റ് വഴികളില്ലെങ്കിൽ അത് നിർബന്ധമാണ്.

ഖുർ‌ആൻ ചുംബിക്കൽ

ശുദ്ധിയുള്ളവർക്ക് ഖുർ‌ആൻ ചുംബിക്കൽ അനുവദനീയമാണ്.
പള്ളിയുടെയോ മറ്റോ ചുവരുകളിൽ ഖുർ‌ആൻ എഴുതൽ കറാഹത്താണ്.
 

ആയാത്തുശ്ശിഫാ‌അ്

ആയാത്തുശ്ശിഫാ‌അ് എന്ന പേരിൽ അറിയപ്പെടുന്ന ആറ്‌ ആയത്തുകളുണ്ട് ഖുർ‌ആനിൽ അവ

( click on image to enlarge)

ഈ ആയത്തുകൾ രോഗിയുടെ മേൽ ഓതി ഊതുന്നത് രോഗ ശമനത്തിന് കാരണമാകും بإذن الله. അത്മീയവും മാനസികവും ശാരീരികവുമായ എല്ലാ രോഗങ്ങൾക്കും ശമനം ഖുർ‌ആനിലുണ്ട്.
 

ഖുർ‌ആൻ അനറബി ഭാഷയിലെഴുതൽ
വിശുദ്ധ ഖുർ‌ആൻ അറബിയല്ലാത്ത ഭാഷയിൽ എഴുതൽ ഹറാമാണെന്നതിൽ ഇമാമുകൾ ഏകാഭിപ്രായക്കാ‍രാണ്. ഇമാം ഇബ്നു ഹജറുൽ ഹൈതമി رحمه الله തന്റെ ഫതാവൽ ഖു‌ബ്‌റയിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. (ഫതാവ 1/25)

ഇമാം ബൈഹഖി തന്റെ ശു‌അ്ബുൽ ഈമാൻ എന്ന കിതാബിൽ പറയുന്നത് കാണുക. . “വല്ലവനും മുസ്‌ഹഫ് എഴുതുകയാണെങ്കിൽ മഹത്തുക്കളായ സഹാബത്ത് മുസ്‌ഹഫുകളെ എഴുതിയ അതേ ഹിജാഇ‌യ്യായ അക്ഷരങ്ങളുടെ മേൽ സൂക്ഷിച്ച് എഴുതുകയും അതിൽ അവർക്ക് എതിർ പ്രവർത്തിക്കാതിരിക്കലും അവർ എഴുതിയ ഒന്നിനെയും മാറ്റം വരുത്താതിരിക്കലും കടമയാകുന്നു. കാരണം അവരാണ് നമ്മേക്കാൾ പാണ്ഡിത്യം ഉള്ളവരും വിശ്വസ്തരും. അതിനാൽ അവർ ചെയ്തതിനെതിരിൽ അധികപറ്റായി നാം ഒന്നും ചെയ്ത്കൂടാ”

ഇനി ഖുർ‌ആൻ അറബിയല്ലാത്ത ഭാഷയിലെഴുതിയാലും അതിനെ ആദരിക്കണം. ശുദ്ധി കൂടാതെ അതിനെ തൊടലും ചുമക്കലുമൊക്കെ നിഷിദ്ധം തന്നെ.
***** ***** ***** ***** ******** ****** ***** *** **** ************ *** ******
പ്രിയ വായനക്കാരേ, വിശുദ്ധ ഖുർ‌ആനിന്റെ പാരായണ ശാസ്ത്രത്തിലേക്കുള്ള ഒരു ചെറിയ എത്തിനോട്ടം മാത്രമായിരുന്നു എഴുപതോളം ബുള്ളറ്റിനുകളിലായി നാം വായിച്ചത്. തജ്‌വീദിന്റെ ജ്ഞാനം ഇനിയും എത്രയോ വലുതാണ്. അവയിലധികവും ഇവ്വിഷയത്തിൽ പരിജ്ഞാനിയായ ഒരു ഗുരുവിന്റെ സഹായത്തോടെ പഠിക്കേണ്ടതുമാണ്. ഇതിൽ വന്ന അപാകതകളും പോരായ്മകളും വായനക്കാർ ചൂ‍ണ്ടിക്കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ അപാകതകളെല്ലാം പൊറുത്ത് തന്ന് സർവ്വലോകരക്ഷിതാവായ അല്ലാഹു നമ്മിൽ നിന്നും ഇത് സ്വീകരിക്കട്ടെ. വിശുദ്ധ ഖുർ‌ആൻ ഭംഗിയായും ഇ‌ഖ്‌ലാസോടെയും പാരായണം ചെയ്യുവാനും ഖുർ‌ആൻ ശഫാ‌അത്ത് ചെയ്ത് സ്വർഗം പ്രാപിക്കുന്നവരിൽ ഉൾപ്പെടാനും നമ്മേയും നമ്മുടെ ഉസ്താദുമാരെയും മാതാപിതാക്കളെയും ഭാര്യ-സന്താനങ്ങളെയും ഇത് വായിക്കുന്നവരേയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ