സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 30 August 2014

തിരുനബിയുടെ പത്നിമാര്‍


തിരുനബി صلى الله عليه وسلم മനുഷ്യരില്‍പെട്ട ഉത്തമരായിരുന്നു. അത് കൊണ്ട് തന്നെ മറ്റെല്ലാ പ്രവാചകരെപ്പോലെയും ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും ഉറങ്ങുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. അല്ലാഹു വിശുദ്ധ ഖുര്‍‌ആനില്‍ പറയുന്നു.


وَلَقَدْ أَرْسَلْنَا رُسُلاً مِّن قَبْلِكَ وَجَعَلْنَا لَهُمْ أَزْوَاجًا وَذُرِّيَّةً


"അങ്ങയ്ക്ക് മുമ്പും നാം ഒട്ടനവധി പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്ക് നാം ഭാര്യമാരെയും സന്തതികളെയും നല്‍കിയിരിക്കുന്നു.

പ്രവാചകരില്‍ ചിലര്‍ ഒരു ഭാര്യയെ മാത്രം ജീവിത സഖിയാക്കിയവരുണ്ട്. ആദം നബി നെപോലെ , അതേ സമയം ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ വിവാഹം ചെയ്തവരാണ്‌ ഇബ്‌റാഹിം , യ‌അ്‌കൂബ്, ദാവൂദ്, സുലൈമാന്‍ ( عليه السلام ) തുടങ്ങിയ നബിമാര്‍ .എന്നാല്‍ ഈസാ നബി عليه السلامന്റെ ജീവിതം അവസാനിക്കാത്തത് കൊണ്ട് മഹാനവര്‍കള്‍ അവസാനകാലത്ത് ഇറങ്ങി വരുമ്പോള്‍ വിവാഹം ചെയ്യുകയും അതില്‍ സന്താനമുണ്ടാവുകയും ചെയ്യും.

അല്ലാഹു തിരുനബി صلى الله عليه وسلم യെ നിയോഗിച്ചത് തന്റെ വാക്കാലും പ്രവൃത്തിയാലും മൗനാനുവാദത്താലും അല്ലാഹുവിന്റെ നിയമ സംഹിതകളെ ജനങ്ങള്‍ക്ക് വിശദീകരിച്ച് കൊടുക്കാനാണ്‌. അത് കൊണ്ട് തന്നെ അവിടുന്ന് ഭക്ഷണം കഴിച്ചതിലും , വെള്ളം കുടിച്ചതിലും ഉറങ്ങിയതിലും, വിവാഹത്തിലുമെല്ലാം ഉമ്മത്തിന്‌ മാതൃകയുണ്ട്. അവിടുത്തെ വിവാഹം മുഴുവനും അല്ലാഹുവിന്റെ കല്പനയനുസരിച്ചായിരുന്നു. അവിടുത്തെ ഹദീസില്‍ കാണാം.






ما تزوجت شيئا من نسائي ولا زوجت شيئا من بناتي إلا بوحي جائني به جبريل عليه السلام من ربي عز وجل


" ഞാന്‍ വിവാഹം ചെയ്തതും എന്റെ പെണ്‍‌കുട്ടികളെ വിവാഹം ചെയ്ത് കൊടുത്തതും അല്ലാഹുവിന്റെ പക്കല്‍ നിന്ന് ജിബ്‌രീല്‍ عليه السلام കൊണ്ടുവന്ന ദിവ്യ സന്ദേശമനുസരിച്ചാണ്‌


തിരുനബി صلى الله عليه وسلم വിത്യസ്ത സന്ദര്‍ഭങ്ങളിലും സാഹചര്യത്തിലുമായി പതിനൊന്ന് സ്ത്രീകളെ വിവാഹം ചെയ്തിട്ടുണ്ട്

അവരില്‍ മഹതി ഖദീജബീവിرضي الله عنها യും മഹതി സൈനബ് ബിന്‍‌ത് ഖുസൈമرضي الله عنها യും നബിصلى الله عليه وسلم യുടെ ജീവിതകാലത്ത് തന്നെ ഇഹലോക വാസം വെടിയുകയുണ്ടായി. ബാക്കിയുള്ള ഒമ്പത് ഭാര്യമാര്‍ ജീവിച്ചിരിക്കുന്ന സമയത്താണ്‌ തിരുനബി صلى الله عليه وسلم ഈ ലോകത്തോട് വിട ചൊല്ലിയത്. നബിصلى الله عليه وسلم യുടെ വഫാത്തിന്റെ സമയത്ത് ജിവിച്ചിരിപ്പുണ്ടായിരുന്ന ഒമ്പത് ഭാര്യമാര്‍ ഇവരാണ്‌.


عَــائِشَةٌ وَحَفْصَةٌ وَسَوْدَة === صَفِيَّةٌ مَيْمُونَــةٌ وَرَمْلَــة
هِنْـدٌ وَزَيْنَبٌ كَذَا جُوَيْرِيَة === لِلْمُــؤْمِنِينَ أُمَّهَاتٌ مَرْضِيَة


ആഇശ,ഹഫ്സ,സൗദ, സ്വഫിയ്യ,മൈമൂന,റംല,ഹിന്ദ്,സൈനബ്,ജുവൈരിയ



اللهم ارض عنهن وارفع درجتهن وارض عنا وعن أمهاتنا وأزوجنا ببركتهن يا رب العالمين



ഈ ഒമ്പത് ഭാര്യമാരോടാണ്‌ അല്ലാഹുവിന്റെ ഓറ്ഡര്‍ അനുസരിച്ച് ഒന്നുകില്‍ തിരുനബിയുടെ ദാരിദ്ര്യത്തിലും പ്രയാസങ്ങളിലും തൃപ്തിപ്പെട്ട് ജീവിക്കുകയോ അല്ലെങ്കില്‍ മാന്യമായ രീതിയില്‍ വിവാഹ മോചനം ആവശ്യപ്പെടുകയോ ചെയ്യാല്‍ കല്പിച്ചത്. അവര്‍ സര്‍‌വ്വാത്മനാ തിരുനബിصلى الله عليه وسلم യോടോന്നിച്ചുള്ള ജീവിതം തിരനഞെടുക്കുകയായിരുന്നു. അവരുടെ ഈ തീരുമാനത്തെ ആദരിച്ച് കൊണ്ട് അല്ലാഹു പറയുകയുണ്ടായി.



لَا يَحِلُّ لَكَ النِّسَاء مِن بَعْدُ وَلَا أَن تَبَدَّلَ بِهِنَّ مِنْ أَزْوَاجٍ وَلَوْ أَعْجَبَكَ حُسْنُهُنَّ إِلَّا مَا مَلَكَتْ يَمِينُكَ وَكَانَ اللَّهُ عَلَى كُلِّ شَيْءٍ رَّقِيبًا (33:52


"ഇതിനു ശേഷം മറ്റ് സ്ത്രീകള്‍ അങ്ങക്ക് അനുവദനിയമല്ല. ഇവര്‍ക്ക് പകരം വേറേ ഭാര്യമാരെ വിവാഹം ചെയ്യാനും പാടില്ല. അവരുടെ നന്മ അങ്ങനെ എത്ര കൗതുകപ്പെടുത്തിയാലും. അടിമസ്ത്രീകളൊഴികെ. അല്ലാഹു എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നവനാകുന്നു. (അഹ്സാബ് 52)


النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنفُسِهِمْ وَأَزْوَاجُهُ أُمَّهَاتُهُمْ


പ്രവാചകര്‍ സത്യ വിശ്വാസികള്‍ക്ക് സ്വന്തം ശരീരത്തേക്കാള്‍ പ്രധാനമാകുന്നു. പ്രവാചക പത്നിമാര്‍ അവരുടെ മാതാക്കളാകുന്നു. (അഹ്സാബ് 6)
മുസ്‌ലിം ലോകത്തിന്റെ ആദര്‍ശ മാതാക്കളാണ്‌ തിരുനബിصلى الله عليه وسلم യുടെ പ്രിയ പത്നിമാര്‍ (അല്ലാഹു അവരുടെ സ്ഥാനം വര്‍ദ്ധിപ്പിച്ച് കൊടുക്കട്ടെ ) യഥാര്‍ഥത്തില്‍ , ഇസ്‌ലാമിനെ നബി صلى الله عليه وسلمതങ്ങളില്‍ നിന്നും അതിന്റെ യഥാര്‍ഥ ജീവനോടെ ഉള്‍കൊണ്ട് അത് അതേ രീതിയില്‍ സമുദായത്തിന്‌ വിതരണം ചെയ്തതില്‍ മറ്റാരേക്കാളും വലിയ സ്വാധീനവും പങ്കും വഹിച്ചവരാണ്‌ മഹതികളായ ഉമ്മഹാത്തുല്‍ മു‌അ്‌മിനീങ്ങള്‍. സ്വഹാബത്ത് ഈ മേഖലയില്‍ ശ്രദ്ധേയമായ വലിയ സേവനങ്ങള്‍ ചെയ്തവരാണെങ്കിലും ഉമ്മഹാത്തുല്‍ മു‌അ്‌മിനീങ്ങളുടെ സേവനം അതിപ്രധാനമാണ്‌. ശരിയായ ഇസ്‌ലാമിക സ്വഭാവവും ശീലവും നടപടിയും ക്രമവും എങ്ങിനെയെന്ന് ശരിക്കും അനുഭവത്തില്‍ അറിയുകയും കാണുകയും അത് ജനങ്ങളിലേക്ക് വള്ളി പുള്ളി വിടാതെ എത്തിച്ച് തന്ന് ഇസ്‌ലാമിന്റെ തുറന്ന പുസ്തകമായി തിളങ്ങിയവരാണവര്‍. അത് കൊണ്ട് തന്നെ അവര്‍ക്ക് പ്രത്യേകമായ ഒരു സ്ഥാനം തന്നെ ഖുര്‍‌ആന്‍ വകവെച്ച് കൊടുത്തിട്ടുമുണ്ട്.



يَا نِسَاء النَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ النِّسَاء



" ഓ തിരുനബിയുടെ പത്നിമാരേ, മറ്റൊരു സ്ത്രീക്കും സമാനമല്ല നിങ്ങള്‍ (അഹ്‌സാബ് 32)
തിരു നബി തന്നെ സാധാരണ മനുഷ്യനാണെന്ന് പറയുന്നവര്‍ക്ക് ഒരു മറുപടികൂടിയാണത്. തിരുനബിയുടെ ഭാര്യമാര്‍ തന്നെ സാധാരണ സ്ത്രീകളല്ലെന്നാണ്‌ ഖുര്‍‌ആന്‍ പറയുന്നത്.

ഇസ്‌ലാമിന്റെ അര്‍ദ്ധഭാഗമായ , കുടുംബ ജീവിതത്തിന്റെ ഉള്ളറകളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അവരിലൂടെയാണ്‌ അല്ലാഹു എത്തിച്ചത്.

തിരുനബിصلى الله عليه وسلم ക്ക് ഒന്നില്‍ കൂടുതല്‍ പത്നിമാര്‍ ഉണ്ടാവാനുള്ള കാരണങ്ങള്‍ പലതാണ്‌. അതില്‍ പ്രധാനമാണ്‌ എല്ലാ വിവാഹവും നടന്നത് സ്രഷ്ടാവായ അല്ലാഹുവിന്റെ കല്പനപ്രകാരമായിരുന്നു എന്നത്.


ما تزوجت شيئا من نسائي ولا زوجت شيئا من بناتي إلا بوحي جائني به جبريل عليه السلام من ربي عز وجل


ഞാന്‍ വിവാഹം ചെയ്തതും എന്റെ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് കൊടുത്തതും അല്ലാഹുവിന്റെ പക്കല്‍ നിന്ന് ജിബ്‌രീല്‍ കൊണ്ടുവന്ന ദിവ്യസന്ദേശമനുസരിച്ചാണ്‌.

മറ്റൊരു കാരണം : അല്ലാഹു മനുഷ്യ വര്‍ഗത്തിന്‌ ഇതര ജീവികള്‍ക്കില്ലാത്ത ബുദ്ധിയും വിവേകവും ധീരതയും നല്‍കിയതായി കാണാം. മനുഷ്യരില്‍ പ്രവാചകന്മാര്‍ക്ക് അല്ലാഹു മറ്റ് മനുഷ്യര്‍ക്ക് നല്‍കാത്ത ദിവ്യസന്ദേശം, പ്രവാചകത്വം, അമാനുഷിക കഴിവുകള്‍ തുടങ്ങിയ പ്രത്യേകതകള്‍ നല്‍കി ആദരിച്ചതായും കാണാം. പ്രവാചകരില്‍ തന്നെ ചിലരെ മറ്റു ചിലരേക്കാള്‍ ആദരവ് നല്‍കി. അതില്‍ പെട്ടതാണ്‌ ആദം നബി عليه السلام നെ പിതാവില്ലാതെ സൃഷ്ടിച്ചു എന്നതും മൂസാ നബി عليه السلام നോട് അല്ലാഹു സംസാരിച്ചു എന്നതുമൊക്കെ.

ഇപ്രകാരം ഇവര്‍ക്കൊന്നുമില്ലാത്ത , മനുഷ്യകുലത്തിനു തന്നെ ഇല്ലാത്ത പ്രത്യേകതകള്‍ നല്‍കി തിരുനബിصلى الله عليه وسلم യെ അല്ലാഹു ആദരിച്ചു. അതില്‍ പെട്ടതാണ്‌ മറ്റ് പ്രവാചകന്മാര്‍ക്കില്ലാത്ത അല്‍ഭുത കഴിവുകള്‍ നല്‍കി ,അവിടുത്തെ പ്രവാചകത്വം ലോകത്തിനു മുഴുവനുമുള്ളതാക്കി. അവിടുത്തെ ശരീ‌അത്ത് അന്ത്യദിനം വരെയുള്ള നിയമസംഹിതയാക്കി, ഭൂമി മുഴുവനും അവിടുത്തേക്ക് പള്ളിയാക്കി എന്നിവയൊക്കെ

കൂടാതെ തന്റെ ഉമ്മത്തിനു ഒരാള്‍ക്കും നിര്‍ബന്ധമില്ലാത്ത കാര്യങ്ങള്‍ നബി ക്ക് അല്ലാഹു പ്രത്യേകം നിര്‍ബന്ധമാക്കി. അതില്‍ പെട്ടതാണ്‌ രാത്രി നിസ്കാരം, ളു‌ഹാ നിസ്കാരം, മിസ്‌വാക്ക് ചെയ്യല്‍ എന്നിവയെല്ലാം. ഇവ ഉമ്മത്തിന്‌ സുന്നത്ത് മാത്രമേയുള്ളൂ.


അതുപോലെ ഉമ്മത്തിന്‌ ഹറാമില്ലാത്ത പല കാര്യങ്ങളും അവിടുത്തേക്ക് അല്ലാഹു ഹറാമാക്കിയതായി കാണാം. അതില്‍പെട്ട ഒന്നാണ്‌ സകാത്ത് മുതല്‍ സ്വീകരിക്കല്‍


ഉമ്മത്തിന്‌ അനുവദനിയമല്ലാത്ത പലതും അവിടുത്തേക്ക് അനുവദനീയമാക്കിയിട്ടുണ്ട്. .അതില്‍പെട്ടതാണ്‌ വഫാതിനു ശേഷവും വിവാഹ ബന്ധം നില നില്‍ക്കുന്നു എന്നത്. മറ്റുള്ളവര്‍ക്ക് മരണത്തോടെ വിവാഹ ബന്ധം അവസാനിക്കുകയും സ്ത്രീക്ക് മറ്റൊരു പുരുഷനെയും, പുരുഷന്‌ മറ്റൊരു സ്ത്രീയെയും വിവാഹം ചെയ്യാനും അവകാശമുണ്ട്. എന്നാല്‍ തിരുനബിصلى الله عليه وسلمയുടെ പത്നിമാര്ക്ക് അവിടുത്തെ വിയോഗ ശേഷം മറ്റു ഭര്‍ത്താക്കന്മാരെ സ്വീകരിക്കാന്‍ പാടില്ല. അതില്‍ പെട്ടതാണ്‌ നാല്‌ ഭാര്യമാരില്‍ കൂടുതല്‍ ഭാര്യമാരെ സ്വീകരിക്കല്‍ തിരുനബിصلى الله عليه وسلمയ്ക്ക് അനുവദനീയമാ ണെന്നതും.

തിരുനബിصلى الله عليه وسلم യുടെ വിവാഹത്തില് വെറും ലൈംഗിക സുഖാസ്വാദനത്തിന് വേണ്ടിയായിരുന്നില്ലെന്നതിന്റെ പല കാരണങ്ങളും നാം കണ്ടു. മറ്റൊരു കാരണം : എല്ലാ വിധ സൗകര്യങ്ങളോടെയും സൗന്ദര്യത്തോടെയും ചുറുചുറുക്കും ആരോഗ്യവുമുള്ള യൗവ്വനകാലമായ 25 വര്ഷം മക്കയില് താമസിച്ചിട്ടും അവിടുത്തെകുറിച്ച് വ്യഭിചാരാരോപണമോ ഏതെങ്കിലുമൊരു സ്ത്രീയോട് അത്തരം സംസാരങ്ങളോ പ്രേമവാക്കുകളോ പറഞതായോ ശ്രത്രുക്കള് പോലും പറയുന്നില്ല.

പരസ്ത്രീ ബന്ധം ഒരു പാപമായി കാണാത്ത കാലമായിരുന്നു അതെന്നോര്ക്കണം. നീണ്ട 25 വര്ഷങ്ങള് ഒരു ജീവിത പങ്കാളിയില്ലാതെയാണ് അവിടുന്ന് കഴിച്ച് കൂട്ടിയത്. അതും വളരെ ചെറുപ്പത്തില് വിവാഹം കഴിക്കുന്ന ആചാരമുള്ള ജനതയിലാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. സ്വന്തം പിതാവായ അബ്ദുല്ലرضي الله عنه എന്നവര് തന്നെ ആമിനബീവി رضي الله عنها യെ വിവാഹം ചെയ്തത് പതിനെട്ടാമത്തെ വയസിലാണ്

തിരുനബിصلى الله عليه وسلم ആദ്യ വിവാഹ ചെയ്യുന്നത് ഇരുപത്തി അഞ്ചാമത്തെ വയസില് തന്നെക്കാള് 15 വയസ് കൂടുതലുള്ള , 2 പുരുഷന്മാരുമായി വിവാഹ ബന്ധം നടത്തുകയും അവരിലൊക്കെ മക്കളുണ്ടാവുകയും ചെയ്ത മധ്യ വയസ്കയായ ഖദീജ ബീവി رضي الله عنها യെയാണ്. അവിടുന്ന് ഉദ്ദേശിച്ചിരുന്നുവെങ്കില് സുന്ദരികളായ ഏത് തറവാട്ടിലെയും പെണ്കുട്ടികളെ ലഭിക്കുമായിരുന്നു. പക്ഷെ അവിടുന്ന് ഈ വിധവയെ ജീവിത സഖിയായി തൃപ്തിപ്പെടുകയായിരുന്നു. മഹതിയോടൊന്നിച്ച് നീണ്ട 25 വര്ഷം അവിടുന്ന് ജീവിച്ചു. മഹതി 65 മത്തെ വയസില് വഫാത്താകുമ്പോള് തിരുനബിصلى الله عليه وسلم ക്ക് 50 വയസ്സായിട്ടുണ്ട്. എല്ലാ അര്ഥത്തിലും ഒരു മനുഷ്യന്റെ ആരോഗ്യ കാലമായ 50 വയസ്സു വരെയും മറ്റൊരു ഭാര്യയെ അവിടുന്ന് സ്വീകരിച്ചിട്ടില്ല.

മഹതി ഖദീജ ബീവി رضي الله عنها വഫാത്തായതിനു ശേഷവും അവിടുത്തേക്ക് ഒരു ചെറുപ്പക്കാരിയായ ,വിവാഹം ചെയ്യാത്ത ഒരു പെണ്കുട്ടിയെ വേണമെങ്കില് തന്റെ അനുചരന്മാര് വിവാഹം ചെയ്ത് കൊടുക്കുമായിരുന്നു. ഏത് പെണ്കുട്ടികളും ആ പുണ്യം ആശിക്കുമായിരുന്നു. പക്ഷെ അവിടുന്ന് വിവാഹം ചെയ്തത് മറ്റൊരു വിധവയായ മഹതി സൗദ رضي الله عنها യെയാണ്. പിന്നെയാണ് മഹതി ആഇശ ബീവി رضي الله عنها യെ അവിടുന്ന് വിവാഹം ചെയ്യുന്നത്. ശേഷം പ്രത്യേക സാഹചര്യങ്ങളിലും അവസരങ്ങളിലും മറ്റു ഭാര്യമാരെ വിവാഹം ചെയ്തു. അപ്പോള് ചുരുക്കത്തില് തനിക്ക് 53 വയസാകുന്നത് വരെ മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിക്കുക പോലും ചെയ്തിട്ടില്ല.

ഇനി മഹതി ഖദീജ رضي الله عنهاയുടെ വഫാത്തിന്‌ ശേഷം രണ്ടാമതായി ആരെയാണ്‌ വിവാഹം ചെയ്തത് എന്ന് കൂടി നോക്കുമ്പോള്‍ ചിത്രം ഒന്ന് കൂടി വ്യക്തമാകും.

രണ്ടാമതൊരു ഭര്‍ത്താവ് വിവാഹം കഴിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലാത്ത, മക്കയിലെ ഏറ്റവും ഉന്നത തറവാടികളില്‍ പെട്ട ഉമയ്യത്ത് എന്ന് പറയുന്ന ഒരു മാന്യനായ മനുഷ്യന്റെ മകളായ , നേരത്തെ വിവാഹിതയായി ദീര്‍ഘകാലം ഭര്‍ത്താവുമൊത്ത് ജീവിച്ച, ഒന്നാമത്തെയും രണ്ടാമത്തെയും ഹിജ്‌റ ഹബ്ശീനിയയിലേക്ക് പോയ , അവസാനം ഹബഷയില്‍ വെച്ച് തന്റെ പ്രിയ ഭര്‍ത്താവ് മരണപ്പെട്ട് വിധവയായി മാറിയ, ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ട , അമ്പത് വയസ്സ് പിന്നിട്ട മഹതിയായ സൗദ رضي الله عنهاയെയായിരുന്നു തിരുനബിصلى الله عليه وسلمരണ്ടാമതായി വിവാഹം ചെയ്തത്.


ഇനി രണ്ടാമതായി ഒരു യുവാവ് മഹതിയെ വിവാഹം കഴിക്കാന്‍ വരില്ല. വിവാഹിതയാവാതെ പോയാല്‍ ഇനി അവരെ സംരക്ഷിക്കാന്‍ വേറെയാരുമില്ല താനും കാരണം. ആദ്യത്തെ വിവാഹത്തില്‍ സന്താനങ്ങള്‍ ജനിച്ചിട്ടില്ല. ഭര്‍ത്താവായ സക്‌റാന്‍ മരണപ്പെടുകയും ചെയ്തു. സ്വന്തം പിതാവ് പോലും ഇസ്‌ലാം മതം സ്വീകരിച്ചിട്ടുമില്ല. ഇസ്‌ലാമിനു വേണ്ടി എല്ലാം ത്യജിച്ച ഇവരെ ആ കുടുംബത്തിലേക്ക് എങ്ങിനെ തിരിച്ചയക്കും

ആ സാഹചര്യത്തിലാണ്‌ മഹതിയെ തിരുനബിصلى الله عليه وسلم വിവാഹം ചെയ്യുന്നത്. അതൊരു പെണ്ണിന്റെ ആവശ്യത്തിനല്ലെന്ന് ചിന്തിച്ചാല്‍ മനസിലാക്കാം. ആയിരുന്നുവെങ്കില്‍ അന്നത്തെ സാഹചര്യത്തില്‍ ഏത് യുവതികളെ വേണമെങ്കിലും തിരുനബിصلى الله عليه وسلم ക്ക് വിവാഹം ചെയ്യാന്‍ പറ്റുമായിരുന്നു. പക്ഷെ വിവാഹ ജിവിതത്തിന്റെ സുഖം എന്നതായിരുന്നില്ല. ലക്ഷ്യം. മറിച്ച് എന്ത് കൊണ്ടും സം‌രക്ഷിക്കേണ്ട സാഹചര്യത്തിലുള്ള ,പ്രത്യേകം തിരുനബി صلى الله عليه وسلم പരിഗണിക്കേണ്ടുന്ന കുടുംബ സാഹചര്യമുള്ള ഈ മധ്യവയസ്കയെ അവിടുന്നു സ്വീകരിച്ചു എന്നത് യഥാര്‍ഥത്തില്‍ ഒരു ത്യാഗമായിരുന്നു. അത് ഒരു സം‌രക്ഷണമായിരുന്നു. വലിയ മാതൃക യായിരുന്നു. ഇതാണ്‌ അവിടുത്തെ രണ്ടാമത്തെ വിവാഹം.

തിരുനബിصلى الله عليه وسلمയുടെ മൂന്നാമത്തെ വിവാഹം തന്റെ അമ്പത്തിരണ്ടാം വയസില് ആറു വയസുണ്ടായിരുന്ന ഒരു കൊച്ച് കുട്ടിയായിരുന്ന മഹതി ആഇശയുമായിട്ടായിരുന്നു. ഇതൊരു പെണ്ണിന്റെ ആവശ്യത്തിനല്ലെന്ന് പറയേണ്ടതില്ലല്ലോ. മറിച്ച് തന്റെ ഇസ്ലാമിക പ്രബോധന രംഗത്ത് വലം കയ്യായി വര്ത്തിക്കുന്ന മഹാനായ സിദ്ധീഖ് വിനോടുള്ള ആദരസൂചകമകമായിരുന്നു ആ ബന്ധം. അവരുമായി വീടു കൂടുന്നത് തിരുനബിصلى الله عليه وسلم യുടെ അമ്പത്തിനാലാം വയസിലും മഹതിയുടെ ഒമ്പതാം വയസിലുമായിരുന്നു. അവിടുന്ന് വഫാത്താകുമ്പോള് മഹതിക്ക് 18 വയസാണ് പ്രായം. ഈ ഒമ്പത് വര്ഷകാലത്തെ ജീവിതത്തില് ,മഹതി തിരുനബിصلى الله عليه وسلم യുടെ വിശുദ്ധ ജീവിതത്തെ ഒപ്പിയെടുക്കുകയും അത് വള്ളിപുള്ളി വിത്യാസമില്ലാതെ ലോകത്തിന് എത്തിച്ച് കൊടുക്കുകയും ചെയ്യുന്നതില് വലിയ പങ്ക് വഹിച്ചു.

തിരുനബിصلى الله عليه وسلم യുടെ വഫാത്തിനു ശേഷവും 50 കൊല്ലത്തോളം മഹതി ജീവിക്കുകയും ആ തിരുമുഖത്ത് നിന്ന് കേട്ട സത്യങ്ങള് പില്കാലത്തുള്ളവര്ക്ക് എത്തിച്ച് കൊടുക്കാനും മഹതിക്ക് സാധിച്ചു. തിരുനബിصلى الله عليه وسلم യെ നേരില് കാണാന് കഴിയാത്തവര്ക്കും അവിടുത്തെ പ്രിയ പത്നിയുടെ നിറസാന്നിധ്യം വളരെ ആശ്വാസമായിരുന്നു. ഒരു ചെറുപ്രായക്കാരിയെ വിവാഹം ചെയ്തതിലൂടെ ഉമ്മത്തിന് കിട്ടിയ നേട്ടമാണിത്. പിന്നീട് നടന്ന വിവാഹങ്ങളിലധികവും രാഷ്ടീയ തന്ത്രങ്ങളായിരുന്നു. എത്ര കൊടും ശത്രുവാണെങ്കിലും തന്റെ കുടുംബവുമായി വൈവാഹിക ബന്ധമുള്ളവര്ക്ക് നേരെ ആയുധമെടുക്കുന്നത് മോശമായി കാണുന്നവരായിരുന്നു അറബികള്

ഖുറൈശികളുടെ മുഴുവനും കാരണവരും പതാക വാഹകരുമായിരുന്നു അബൂസുഫ്യാനായിരുന്നു ഖന്ധക്ക് വരേക്കുമുള്ള എല്ലാ യുദ്ധങ്ങള്ക്കും നേതൃത്വം നല്കിയിരുന്നത്. അവരുടെ മകള് റംല എന്ന ഉമ്മു ഹബീബرضي الله عنهاനേരത്തെ തന്നെ ഇസ്ലാം സ്വീകരിച്ച മഹതിയായിരുന്നു.. ഭര്ത്താവ് ഉബൈദുല്ലാഹിബ്നു ജഹ്ഷായിരുന്നു. ഭര്ത്താവിനൊപ്പം ഹബ്ഷയിലേക്ക് ഹിജ്റ പോയി. തന്റെ ഭര്ത്താവ് അവിടെ വെച്ച് ഒരു ദുര്ഭല നിമിഷത്തില് ഇസ്ലാമില് നിന്ന് മുര്തദ്ദായി കൃസ്ത്യാനിയായി മരിച്ചുപോയി. ഈ കുടുംബ ജീവിതത്തിലുണ്ടായിരുന്ന ഏക കുട്ടിയാണ് ഹബീബ. ഭര്ത്താവിന്റെ മതം മാറ്റവും തുടര്ന്നുണ്ടായ മരണവും മൂലം ഉമ്മു ഹബീബرضي الله عنها യും മകളും ഹബഷ്യയില് ഒറ്റപ്പെട്ടു. മുശ്രിക്കായ പിതാവിന്റെ അടുത്തേക്ക് മടങ്ങാന് കഴിയാത്ത അവസ്ഥയും. ഇവിടെയാണ് തിരുനബിصلى الله عليه وسلم യുടെ ദയയും രാഷ്ടീയ തന്ത്രവും കൂടി വരുന്നത്. അവിടുന്ന് ഉമ്മു ഹബീബرضي الله عنها യെ വിവാഹം ചെയ്തു. ഈ വിവരം അബുസുഫ്യാന്റെ അടുത്തെത്തിയപ്പോള് അദ്ധേഹം പറഞത് " അദ്ധേഹം തറവാടിനൊത്ത യുവാവാണ് " എന്നായിരുന്നു. പിന്നീട് ഒരിക്കലും അബുസുഫ്യാന്റെ നേതൃത്വത്തില് മദീനയിലേക്ക് യുദ്ധത്തിനു വേണ്ടി പോയിട്ടില്ല. കാരണം മരുമകനോട് യുദ്ധം ചെയ്യാന് പോവുക എന്നത് തറവാടിത്തമല്ല. മാത്രമല്ല ഭര്ത്താവിന്റെ മരണത്തോടെ വിധവയായി മാറിയ തന്റെ മകളെ വിവാഹം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ മുഹമ്മദ് ചെയ്യുന്നത് അസാമാന്യ മനുഷ്യത്വവും ദയാപരവുമാണ്. അവരോട് യുദ്ധം ചെയ്യുന്നത് ഒരിക്കലും ബുദ്ധിയല്ലെന്ന് വിലയിരുത്തുകയുമായിരുന്നു അവര്, പിന്നീട് അബുസുഫ്യാന് ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു.
 
തിരുനബിصلى الله عليه وسلمതങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ശത്രുക്കളെ ഇളക്കി വിട്ടു ആഭ്യന്തരവും വൈദേശീകവുമായ പ്രശ്നങ്ങളുണ്ടാക്കിയവരായിരുന്നു മദീനയിലെ യഹൂദികള്‍ , അവരുമായി ഖൈബറില്‍ വെച്ച് ഏറ്റുമുട്ടുകയും യഹൂദികള്‍ പരാജയപ്പെടുകയും ചെയ്തു. യഹൂദികളുടെ നേതാവായ ഹുയയ്ബുനു അഖ്തബ് അടക്കം പലരും പിന്തിരിഞോടുകയും ഒട്ടനേകം പേരെ ബന്ധിയാക്കുകയും ചെയ്തു. ബന്ധികളാക്കിയവരുടെ കൂട്ടത്തില്‍ അവരുടെ നേതാവായ ഹുയയ്യിന്റെ മകള്‍ സഫിയ്യയുമുണ്ടായിരുന്നു. ആ മഹതി ഇസ്‌ലാം സ്വീകരിക്കുകയും മഹതിയെ തിരുനബി صلى الله عليه وسلم വിവാഹം കഴിക്കുകയും ചെയ്തു. ഈ വിവാഹത്തോടെ ഹുയയ്യിന്റെ ആക്രമണത്തിനു ശമനമുണ്ടായി.

ഇനി ഗ്രാമ വാസികളായ അറബികളില്‍ ഏറ്റവും സ്വാധിനമുള്ളവരുമായിരുന്നു ബനുല്‍ മുസഥലഖ് ഗോത്രം. എപ്പോഴും ആ ഭാഗത്ത് നിന്ന് ശല്യമാണ്‌. ഇവര്‍ നബിصلى الله عليه وسلم ക്കെതിരെ ചതിയിലൂടെ യുദ്ധം ആസൂത്രണം ചെയ്യുന്നുണ്ടെന്നറിവായപ്പോള്‍ അപ്രതീക്ഷിതമായി അങ്ങോട്ട് യുദ്ധത്തിന്‌ പോയി 'മുറൈസിഅ്‌' എന്ന സ്ഥലത്ത് വെച്ച് അവരുമായി ഏറ്റുമുട്ടി. അവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നു. ഇരുന്നൂറോളം വീട്ടുകാരെ ബന്ധികളാക്കി, അവരുടെ നേതാവായ ഹാരിസിന്റെ മകളും അക്കൂട്ടത്തിലുണ്ടായിരുന്നു. 20 വയസുകാരിയായ അവരുടെ ഭര്‍ത്താവ് യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. മദീനയിലേക്ക് കൊണ്ട് വന്ന ഈ ബന്ധികളില്‍ പലരും ഇസ്‌ലാം മതം സ്വീകരിച്ചു. കൂട്ടത്തില്‍ ബ‌റ്‌റ എന്നു പേരുള്ള ഹാരിസിന്റെ ഈ മകളും ഇസ്‌ലാം മതം സ്വീകരിച്ചു. ഇവരെ വിവാഹം കഴിക്കുന്നത് പല നിലക്കും ഇസ്‌ലാമിന്‌ ഉപകാരപ്പെടുമെന്ന് മനസ്സിലാക്കി മഹതിയുടെ പേര്‌ ജുവൈരിയ എന്നാക്കി മാറ്റിയതിനു ശേഷം തിരുനബിصلى الله عليه وسلمമഹതിയെ വിവാഹം ചെയ്തു.

ഈ വിവരം അറിഞപ്പോള്‍ ,തിരുനബിصلى الله عليه وسلم യുടെ പത്നിയോടുള്ള ആദരവെന്നോണം മറ്റെല്ലാ ബന്ധികളെയും സ്വഹാബാക്കള്‍ സ്വതന്ത്രരാക്കി.ഇതറിഞതോടെ മഹതിയുടെ പിതാവായ ഹാരിസും യുദ്ധനീക്കങ്ങള്‍ അവസാനിപ്പിക്കുകയും മദീനയില്‍ വന്ന് ഇസ്‌ലലം സ്വീകരിക്കുകയും ചെയ്തു. മാത്രമല്ല എന്റെ നാട്ടിലെ ഇസ്‌ലാമിക പ്രബോധന ചുമതല എന്നെ ഏല്പിക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങിനെ ആ ഭാഗത്ത് മുഴുവനും ശക്തമായ ഇസ്‌ലാമിക പ്രചാരണം നടത്തി ബനുല്‍ മുസ്തലഖ് മുഴുവനും ഇസ്‌ലാം മതം സ്വീകരിച്ചു. ഈ ഒരു വിവാഹം കൊണ്ടുണ്ടായ നേട്ടമാണിതെല്ലാം.

അപ്പോള്‍, ഈ വിവാഹങ്ങളുടെയൊക്കെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം ശാരീരിക ആവശ്യമായിരുന്നില്ല എന്ന മനസിലാക്കാം

ഇനി നമുക്ക് ഓരോ പത്നിമാരെയും പരിചയപ്പെടാം



ഒന്ന് : ഉമ്മുല്‍ മു‌അ്‌മിനീന്‍ ഖദീജ -رضي الله عنها


പേര്‌ഖദീജ خديجة رضي الله عنها


പിതാവ്അസദിന്റെ മകന്‍ ഖുവൈലിദ് -خويلد بن أسد


മാതാവ്
സാഇദയുടെ മകള്‍ ഫാതിമ -(فاطمة بنت زائدة)


ഗോത്രം

ഖുറൈശി


ജനനം
ഹിജ്‌റയുടെ 68 വര്‍ഷം മുമ്പ്


ജനിച്ച സ്ഥലം
മക്ക


വിവാഹ തിയ്യതി
നുബുവ്വത്തിന്റെ 15 വര്‍ഷം മുമ്പ് ( ഹിജ്‌റയുടെ 28 വര്‍ഷം മുമ്പ്)


വിവാഹ സമയത്തെ പ്രായം
40


നബിയുടെ പ്രായം
25


മഹ്‌റ്
കന്യകകളായ 20 ഒട്ടകം


നബിയോടൊത്ത് ജീവിച്ച കാലം
25 വര്‍ഷം


മക്കള്‍

ആറ് പേര്‍


ആണ്‍ കുട്ടികള്‍
2 പേര്‌, ഖാസിം, അബ്ദുല്ല رضي الله عنهما , രണ്ടു പേരും ചെറുപ്പത്തില്‍ വഫാത്താകുകയും ഉമ്മയുടെ കൂടെ വിശുദ്ധ മക്കയിലെ മു‌അല്ലയില്‍ അന്ത്യ വിശ്രമം കൊള്ളുകയും ചെയ്യുന്നു.


പെണ്‍കുട്ടികള്‍

4 പേര്‌ : സൈനബ് , റുഖിയ്യ, ഉമ്മുകുല്‍സും, ഫാതിമ رضي الله عنهن -നാല്‌ പേരും മദീനയില്‍ അന്ത്യ വിശ്രമം കൊള്ളുന്നു.


മുന്‍ വിവാഹം

തിരു നബിصلى الله عليه وسلم ക്ക് മുമ്പ് രണ്ട് പേരുമായി വിവാഹം നടന്നിട്ടുണ്ട്


ആദ്യ ഭര്‍ത്താവ്

ആബിദിന്റെ മകന്‍ അതീഖ്. ഇവരിലൂടെ ഹിന്ദ് എന്ന് പേരുള്ള ഒരു പെണ്‍ കുട്ടി ജനിച്ചിരുന്നു. മഹതി ഇസ്‌ലാം മതം സ്വീകരിച്ചവരാണ്‌. ഈ ഭര്‍ത്താവ് വലിയ ബിസിനസ് സാമ്രാജ്യമുള്ളയാളായിരുന്നു. അവരുടെ മരണത്തോടെ അതെല്ലാം മഹതിയുടെ അധീനതയിലെക്ക് വരുകയായിരുന്നു



രണ്ടാമത്തെ ഭര്‍ത്താവ്

അബൂ ഹാല ( നബാശിന്റെ മകന്‍ ഹിന്ദ് ) ഇവരിലൂടെ ഹിന്ദ്, ഹാല എന്നീ രണ്ട് പെണ്‍ കുട്ടികള്‍ ജനിച്ചിരുന്നു. രണ്ട് പേരും ഇസ്‌ലാം മതം സ്വീകരിച്ചവരാണ്‌.


വഫാത്ത്

റമദാന്‍ 17 ന്‌ ,നുബൂവ്വത്തിന്റെ പതിനൊന്നാം വര്‍ഷം. മക്കയില്‍


പ്രായം

65


ഖബ്റ്

മക്കയിലെ അല്‍-മുഅല്ലയില്‍


ഖദീജ ബീവി رضي الله عنها

മഹതിയുടെ ശേഷ്ടതകളും പ്രത്യേകതകളും





ബീവിയുടെ ഏറ്റവും വലിയ പ്രത്യേകതകളില് പെട്ടതാണ്‌:
(സ്ത്രീകളില് നിന്ന്) ആദ്യമായി ഇസ്ലാം മതം സ്വീകരിച്ചവരും തന്റെ ശരീരവും ധനവും ഇസ്ലാമിന് സംഭാവന ചെയ്തവരുമാണെന്നത്.

മറ്റൊരു പ്രത്യേകതയാണ് ഇമാം തുര്മുദി റിപ്പോര്ട്ട് ചെയ്ത താഴെയുള്ള ഹദീസ്




عن أَنَسٍ رَضِيَ اللهُ عَنْهُ ، أَنَّ النَّبيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: "حَسْبُكَ مِنْ نِسَاءِ الْعَالَمِينَ: مَرْيَمُ بنت عِمْرَانَ ، وَخَدِيجَةُ بِنْتُ خُوَيْلِدٍ ، وَفَاطِمَةُ بِنْتُ مُحمَّدٍ ، وَآسِيَةُ امْرَأَةُ فِرْعَوْنَ" (رضي الله عنهن) (رواه الترمذي رقم 4057





" നിനക്ക് മതി, ലോകസ്ത്രീകളില് ഉത്തമരായി, ഇംറാന്റെ മകള് മര്യമും ഖുവൈലിദിന്റെ മകള് ഖദീജയും മുഹമ്മദ് صلى الله عليه وسلمയുടെ മകള് ഫാതിമയും ഫറോവയുടെ ഭാര്യ ആസ്യയും رضي الله عنهن"

മഹതി പാരമ്പര്യമായി മക്കയിലെ പ്രമുഖ കച്ചവടക്കാരിയായിരുന്നു. അവര് ചെയ്തിരുന്ന കച്ചവടം ലാഭക്കൂര് കച്ചവടമായിരുന്നു. അഥവാ നാട്ടില് കച്ചവടത്തില് കഴിവുള്ളവരെ തെരഞെടുത്ത് അവര്ക്ക് കച്ചവടം ചെയ്യാനുള്ള പണം നല്കുന്നു. അവര് അതില് സ്വതന്ത്രമായി കച്ചവടം ചെയ്ത് ലഭിക്കുന്ന ലാഭത്തിന്റെ നിശ്ചിത വിഹിതം സ്വീകരിക്കുന്ന രീതിയായിരുന്നു മഹതി ചെയ്തിരുന്നത്.


കുട്ടിയായിരുന്ന കാലത്ത് തന്നെ മക്കയിലും പരിസരങ്ങളിലും നടമാടിയിരുന്നഅവര് ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ഒരിക്കലും ബിംബങ്ങളുടെ മുന്നില് തല കുനിച്ചിട്ടുമില്ല. അത്തരക്കാരില് പെട്ട മറ്റൊരു മഹതിയായിരുന്നു തിരുനബിصلى الله عليه وسلم യുടെ മാതാവ് ആമിനാ ബീവി رضي الله عنها . അവരും വിഗ്രഹത്തിനു മുന്നില് സുജൂദ് ചെയ്തിട്ടില്ല.

നല്ലതല്ലാത്ത ഒരു കാര്യം സ്വഭാവത്തിലോ നടപടിയിലോ പെരുമാറ്റത്തിലോ ഒരിക്കല് പോലും അറിയപ്പെടാത്തത് കൊണ്ട് നാട്ടില് വ്യാപകമായി അവര് അറിയപ്പെട്ടിരുന്നത് الطاهرة'വിശുദ്ധ' എന്ന പേരിലായിരുന്നു. ഇത് ഇസ്ലാം വരുന്നതിനു മുമ്പായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അനാശാസ്യങ്ങളും അന്ധവിശ്വാസങ്ങളും വെച്ച് പുലര്ത്തിയിരുന്ന കാലത്താണ് ഈ സല്ഗുണങ്ങള് കാത്ത് സൂക്ഷിച്ചത് എന്നതും ശ്രദ്ധേയമാണ്.

സത്യാന്വേഷണം എന്ന സല്ഗുണവും അവരിലുണ്ടായിരുന്നു . പൂര്വ്വ വേദങ്ങളില് വലിയ പാണ്ഡിത്യവും അവയില് വിശ്വസിച്ചവരുമായിരുന്ന തന്റെ ഗുരുവും പിതൃവ്യ പുത്രനുമായ വറഖത്തു-ബ്നു-നൗഫലിന്റെ പക്കല് നിന്ന് പഠിക്കാറും തന്റെ ഉപദേശകനായി അദ്ധേഹത്തെ കാണാറുമുണ്ടയിരുന്നു.

മഹതിയുടെ ശ്രേഷ്ടതകളും പ്രത്യേകതകളും

യഥാര്‍ഥത്തില്‍ അഹ്‌ലുബൈത്ത് " വീട്ടുകാര്‍" എന്ന് പറഞാല്‍ അത് ഖദീജാ ബീവിرضي الله عنهاയുടെ വീട്ടുലുള്ളവരാണ്‌ കാരണം വിശുദ്ധ ഖുര്‍‌ആനില്‍ അല്ലാഹു പറയുന്നു



إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا (الأحزاب 33



പ്രവാചക കുടുംബമായ നിങ്ങളെ മാലിന്യങ്ങളില്‍ നിന്ന് പരിശുദ്ധമാക്കാനും സമ്പൂര്‍ണ്ണമായി ശുദ്ധീകരിക്കാനുമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത് ( അഹ്‌സാബ് 33 )

ഇതില്‍ ഒന്നാമതായി വരുന്നത് മഹതി ഖദീജാ ബീവിرضي الله عنهاയും ആ വീട്ടിലുള്ള നബി കുടുംബവുമാണ്‌. ഈ ആയത്ത് അവതരിപ്പിച്ചപ്പോള്‍ മഹതി ഖദീജാ ബീവിرضي الله عنها ജീവിച്ചിരിക്കുന്നില്ല. മറിച്ച് അന്ന് ജീവിച്ചിരിക്കുന്നത് ഖദീജാ ബീവിرضي الله عنهاയുടെ മകളായ ഫാതിമرضي الله عنهاയും അവരുടെ ഭര്‍ത്താവും ഖദിജാ ബീവിയുടെ പോറ്റു മകനും തിരുനബിയുടെ പിതൃവ്യ പുത്രനുമായ അലിയ്യുബ്നു അബീത്വാലിബ് رضي الله عنهവും തിരുനബി തങ്ങളുടെ പേരമക്കളായ ഹസന്‍ , ഹുസൈന്‍ رضي الله عنهما എന്നിവരുമാണ്‌. അവരെ നാലു പേരേയും അടുത്ത് വിളിച്ചിരുത്തി ,അഥവാ പേരമക്കളെ മടിയിലിരുത്തി മോളെയും ഭര്‍‌ത്താവിനെയും രണ്ട് ഭാഗത്തുമായി ഇരുത്തി അവിടുത്തെ പവിത്രമായ പുതപ്പ് കൊണ്ട് തന്നെയും അവരെയും ഒന്നിച്ച് മൂടിയതിനു ശേഷം ഇങ്ങിനെ പ്രാര്‌ക്കുകയുണ്ടായി.


اَللَّهُمَّ هَؤُلاَءِ أَهْلُ بَيْتِي فَطَهِّرْهُمْ تَطْهِيراً


നാഥാ , എന്റെ അഹ്‌ലു ബൈത്ത് ഇവരാണ്‌. ഇവരെ നീ സംശുദ്ധമായ സംസ്കരണം നടത്തി ശുദ്ധീകരിക്കേണമേ ,
ഇവരാണ്‌ അഹ്‌ലു ബൈത്ത് കൊണ്ട് മുഖ്യമായി ഉദ്ധേശിക്കുന്നത്. അന്ന് ഖദീജാ ബിവിرضي الله عنهاയുടെ മറ്റ് മക്കളൊക്കെ മരണപ്പെട്ട് പോയിരുന്നു. അപ്പോള്‍ അഹ്‌ലു ബൈത്തിന്റെ യഥാര്‍‌ഥ ഉമ്മാമ മഹതി ഖദീജ ബീവിرضي الله عنهاയാണ്‌.

തിരുനബിയുടെ പത്നിമാര്‍ നമ്മുടെ ആദര്‍ശ മാതാക്കളാണെന്ന് നാം പറയുകയുണ്ടായി. തിരുനബി നമ്മുടെ ആദര്‍ശ പിതാവുമാണ്‌. അപ്പോള്‍ സ്വന്തം മാതാക്കളേക്കാള്‍ കൂടുതല്‍ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ടവരാണ്‌ ഉമ്മഹാത്തുല്‍ മുഅ്‌മിനീങ്ങള്‍ ആ മാതാക്കളുടെ നേതവാണ്‌ മഹതി ഖദീജാ ബീവിرضي الله عنها . മഹതിയെ കുറിച്ച് മഹാന്മാര്‍ ഇങ്ങിനെ പരിചയപ്പെടുത്തിയതായി കാണാം



سيدة في قلب المصطفى صلى الله عليه وسلم



തിരുനബിയുടെ ഹൃദയത്തില്‍ കുടികൊള്ളുന്ന ഒരു മഹതി



തിരു നബി صلى الله عليه وسلم അങ്ങേഅറ്റം സ്നേഹിക്കുകയും ആ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ട നേടുകയും ചെയ്ത മഹതി അല്ലാഹുവിന്റെ തിരു സന്നിധിയിൽ ആരാണെന്ന് നമുക്ക് നോക്കാം

മഹതി ഖദീജാ ബീവി رضي الله عنها യിലൂടെയാണ് തിരു നബി صلى الله عليه وسلم ക്ക് അങ്ങേയറ്റത്തെ ശാന്തിയും സമാധാനവും ആശ്വാസവും ലഭിച്ചത്. ഇസ്‌ലാമിന്റെ ആദ്യകാലത്ത് ബാഹ്യശത്രുക്കളിൽ നിന്നുള്ള കഠിനമായ എതിർപ്പും ശത്രുതയും ആക്രമണവും കാരണമായി ദ‌അ്‌വാ അന്തരീക്ഷം സംഘർഷ നിബിഡമായിരുന്നു. ഓരോ നിമിഷവും പ്രയാസം നിറഞ്ഞതായിരുന്നു. ഇത്തരത്തിൽ ദ‌അ്‌വാ രംഗത്ത് ക്ഷീണിച്ചവശനായി മഹതിയായ ഖദീജാ ബീവി رضي الله عنها യുടെ തിരു സവിധത്തിലേക്ക് അഥവാ ആ ഗൃഹാന്തരീക്ഷത്തിലേക്ക് കടന്നു വരുമ്പോൾ സമാധാനത്തിന്റെ തെളിനീർ നൽകാനും ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഒരു സ്വർഗീയ ലോകം പണിയാനും മഹതിയായ ഖദീജാ ബീവി رضي الله عنها ക്ക് സാധിച്ചിരുന്നു

ലോകത്ത് ഏതൊരു സ്ത്രീയുടെ ചരിത്രം എടുത്ത് പരിശോധിച്ചാലും അല്ലറ ചില്ലറ കറുത്ത പാടുകൾ സ്ത്രീകള്‍ വളരെ കുറവായിരിക്കും .എന്നാൽ നബി തങ്ങളോടൊന്നിച്ചുള്ള കുടുംബജീവിതത്തില്‍ ഒരിക്കല്‍ പോലും കറുത്ത പാട് വീഴാത്ത മഹതിയാണ്‌ ഖദീജാബീവി.رضي الله عنها

25 വർഷം നബി صلى الله عليه وسلم യോടൊത്ത് ജീവിച്ചിട്ടും, അതും ഇസ്‌ലാമിന്റെ ഏറ്റവും പ്രയാസമുള്ള കാലത്ത് ,സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വാക്കല്ലാതെ ഒന്നും ആ പ്രിയ പത്നിയിൽ നിന്ന് തിരുനബി കേൾക്കേണ്ടി വന്നിട്ടില്ല. അത് കൊണ്ട് തന്നെ അല്ലാഹു പടച്ച സ്ത്രീകളുടെ കൂട്ടത്തിൽ അല്ലാഹു സലാം പറഞ്ഞയച്ച് ആ‍ദരിച്ച ഒരു സ്ത്രീയുണ്ടെങ്കിൽ അത് മഹതി ഖദീജ ബീവി رضي الله عنها മാത്രമാണ്
രക്ഷിതാവായ പടച്ച തമ്പുരാന്‍ അവന്റെ മലക്കുകകളുടെ നേതാവായ ജിബ്‌രീലിعليه السلام നെ ഈ സലാമുമായി പറഞയച്ചിരുന്നു. ഇമാം ബുഖാരിرحمه اللهറിപ്പോര്‍ട്ട് ചെയ്ത ഹദീസ് കാണുക.



عن أبي هريرةَ رضيَ الله عنه قال: "أتى جبريلُ النبيَّ صلى الله عليه وسلّم فقال: يا رسولَ الله ، هٰذهِ خديجة قد أتَتْ معَها إناءٌ فيه إدامٌ أو طعام أو شرابِ، فإذا هيَ أتَتْكَ فاقرَأْ عليها السلامَ من ربِّها ومنّي، وبشرْها ببيتٍ في الجنةِ من قَصَب، لا صَخَبَ فيه ولا نَصَب". (صحيح البخاري رقم 3733) وفي النسائي فقالت: إن الله هو السلام، وعلى جبريل السلام، وعليك السلام ، ورحمة الله وبركاته" (رواه النسائي


ജിബ്‌രീല്‍ عليه السلام വന്നിട്ട് പറയുന്നു. "അല്ലാഹുവിന്റെ പ്രവാചകരേ, മഹതി ഖദീജാബീവി ഭക്ഷണവുമായി വരുന്നുണ്ട്, മഹതി വന്നാല്‍, മഹതിയുടെ റബ്ബായ , ലോക രക്ഷിതാവായ അല്ലാഹുവില്‍ നിന്നുള്ള സലാം അവര്‍ക്ക് പറയുക. എന്റെയും സലാം പറയുക, സ്വര്‍ഗത്തില്‍ യാതൊരു അസ്വസ്ഥതകളുമില്ലാത്ത ഒരു കൊട്ടാരം മഹതിക്ക് പണിത് വെച്ചിട്ടുണ്ടെന്നും അറിയിക്കുക. (ബുഖാരി 3733)

ഇമാം നസാഇرحمه الله യുടെ റിപ്പോര്‍ട്ടില്‍ മഹതി മടക്കിയ സലാമിന്റെ രൂപവുമുണ്ട്. മഹതിയുടെ ബുദ്ധിയും ,അറിവും, പക്വതയും വിളിച്ചോതുന്നതായിരുന്നു ആ സലാം മടക്കല്‍ . അതിങ്ങനെയാണ്‌



فقالت: إن الله هو السلام، وعلى جبريل السلام، وعليك السلام ، ورحمة الله وبركاته


"അല്ലാഹവിന്‌ സലാം മടക്കേണ്ടുന്ന ആവശ്യമില്ല. അവന്‍ തന്നെയാണ്‌ സലാം. ജിബ്‌രീലിعليه السلام ന്‌ അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ, അങ്ങയ്ക്ക് അല്ലാഹുവിന്റെ രക്ഷയും, അനുഗ്രഹവും, ബറക്കത്തും ഉണ്ടാവട്ടെ "

നോക്കൂ എത്ര മനോഹരം..
 
ഇക്കാരണങ്ങളെക്കൊണ്ട് മഹതി ഖദീജാ ബീവി رضي الله عنهاയ്ക്ക് മേലെ തികഞ ഒരു വനിതാരത്നം വേറെയില്ല.

ബഹുമാനത്തില്‍ ഫാതിമാ ബീവിرضي الله عنهاയാണ്‌ മുന്നിലെങ്കിലും അതിനു കാരണം മഹതി 'എന്റെ ഒരു കഷ്ണമാണെന്ന' തിരുനബിصلى الله عليه وسلمയുടെ വചനമാണ്‌. അപ്പോള്‍ അതിനു സമാനമായി വേറെയുണ്ടാകുകയില്ല

അതേ സമയം ഒരു സ്ത്രീ എന്ന നിലക്ക്, കുടുംബിനി എന്ന നിലക്ക്, ഒരു ഗൃഹനാഥ എന്ന നിലക്ക് ഖദീജാ ബീവിرضي الله عنهاക്ക് സമാനമായി ഒരു പെണ്ണിനെ ലോകത്ത് കാണാന്‍ കഴിയില്ല. അവരുടെ പക്വതയും നിരീക്ഷണ പാഠവവും സമര്പ്പണവും ആത്മാര്‍ഥമായ സ്നേഹവും ഇസ്‌ലാമിന്റെ ഒന്നാം തിയ്യതി തന്നെ ലോകത്തിനു മുന്നില്‍ അത്ഭുതമായി നിലനില്‍ക്കുന്നു.

ഹിറാ പര്‍വ്വതത്തിന്റെ മുകളില്‍ വെച്ച് , ഇഖ്‌റ‌അ്‌ ബിസ്മി ഓതിക്കേള്‍പ്പിച്ച് , തൗഹീദിന്റെ സന്ദേശം മനുഷ്യരും ജിന്നുകളുമാകുന്ന മുഴുവന്‍ പടപ്പുകള്‍ക്കും കൈമാറാനുള്ള ഉത്തരവാദിത്വം ഏല്പ്പിക്കപ്പെട്ടപ്പോള്‍ , തിരുനബി صلى الله عليه وسلم തന്നിലര്‍പ്പിതമായ ഈ ഭാരിച്ച ഉത്തരാവാദിത്വം തനിക്കൊറ്റക്ക് നിര്‍ ‌വഹിക്കാനാകുമോ , താനീ ദൗത്യനിര്‍‌വഹണത്തില്‍ പരാജയപ്പെടുമോ എന്നൊക്കെയുള്ള ഭയം കാരണം പനിച്ച് കിടു കിടാ വിറച്ച് കൊണ്ടാണ്‌ ഹിറാ പര്വ്വതത്തിന്റെ മുകളില്‍ നിന്ന് ഖുര്‍‌ആനിന്റെ ആദ്യ വചനവുമായി വീട്ടില്‍ വരുന്നത്.

വരുന്നത് കണ്ടപ്പോള്‍ തന്നെ മഹതി ഖദീജാബീവിرضي الله عنهاക്ക് മനസിലായി എന്തോ വിഷമത്തോടു കൂടിയാണ്‌ വരുന്നതെന്ന്. അത്തരം ഘട്ടത്തില്‍ സമചിത്തത പാലിക്കാന്‍ കഴിയുക എന്നതാണ്‌ ഒരു ഭാര്യയുടെ വിജയം. അവിടെ മഹതി ഖദീജാബീവിرضي الله عنها കാണിച്ച അസാമാന്യ ധൈര്യവും പക്വതയും ഇമാം ബുഖാരി തന്റെ സ്വഹീഹിന്റെ മൂന്നാമത്തെ ഹദീസായി ഉദ്ധരിക്കുന്നുണ്ട്.  

ഇമാം ബുഖാരിرحمه اللهതന്റെ സ്വഹീഹില്‍ മൂന്നാമത്തെ ഹദീസായി വിവരിക്കുന്നു.



فرجعَ بها رَسولُ اللهِ صلى الله عليه وسلّم يَزْجُفُ فُؤادُهُ، فدخلَ على خَدِيجةَ بنتِ خُوَيلِدٍ رضِيَ اللهُ عنها فقال: زَمِّلوني زمِّلوني. فَزَمَّلُوهُ حتَّى ذَهبَ عنه الرَّوعُ، فقال لخديجةَ وأخبرها الخبرَ: لقد خَشِيتُ على نَفْسِي. فقالت خَديجةُ: كَلاّ واللهِ ما يُخْزيكَ اللهُ أبداً، إنَّكَ لَتَصِلُ الرَّحِمَ، وتحملُ الكَلَّ ، وتَكْسِبُ المَعْدومَ، وتَقْري الضَّيْفَ، وتُعينُ على نوائبِ الحَقّ ... (صحيح البخاري رقم 3


(പശ്ചാത്തലം : ഹിറാ പര്‍‌വ്വതത്തില്‍ വെച്ച് ആദ്യമായി ഖുര്‍‌ആന്‍ സൂക്തങ്ങള്‍ അല്ലാഹുവില്‍ നിന്ന് ജിബ്‌രീല്‍ മുഖേന ലഭിച്ചു മടങ്ങുമ്പോള്‍ ) " പേടിച്ച് വിറച്ച് കൊണ്ട് തിരിച്ച് വന്ന് ഖദീജാ ബീവിയുടെ അടുക്കലേക്ക് കടന്ന് വന്ന് എന്നെ പുതപ്പിക്കൂ , എന്നെ പുതപ്പിക്കൂ എന്ന് പറഞു. ആ വിഷമം വിട്ടുമാറുന്നത് വരെ പുതപ്പിച്ച് കൊടുത്തു. ശേഷം ഖദീജാ ബീവിയോട് ഉണ്ടായ സംഭവങ്ങളൊക്കെ വിവരിച്ച്കൊടുത്ത് കൊണ്ട് പറഞ്ഞു ' ഞാനെന്താകുമെന്ന് എനിക്ക് പറയാന്‍ കഴിയില്ല മരിച്ച് പോകുമോ എന്ന് പേടിച്ച് പോയി" അതിനു ഒറ്റ വാക്കില്‍ മഹതി പറഞ്ഞ മറുപടി ഇതായിരുന്നു.



كَلاّ واللهِ ما يُخْزيكَ اللهُ أبداً، إنَّكَ لَتَصِلُ الرَّحِمَ، وتحملُ الكَلَّ ، وتَكْسِبُ المَعْدومَ، وتَقْري الضَّيْفَ، وتُعينُ على نوائبِ الحَقّ



كلا لا يخزيك الله أبدا" നിങ്ങള്‍ പേടിക്കേണ്ട , അങ്ങിനെയൊന്നും സംഭവിക്കുകയില്ല, അല്ലാഹു തങ്ങളെ കൈവെടിയുകയില്ല "

ഈ "കല്ലാ" എന്ന പദം പിന്നീട് അല്ലാഹുവിന്റെ ഖുര്‍‌ആനില്‍ അതേ ഇഖ്‌റ‌അ്‌ സൂറത്തിന്റെ ബാക്കി ഭാഗത്ത് കാണാം.كلا إن الإنسان ليطغى

ഇത് മഹതിയുടെ ഒരു സമാധാന വാക്കല്ല. പതിനഞ്ച് വര്‍ഷത്തോളം തിരുനബിصلى الله عليه وسلم യോടൊന്നിച്ച് ജീവിച്ചതില്‍ നിന്നുള്ള നിരീക്ഷണ പാഠവമാണത്. അവിടുത്തെ വാക്കും, അടക്കവും അനക്കവും നിരീക്ഷിച്ച് കൊണ്ടിരിക്കയായിരുന്ന മഹതി, ഓരോ നിമിഷത്തിലും ലോകത്തിന്റെ രക്ഷകനായി വരാന്‍ പോകുന്ന പ്രവാചകന്‍ ഇവര്‍ തന്നെയാണെന്ന് ദൃഡീകരിച്ചു വരികയായിരുന്നു . മഹതി വേദ പണ്ഡിതനായ വറഖയില്‍ നിന്നും മറ്റും പഠിച്ചതു പോലെ തന്നെ.
 
തിരുനബിصلى الله عليه وسلم യെ അല്ലാഹു കൈവെടിയില്ലെന്നതിന്‌ കാരണവും മഹതി പറയുന്നു.

إنك لتصل الرحم ഒന്നാമതായി അവിടുന്ന് കുടുംബ ബന്ധം ചേര്ക്കുക എന്ന മഹത്തായ സല്ഗുവണം കാത്തു സൂക്ഷിച്ച് പോരുന്നവരാണ്‌. രണ്ടാമതായി അവിടുന്ന് പ്രയാസങ്ങള്‍ സഹിക്കുന്നുണ്ട്, മൂന്നാമതായി അഗതികളെയും അനാഥളെയും സംരക്ഷിക്കാന്‍ കഠിനമായി ത്യാഗം ചെയ്യുന്നവരാണ്‌. നാലാമതായി വിരുന്നുകാരെ സത്കരിക്കുന്നു. സത്യത്തിന്റെ മാര്ഗ ത്തില്‍ ആവുന്നതൊക്കെ ചെയ്യുന്നു. ഈ സല്ഗു്ണങ്ങളെല്ലാം അങ്ങയില്‍ മേളിച്ചിട്ടുണ്ട്.

പതിനഞ്ച് കൊല്ലത്തെ ജീവിതത്തില്‍ തിരുനബിصلى الله عليه وسلمതങ്ങളെ ഒപ്പിയെടുത്ത് പൂര്ണ്ണുമായും അവിടുത്തെ ശീലവും സ്വഭാവങ്ങളും നടപടികളും ലോകത്തിന്‌ തന്ന മാതൃകയാണെന്ന് മഹതി തിരിച്ചറിഞ്ഞിരുന്നു.

ഇങ്ങിനെയുള്ള ഒരു ജീവിതമാണ്‌ അല്ലാഹു അടിമകളില്‍ നിന്ന് കാംക്ഷിക്കുന്നതെന്നും അവര്‍ മനസിലാക്കിയിരുന്നു. അത്തരം ഒരു മാതൃകായോഗ്യനെ സന്നിഗ്ദ ഘട്ടത്തില്‍ അല്ലാഹു കൈവെടിയുകയില്ലെന്ന യാഥാര്ഥ്യം മനസിലാക്കാനുള്ള നിരീക്ഷണ പാഠവം അവര്ക്കു ണ്ടായിരുന്നു. ആ അടിസ്ഥാനത്തിലാണ്‌ മഹതി ഈ ആശ്വാസ വാക്കുകള്‍ പറഞ്ഞത്.

അങ്ങിനെ അന്നു തൊട്ട് മഹതിയുടെ വഫാത്ത് വരെ എന്തൊക്കെ പ്രശ്നങ്ങളും പ്രയാസങ്ങളും വേദനകളും സങ്കടങ്ങളും വിഷമങ്ങളുമായി സമൂഹത്തില്‍ നിന്നും വീട്ടിലേക്ക് കയറിവന്നാല്‍ , അതെല്ലാം ആ സ്നേഹത്തിനു മുന്നില്‍ ഉരുകിതീരുമായിരുന്നു. അങ്ങിനെ ഇസ്‌ലാമിനെ ആദ്യഘട്ടത്തില്‍ ഇസ്‌ലാമിനെയും തിരുനബിصلى الله عليه وسلم യെയും ഏറെ സഹായിച്ച് ഇസ്‌ലാമിന്‌ ലോകത്ത് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുക്കുന്നതില്‍ സ്വഹാബത്തിന്റെ കൂട്ടത്തിലെ‍ ഏറ്റവും മുന്‍‌നിര വ്യക്തികളില്പെടട്ടവരാണ്‌ മഹതി ഖദീജാബീവിرضي الله عنها

ഖദീജാബീവിയിലൂടെ ഇസ്‌ലാമിനും തനിക്കും കിട്ടിയ അത്യസാധാരണമായ സഹായങ്ങളാണ്‌ തിരുനബിصلى الله عليه وسلم ഇങ്ങിനെ പറയാന്‍ കാരണം



عن عائشة رضي الله عنها قالت: كان النبيّ صلى الله عليه وسلّم إذا ذكر خديجة أثنى عليها فأحسن الثناء، قالت: فغِرْتُ يوماً فقلت: ما أكثر ما تَذْكُرُها حمراءُ الشِّدْقِ، قد أبْدَلَكَ الله ـ عَزَّ وَجَلَّ ـ بها خيراً منها، قال: «ما أَبْدَلَني الله ـ عَزَّ وَجَلَّ ـ خَيْراً منها قَدْ آمَنَتْ بي إذ كَفَرَ بي النّاس، وصَدَّقَتني إذ كذبني النّاسُ، وَواسَتْني بمالِها إذ حَرَمَني النّاسُ، وَرَزَقَني الله ـ عَزَّ وَجَلَّ ـ وَلَدَها إذ حَرَمَني أولادَ النّساءِ (رواه الإمام أحمد رحمه الله رقم 24471




ആഇശرضي الله عنهاപറയുന്നു നബിصلى الله عليه وسلم തങ്ങള്‍ ഖദീജرضي الله عنهاയെ ഓര്‍ക്കാനിടയായാല്‍ അവിടുന്ന് മഹതിയെ വല്ലാതെ പുകഴ്ത്തിപ്പറയുമായിരുന്നു. അമിതമായ ഈ പുകഴ്ത്തല്‍ ഒരിക്കല്‍ എനിക്ക് സഹിക്കാന്‍ കഴിഞില്ല. ഞാന്‍ പറഞ്ഞു .'അങ്ങ് എന്തിനാണ്‌ പ്രായം ചെന്ന് പല്ല് പോയ ഖദീജയെ ഇങ്ങിനെ ഓര്‍ക്കുന്നത് ? അവരെക്കാള്‍ ഉത്തമരായവരെ അല്ലാഹു അങ്ങേക്ക് പകരം തന്നിട്ടില്ലയോ ? അതിനു മറുപടിയായി തിരുനബിصلى الله عليه وسلم പറഞ്ഞു " ഇല്ല ഒരിക്കലും അവരെക്കാള്‍ ഉത്തമയായ സ്ത്രീയെ അല്ലാഹു എനിക്ക് തന്നിട്ടില്ല കാരണം മറ്റെല്ലാവരും എന്നെ നിഷേധിച്ചു തള്ളിയപ്പോള്‍ അവരാണ്‌ എന്നില്‍ വിശ്വസിച്ചത്. ജനങ്ങളൊക്കെ എന്നെ കളവാക്കിയപ്പോള്‍ അവരാണ്‌ എന്നെ സത്യവാനാക്കിയത്. ജനങ്ങളൊക്കെ എന്നെ സാമ്പത്തികമായി തടഞ്ഞപ്പോള്‍ മഹതിയാണ്‌ എന്നെ സഹായിച്ചത്. മറ്റു ഭാര്യമാരില്‍ നിന്നൊന്നും അല്ലാഹു എനിക്ക് മക്കളെ തന്നിട്ടില്ല. എന്നാല്‍ അല്ലാഹു അവരിലൂടെ എനിക്ക് മക്കളെ തരികയും ചെയ്തിട്ടുണ്ട്


ഓര്‍മ്മയിലെ ഒരു അപൂര്‍‌വ്വ മാല
മക്കയിലെ പ്രമുഖ തറവാട്ടിലെ യുവാവായിരുന്നു അബുല്‍ ആസ്. ഖുറൈശി കുടുംബത്തില്‍ അബ്ദുമനാഫിന്റെ സന്താന പരമ്പരയിലെ അംഗവും ഖദീജബീവിرضي الله عنها യുടെ സഹോദരിയായ ഹാലയുടെ പുത്രനും. ചെറുപ്പത്തില്‍ തന്നെ ഉത്തമ സ്വഭാവത്തിന്റെയും പരിശുദ്ധിയുടെയും പേരില്‍ അറിയപ്പെട്ട അദ്ദേഹം എല്ലാ അര്‍ഥത്തിലും വിശ്വസ്തനുമായിരുന്നു. ഈ പ്രസിദ്ധി അദ്ദേഹത്തെ തിരുനബിصلى الله عليه وسلمയുടെ മകള്‍ സൈനബرضي الله عنهاയെ വിവാഹാലോചന നടത്താന്‍ പ്രേരിപ്പിച്ചു. തന്റെ ആഗ്രഹം നബിയെ അറിയിക്കുകയും മാതൃസഹോദരിയായ ഖദീജബീവിرضي الله عنهاഅതിനു പിന്തുണ നല്‍കുകയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. ഈ മംഗല്യത്തില്‍ വല്ലാത്ത ആഹ്‌ളാദം പ്രകടിപ്പിച്ചവരായിരുന്നു മഹതി ഖദീജرضي الله عنها . സന്തോഷാധിക്യത്താല്‍ വിവാഹ ദിവസം താന്‍ അണിഞ്ഞിരുന്ന അപൂര്‍‌വ്വമായ മുത്തു മാല അഴിച്ച് മകളുടെ കഴുത്തില്‍ കെട്ടിക്കൊടുത്തു.

കാലങ്ങള്‍ പിന്നിട്ടു. ഖദീജബീവിرضي الله عنها വഫാത്തായി. തിരുനബി മദീനയിലേക്ക് ഹിജ്‌റ പോയി. മകള്‍ സൈനബرضي الله عنهاഇസ്‌ലാം മതം വിശ്വസിച്ചിട്ടില്ലാത്ത (അന്ന് നിശിദ്ധമായിരുന്നില്ല) തന്റെ ഭര്‍ത്താവും മക്കളുമൊത്ത് മക്കയില്‍ തന്നെ കഴിയവെയാണ്‌ ബദര്‍ യുദ്ധം നടക്കുന്നത്. ഈ യുദ്ധത്തില്‍ മക്കയിലെ മുശ്‌രിക്കുകള്‍ക്കൊപ്പം അബുല്‍ ആസിയും യുദ്ധത്തിനു പോയിരുന്നു. ആ യുദ്ധത്തില്‍ ബന്ധികളായി പിടിക്കപ്പെട്ടവരില്‍ അബുല്‍ ആസിയുമുണ്ടായിരുന്നു.

എല്ലാ ബന്ധികളോടും മാന്യമായി പെരുമാറാന്‍ തിരുനബിصلى الله عليه وسلمഅനുചരന്മാരെ പ്രത്യേകം ഉപദേശിച്ചിരുന്നു. ബന്ധികളാക്കപ്പെട്ടവരെ മോചിപ്പിച്ച് കൊണ്ട് പോകാന്‍ മക്കയിലെ ഖുറൈശികള്‍ മോചനദ്രവ്യങ്ങളുമായി മദീനയിലെത്തി. കൂട്ടത്തില്‍ അബുല്‍ ആസിയുടെ സഹോദരന്‍ ഉമറ്ബ്നു റബീഉമുണ്ടായിരുന്നു.

ഉമര്‍ തിരുനബിയുടെ അടുക്കലെത്തി. എന്നെ സൈനബ് അയച്ചതാണ്‌. അവരുടെ ഭര്‍ത്താവിന്റെ മോചനദ്രവ്യമെന്ന് പറഞ്ഞു തന്റെ വസ്ത്രത്തിനുള്ളില്‍ നിന്നും ഒരു സഞ്ചിയെടുത്ത് നബിയുടെ കയ്യില്‍ കൊടുത്തു.

അത് തുറന്ന് നോക്കിയ നബിصلى الله عليه وسلمതങ്ങള്‍ ഞെട്ടിത്തെറിച്ചു. സഞ്ചിയില്‍ ഒരു മാലയാണ്‌. തന്റെ പ്രിയ പത്നിയുടെ കഴുത്തില്‍ എപ്പോഴും കണ്ടു കൊണ്ടിരുന്ന അമൂല്യമാല. തിരുനബിയുടെ കണ്ണുകള്‍ നിറഞ്ഞു. അങ്ങേയറ്റത്തെ സങ്കടം അവിടുത്തെ മുഖത്ത് കാണുന്നു. തന്റെ എല്ലാമെല്ലാമായിരുന്ന പ്രിയതമയുടെ മാല. മകളുടെ വിവാഹ സമയത്ത് അവര്‍ മകള്‍ക്ക് നല്‍കിയ സമ്മാനം. ആ അപൂര്വ്വ മാലയാണ്‌ മകള്‍ ഭര്‍ത്താവിന്റെ മോചനത്തിനായി കൊടുത്തയച്ചിരിക്കുന്നത്. ഒരുപാട് ഓര്‍മ്മകള്‍ ആ ഹൃത്തടത്തില്‍ തികട്ടി വന്നു. കണ്ടു നില്‍ക്കുന്ന സ്വഹാബത്തും കണ്ണു തുടക്കുന്നു. നബിصلى الله عليه وسلمഎന്ത് പറഞാലും സ്വീകരിക്കാമെന്ന രൂപത്തില്‍ അവര്‍ മൂകരായി നിന്നു.

അവിടുന്ന് അതാ കാരുണ്യത്തിന്റെയും ദയയുടെയും അനുകമ്പയുടെയും വാക്കുകള്‍ ഉരുവിടുന്നു.





... إنْ رَأيْتُمْ أنْ تُطْلِقُوا لَهَا أسِيرَهَا وَتَرُدُّوا عَلَيْهَا مالها ... (رواه أبو داود رحمه الله رقم 2693




" പറ്റുമെങ്കില്‍ നിങ്ങള്‍ സൈനബയുടെ ഭര്‍ത്താവിനെ വിട്ടയക്കുക. അവരുടെ ഈ മോചനദ്രവ്യം അവര്‍ക്ക് തന്നെ തിരിച്ച് കൊടുക്കുകയും ചെയ്യുക. "


എല്ലാവരും ഒരേ സ്വരത്തില്‍ പറഞു.





فقالوا: نعم يا رسول الله ، فأطلقوه، وردوا عليها الذي لها.





" അതെ അല്ലാഹുവിന്റെ പ്രവാചകരേ , ഞങ്ങളവരെ വിട്ടയക്കാം.. മാല തിരിച്ചു നല്‍കി അവരെ വെറുതെ വിട്ടയച്ചു.


മഹതി ഖദീജ ബീവിرضي الله عنهاതിരുനബിയുടെ ഹൃദയത്തെ എത്രമാത്രം ആഴത്തില്‍ സ്വാധീനിച്ചിരുന്നു , അവരെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നതിന്‌ ഇതിലും വലിയ ഒരു തെളിവ് ആവശ്യമുണ്ടോ ?

സഹനത്തിന്റെ മാതൃക

മഹതി ഖദീജرضي الله عنها യുടെ തുല്യതയില്ലാത്ത ക്ഷമയുടെയും സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും മറ്റൊരു രേഖയാണ്‌ ഖുറൈശികള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ അവര്‍ സധൈര്യം പ്രതിരോധിച്ചുവെന്നത്.

ഇസ്‌ലാമിന്റെ അനുദിനമുള്ള വര്‍ളര്‍ച്ചയും ഉമര്‍رضي الله عنه നെപ്പോലുള്ള പ്രമുഖരുടെ ഇസ്‌ലാമാശ്‌ളേശവും സഹിക്കാന്‍ കഴിയാതെ ഖുറൈശികള്‍ നബിصلى الله عليه وسلم ക്കും കുടുംബമയ ബനൂമുത്തലിബിനും ബനൂഹാഷിമിനുമെതിരെ സാമൂഹിക ഉപരോധമേര്‍പ്പെടുത്തി. അവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തി. അത്പോലെ അവരുമായി വിവാഹ ബന്ധങ്ങളിലേര്‍പ്പെടുന്നതിനും വിലങ്ങിട്ടു. ക‌അ്‌ബക്ക് കിഴക്ക് വശമുള്ള മലഞ്ചെരുവില്‍ മൂന്ന് വര്‍ഷത്തോളം ബന്ധികളാക്കി ' ശിഅ്‌ബ് അലി' എന്ന പേരിലറിയപ്പെടുന്ന ആ പ്രദേശം മക്കയി ഇന്നും പ്രസിദ്ധമാണ്‌. ആ കുടുംബം എല്ലാ അര്‍ഥത്തിലും ഒറ്റപ്പെട്ടു.

ഖദീജ ബീവി رضي الله عنها നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അത്. കാരണം ഭക്ഷണ സാധനങ്ങള്‍ പുറത്ത് നിന്ന് വാങ്ങുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലാത്ത കൃഷിയോഗ്യമല്ലാത്ത ഭൂപ്രദേശമാണ്‌ മക്ക. അത് കൊണ്ട് ഈ ഉപരോധം അവരുടെ ജീവനു തന്നെ ഭീഷണിയായി മാറി. പക്ഷെ മഹതി അതും ധീരതയോടെ ഏറ്റെടുത്തു. കറകളഞ്ഞ ഈമാനിലധിഷ്ഠിതമായ , വിവരണാതീതമായ ആ സ്നേഹം വല്ലാത്ത മാതൃകയാണ്‌ ലോകത്തെങ്ങുമുള്ള മുസ്‌ലിം കുടുംബിനികള്‍ക്ക്.

മക്കയിലെ ഏറ്റവും കുലീനയും സമ്പന്നയുമായ വനിത. ലോകഗുരുവായ തിരുനബിصلى الله عليه وسلم യുടെ പ്രിയ പത്നി . പ്രിയതമനും അനുചരന്മാര്‍ക്കുമൊപ്പം ആഴ്ചകളോളം ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കേണ്ടി വരിക. ദിവസങ്ങളോളം ഇലകള്‍ തിന്നുന്നത് കാരണം ആടുകളുടെ കാഷ്ടം പോലെയായിരുന്നു ഞങ്ങള്‍ വിസര്‍ജ്ജിച്ചിരുന്നത് എന്ന് ആ സംഭവത്തെ കുറിച്ച് സഹാബത്ത് വിവരിച്ചത് കാണാം

مَا لَنَا طَعَامٌ إِلاَّ وَرَقُ الشَّجَرِ. حَتَّى قَرِحَتْ أَشْدَاقُنَا . فَالْتَقَطْتُ بُرْدَةً فَشَقَقْتُهَا بَيْنِي وَبَيْنَ سَعْدِ بْنِ مَالِكٍ. فَاتَّزَرْتُ بِنِصْفِهَا وَاتَّزَرَ سَعْدٌ بِنِصْفِهَا (مسلم 7384

62 വയസ് കഴിഞ മഹതി എന്ത് കൊണ്ടും വിശ്രമിക്കേണ്ടുന്ന കാലം ഭര്‍ത്താവിനെ വിട്ടേച്ച് വരികയാണെങ്കില്‍ സുഖസമ്പൂര്‍ണ്ണമായ ജീവിതം ഓഫര്‍ ചെയ്യുന്ന സ്വകുടുംബം മറുഭാഗത്ത്. അവിടെയാണ്‌ തിരുനബിصلى الله عليه وسلم യുടെ പ്രിയ പത്നി ഖദീജ ബീവിرضي الله عنها യുടെ സ്നേഹവും സഹനവും ക്ഷമയും മുസ്‌ലിം സഹോദരിമാര്‍ മാതൃകയാക്കേണ്ടത്

സഹനത്തിന്റെ ഉദാത്ത മാതൃക


മക്ക ഉപരോധ കാലത്താണ്‌ മുസ്‌ലിംകളുടെ ആദ്യ സംഘം ഹബഷയിലേക്ക് ഹിജ്‌റ പോയത്. എന്നാല്‍ അതിലൊന്നും പങ്കെടുക്കാതെ മഹതി ഖദീജرضي الله عنها ഭൗതികമായ എല്ലാ സുഖ സൗകര്യങ്ങളും വെടിഞ്ഞ് തിരുനബിصلى الله عليه وسلم യുടെയും സമരധീരരായ സ്വഹാബത്തിന്റെയും കൂടെ ക്ഷമയോടെ എല്ലാ സ്നേഹവും തിരുനബിക്ക് നല്‍കി കഴിച്ച് കൂട്ടി. തന്റെ ധനം മുഴുവനും തിരുനബിصلى الله عليه وسلم യുടെയും സ്വഹാബത്തിന്റെയും രക്ഷയ്ക്കായി ചിലവഴിച്ചു. കിട്ടുന്ന മാര്‍ഗങ്ങളിലൂടെയൊക്കെ അവര്‍ക്ക് വേണ്ടി ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കുകയും ഉപരോധ ഭൂമിയിലുള്ള വിശ്വാസികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. മഹതിയുടെ ഈ അകമഴിഞ്ഞ സഹായവും അത്യസാധാരണ ധീരതയും മൂലം മൂന്ന് വര്‍ഷക്കാലം നീണ്ടു നിന്ന ഉപരോധമവസാനിക്കുമ്പോള്‍ സ്വഹാബത്തിനും തിരുനബിصلى الله عليه وسلم ക്കും കൂടുതല്‍ വീര്യവും ആവേശവും ഈമാനും കൈവരികയാണ്‌ ചെയ്തത്.

മൂന്ന് വര്‍ഷക്കാലം നീണ്ട ഉപരോധത്തിനു മുന്നില്‍ മലപോലെ ഉറച്ച് നിന്നപ്പോഴേക്കും 65 വയസ്സ് കഴിഞ്ഞ ഖദീജرضي الله عنهاക്ഷീണിച്ച് അവശയായിരുന്നു. ശരീരം പറ്റെ ശോഷിച്ചു. നബികുടുംബത്തിലെ ആദ്യത്തെ രക്തസാക്ഷി എന്ന് വേണമെങ്കില്‍ നമുക്കവരെ വിശേഷിപ്പിക്കാം

ഈ ഉമ്മായുടെ ക്ഷമയുടെയും സഹനത്തിന്റെയും സ്നേഹത്തിന്റെയും മുമ്പില്‍ പകരം വെക്കാന്‍ നമുക്കെന്താണുള്ളത് ? ഒരു തുള്ളി വിയര്‍പ്പെങ്കിലും .... ദിവസം ഒരു പത്തു നിമിഷമെങ്കിലും ഇസ്‌ലാമിനു വേണ്ടി ..!!

വഫാത്ത്
പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഖദീജബീവിرضي الله عنهاഈ ലോകത്തോട് വിട പറയാനുള്ള തയ്യാറെടുപ്പിലായിരുന്നു. സ്ത്രീ ലോകത്തിന്റെ മാതൃകാ വനിതയും മുസ്‌ലിംകളുടെ മാതാവുമായ മഹതി വിട പറയുമ്പോള്‍ , ഉമര്‍ رضي الله عنه , ഹംസرضي الله عنه തുടങ്ങിയ ശക്തരും പ്രഗല്‍ഭരുമായ , തിരുനബിയെ എല്ലാ നിലയിലും സം‌രക്ഷിക്കാന്‍ പറ്റിയ ശക്തമായ ഒരു മുസ്‌ലിം പടയെ തന്നെ സജ്ജരാക്കിയിരുന്നു.. പക്ഷെ തിരുനബിصلى الله عليه وسلم യെ സംബന്ധിച്ചിടത്തോളം ഈ വേര്‍പാട് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.

വഫാത്ത്
ഖദീജബീവിرضي الله عنها യുടെയും , ശത്രുക്കള്‍ക്ക് മുന്നില്‍ വന്‍‌മതിലായി നിലയുറച്ച് നിന്ന പിതൃവ്യന്‍ അബൂതാലിബിന്റെയും വേര്‍പാട് ഒരേ വര്‍ഷത്തിലായിരുന്നു. അത് കൊണ്ട് തന്നെ ആ വര്‍ഷം 'ദുഖവര്‍ഷം'عام الحزن പേരിലായിരുന്നു അറിയപ്പെട്ടത്.

സാന്ദര്‍ഭികമായി മനസിലാക്കേണ്ട മറ്റൊരു യാഥാര്‍ഥ്യം , അല്ലാഹുവിന്റെ സൃഷ്ടികളില്‍ ശ്രേഷ്ഠരായ തിരുനബിصلى الله عليه وسلم ദ‌അവാ രംഗത്ത് ഇത്രയും പ്രയാസങ്ങള്‍ സഹിച്ചത് നമുക്കൊക്കെ മാതൃകയാവാന്‍ വേണ്ടിയാണ്‌. ഒരു പ്രയാസവുമില്ലാതെ കാര്യങ്ങള്‍ സാധിപ്പിച്ച് കൊടുക്കാന്‍ അല്ലാഹുവിന്‌ കഴിയുമല്ലോ

ഈ പ്രയാസങ്ങളൊക്കെ വിട്ടു പോകാനും കൂടുതല്‍ ആവേശവും സന്തോഷവുമുണ്ടാവാനുമുതകുന്ന പല അനുഗ്രഹങ്ങളും അല്ലാഹു പിന്നീട് തിരുനബിക്ക് ചെയ്ത് കൊടുത്തിട്ടുണ്ട്. അതില്‍ സുപ്രധാനമാണ്‌ ഇസ്‌റാഉം മി‌അ്‌റാജും (ആകാശാരോഹണം) ഒരു സൃഷ്ടിക്ക് പ്രാപിക്കാന്‍ കഴിയാത്ത ഐതിഹാസിക സംഭവമായിരുന്നു ആ ബഹിരാകാശ യാത്ര.

മറ്റൊരു സുപ്രധാന മാറ്റത്തിന്റെ ഘടകമായിരുന്നു ഹിജ്‌റ. അതോടു കൂടി വിജയത്തിന്റെ പടികള്‍ ഓരോന്നായി കയറുകയായിരുന്നു. ആദ്യകാലത്തുണ്ടായ പ്രയാസങ്ങള്‍ക്ക് സമാനമായ പ്രശ്നങ്ങള്‍ പിന്നീടുണ്ടായില്ല. അവിടെയാണ്‌ ഖദീജ ബീവിയുടെ സേവനത്തിന്റെ വലുപ്പം മനസിലാവുക.

മഹതിയുടെ ഖബറിലിറങ്ങി ആ പുണ്യശരീരം ഖബറില്‍ വെച്ച് തിരുനബി എഴുന്നേല്‍ക്കുമ്പോള്‍ ദു:ഖഭാരം കൊണ്ട് കണ്ണുനീര്‍ തുടക്കുകയും അവര്‍ക്ക് വേണ്ടി ദുആ ചെയ്യുന്നുമുണ്ടായിരുന്നു. മഹതിയോടുള്ള സ്നേഹം എന്നും അവിടുത്തെ ഹൃദയത്തിലും ,ഓര്‍മ്മയിലും സൂക്ഷിച്ച് വെച്ചു. ഏറ്റവും നല്ല കുടുംബിനി, മികച്ച കൂട്ടുകാരി, എല്ലാം തികഞ്ഞ സ്ത്രീ എന്നീ നിലകളിലൊക്കെ മഹതി തിളങ്ങി.

അതാണ്‌ തിരുനബിصلى الله عليه وسلم മഹതിയെകുറിച്ച് ഇങ്ങനെ പ്രശംസിച്ചത്.

إِنِّي قَدْ رُزِقْتُ حُبَّهَا (صحيح مسلم



ഖദീജയോടുള്ള സ്നേഹം എന്നില്‍ ഊട്ടിയുറപ്പിക്കപ്പെട്ടിരിക്കുന്നു

പ്രിയ വായനക്കാരെ, തിരുനബി സ്നേഹിക്കുന്നവരെ ഇഷ്ടം വെച്ചാല്‍ തിരുനബിയുടെ സ്നേഹം ലഭിക്കുമെന്നത് ഉറപ്പാണല്ലോ.., മഹതി ഖദീജ ബീവിയെ സ്നേഹിക്കുകയും ആദരിക്കുകയും ,പ്രശംസിക്കുകയും ചെയ്യുക. ഫാതിഹയും ,യാസീനും ഓതി ഹദ്‌യ ചെയ്യുക. മക്കയില്‍ പോകുമ്പോള്‍ മഹതിയെ മറക്കാതെ സിയാറത്ത് ചെയ്യുക. മഹതിയുടെ ഖബറിന്റെ ഫോട്ടോ താഴെ Add Video
 
 
 മക്കയിലെ 'അല്‍-മുഅല്ലയില്‍' സ്ഥിതി ചെയ്യുന്ന ഖദീജ ബീവിയുടെ ഖബറിടം (പുതിയ രൂപം) 
മക്കയിലെ 'അല്‍-മുഅല്ലയില്‍' സ്ഥിതി ചെയ്യുന്ന ഖദീജ ബീവിയുടെ ഖബറിടം(പഴയ രൂപം) 
ഉമ്മയോട്

ഈ ഉമ്മയെകുറിച്ച് ഇനിയുമൊരുപാട് എഴുതാനുണ്ട് ..തത്കാലം ഇവിടെ ചുരുക്കുന്നു

വിശ്വാസികളുടെ പ്രിയ മാതാവേ, അങ്ങയെ കുറിച്ച് എത്ര എഴുതിയാലും മതിവരില്ല.

ഞങ്ങളുടെ നേതാവ് തിരുനബിصلى الله عليه وسلمയോട് ആദ്യമായി വിശ്വസിച്ച് ഐക്യം പ്രഖ്യാപിച്ചത് ഉമ്മയാണല്ലോ ..

ആദ്യമായി അവരോടൊന്നിച്ച് നിസ്കരിച്ചതും ഉമ്മ തന്നെ...

മറ്റാരും സഹായിക്കാനില്ലാത്ത ഘട്ടത്തില്‍ ഉമ്മയാണല്ലോ ധനവും ജീവിതവും നല്‍കി ആ നേതാവിനെ സഹായിച്ചത്...

സത്യനിഷേധികളുടെ ആക്രമണം ശക്തമായപ്പോള്‍ അങ്ങായിരുന്നല്ലോ അവിടുത്തേക്ക് തണലായത്


ആദ്യമായി ദിവ്യസന്ദേശം ലഭിച്ച ആഘാതത്തില്‍ പേടിച്ച് വിറച്ച് കൊണ്ട് വീടണഞ്ഞ ആ നേതാവിനെ പുതപ്പിച്ച് കൊടുത്ത് സമാധാനിപ്പിച്ചത് ഉമ്മയായിരുന്നല്ലോ

ഉമ്മാ ... ഒരു വിശ്വാസിക്ക് എങ്ങിനെ മറക്കാന്‍ കഴിയും.. പടച്ച തമ്പുരാന്‍ ഉമ്മാക്ക് സലാം പറഞ്ഞയച്ചില്ലേ ...

ഉമ്മയെ ആദരിച്ച് സ്വര്‍ഗത്തില്‍ അല്ലാഹു പ്രത്യേക ഭവനം പണിതില്ലേ..

ഒരു ഭാര്യയെ എങ്ങിനെയാണ്‌ സ്നേഹിക്കേണ്ടതെന്നും ഒരു ഭര്‍ത്താവിനെ എങ്ങിനെയാണ്‌ ആദരിച്ച് സം‌രക്ഷിക്കേണ്ടതെന്നും ‍ രണ്ടു പേരും ലോകത്തിനു കാണിച്ചു തന്നു.

ഞങ്ങളോരോരുത്തരിലും ഉമ്മയോടുള്ള കടപ്പാടുകളുണ്ട്.. മക്കാളായ ഞങ്ങള്‍ ചെയ്യേണ്ടിയിരുന്ന കാര്യങ്ങളാണല്ലോ ഉമ്മാ ഒറ്റയ്ക്ക് ചെയ്ത് തീര്‍ത്തത്

ഈ എളിയവനെയും ,ഇത് വായിച്ച വായനക്കാരെയും, അതിനു സഹായിച്ചവരെയും ഞങ്ങളുടെ കുടുംബങ്ങളെയും ഉമ്മാടെ ഇഷ്ടപ്പെട്ട അനുസരണയുള്ള മക്കളായി അംഗീകരിച്ചാലും...

പ്രിയ ഉമ്മാ, അങ്ങയുടെ വിയോഗത്തിനു വര്‍ഷങ്ങള്‍ക്ക് ശേഷം ഉമ്മ കഴുത്തിലണിഞ്ഞിരുന്ന ഒരു മാല കണ്ടപ്പോഴേക്കും ഉമ്മാടെ പ്രിയതമനായ ,ഞങ്ങളുടെ ആദര പിതാവ് ഹൃദയം പൊട്ടിക്കരയാന്‍ മാത്രം കാരുണ്യവും അനുകമ്പയും ഉള്ളവരാണല്ലോ..... ആ കാരുണ്യവാനായ പിതാവിന്റടുക്കല്‍ പാപികളായ ഞങ്ങളുടെ കാര്യം ഉമ്മ പറയണേ...


പാപപങ്കിലമായ ശരീരവുമായി ലക്ഷ്യമറിയാതെ മഹ്‌ശറില്‍ എങ്ങോട്ടെന്നില്ലാതെ ഞങ്ങളോടുമ്പോള്‍ പ്രിയ ഉമ്മാ, അങ്ങയുടെ ഹൃദയം കനിയില്ലേ.. ഞങ്ങളെ കൈപിടിച്ച് തിരുനബിയുടെയടുക്കല്‍ കൊണ്ടുപോയി അവിടുത്തെ ശഫാ‌അത്ത് വാങ്ങിതരില്ലേ.. അമ്പിയാക്കള്‍ പോലും 'നഫ്സി നഫ്സി ' എന്ന് വേവലാതിപ്പെടുന്ന ആ ഭയങ്കര ദിനത്തില്‍ അങ്ങയുടെ പ്രിയതമനാണല്ലോ ശ‌ഫാഅത്തിനു സര്വ്വാധികാരം.. ഇല്ല, ഞങ്ങളൊരിക്കലും അന്ന് ഉമ്മാടെ കൈ വിടില്ല ഉമ്മാ......


ഉമ്മാ....
رَضِيَ اللهُ عَنْكِ

جَزَاكِ اللهُ عَنَّا وَعَنِ الْمُسْلِمِينَ خَيْرَ الْجَزَاءِ

رَحِمَكِ الله . وَرَحِمَ آلَ بَيْتِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَجْمَعِينْ
.. وَأُمَّةَ سَيِّدِنَا مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ